job-vacancy

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബം വീട്ടുജോലിക്കാരെ തേടുന്നതിനായി അപേക്ഷ ക്ഷണിച്ച വാർത്തയാണ് ഇപ്പോൾ അന്തർദ്ദേശീയ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ജോലി ലഭിക്കുന്നവർക്ക് ആകർഷകമായ ശമ്പളമടക്കമാണ് കാത്തിരിക്കുന്നത്. രാജകുടുംബത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജോലിയിൽ പ്രവേശിക്കുന്നവർക്ക് തുടക്കത്തിൽ 19,140.09 പൗണ്ട് 18.5 ലക്ഷം ഇന്ത്യൻ രൂപയായിരിക്കും ശമ്പളമായി ലഭിക്കുന്നത്. ജോലിയ്ക്കായി തിരഞ്ഞെടുക്കപ്പെടുന്നവർ കൊട്ടാരത്തിൽ തന്നെ താമസിക്കണം. കൊട്ടാരത്തിലെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് രാജകീയമായി തന്നെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കഴിയാം. ജോലിക്ക് ആവശ്യമായ പരിശീലനം കൊട്ടാരത്തിൽ നിന്ന് ലഭിക്കും. കൊട്ടാരത്തിനകത്തെ കാര്യങ്ങൾ എല്ലാം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാന ജോലി.

ആദ്യം13 മാസം പരിശീലനം ലഭിക്കും. കൊട്ടാരത്തിന്റെ കാര്യങ്ങൾ കൃത്യമായി അറിയാൻ വേണ്ടിയാണ് പരിശീലനം നൽകുന്നത്. തുടർന്ന് മുഴുവൻ സമയ ജോലിക്കാരായി നിയമിക്കും. വീട്ടുജോലിയിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. കൂടാതെ, അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷിലും കണക്കിലും യോഗ്യത വേണം. വിൻഡ്‌സർ കാസിലിലാണ് നിയമനമെങ്കിലും ചിലപ്പോൾ ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിക്കായി പോകേണ്ടി വരും.

ഒരു വർഷത്തിൽ 33 ദിവസം അവധി ലഭിക്കും. എന്നാൽ ജോലി ലഭിക്കുന്നത് അത്ര എളുപ്പമല്ലെന്ന് രാജകുടുംബത്തിലേക്ക് ജോലിക്കായി ആളെ റിക്രൂട്ട് ചെയ്യുന്ന സിൽവർ സ്വാൻ റിക്രൂട്ട്മെന്റ് ഏജൻസി പറയുന്നു. രാജകുടുംബത്തിന് യോജിക്കുന്ന, അവരുടെ രീതികളോട് പൊരുത്തപ്പെടാൻ കഴിയുന്ന ഒരാളെ കണ്ടെത്തണം. കൊട്ടരത്തിലെ കാര്യങ്ങൾ വ്യത്യസ്ഥമാണ്. യോഗ്യതയേക്കാൾ പരിശീലനത്തിന് ആണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും സിൽവർ സ്വാൻ റിക്രൂട്ട്മെന്റ് ഏജൻസി എം.ഡി സ്മിത്ത് പറയുന്നു.