mercedes-burned

വാഹനപ്രേമികളുടെ സ്വപ്നവാഹനങ്ങളില്‍ ഒന്നാകും മെഴ്സിഡസ്. ഒരിക്കല്‍ ഞാനും ഒരു ബെന്‍സ് വാങ്ങും എന്ന് ചിന്തിക്കാത്തവര്‍ ചുരുക്കം അല്ലെ? ഇതേ രീതിയില്‍ ഒരു മെഴ്സിഡസ് ബെന്‍സ് വാങ്ങിയതാണ് റഷ്യന്‍ യൂട്യൂബര്‍ ആയ മിഖായില്‍ ലിറ്റ്വിന്‍ (മിഷ).കറുപ്പ് നിറത്തിലുള്ള മെഴ്സിഡീസിന്റെ സ്പോര്‍ട്ടി സെഡാന്‍ ആയ എഎംജി ജിടി63യാണ് ലിറ്റ്വിന്‍ വാങ്ങിയത്. പക്ഷെ ഈ കാര്‍ വാങ്ങിയതിന് ശേഷം ധാരാളം പ്രശ്‌നങ്ങള്‍ ലിറ്റ്വിന്‍ നേരിട്ടു.

പുത്തന്‍ വണ്ടി വാങ്ങി ആദ്യ പ്രശ്‌നം വന്നപ്പോള്‍ തൊട്ടടുത്ത മെഴ്സിഡസ് ഡീലര്‍ഷിപ്പില്‍ ചെന്ന് വാഹനം ശരിയാക്കി. എന്നാല്‍ പിന്നീട് ഇതൊരു തുടര്‍ക്കഥയായി അഞ്ചില്‍ കൂടുതല്‍ തവണ പ്രശ്‌നങ്ങളുമായി ലിറ്റ്വിന്‍ മെഴ്സിഡസ് സര്‍വീസ് സെന്ററിലെത്തിയതോടെ കമ്പനി ഇനി നന്നാക്കി തരില്ല എന്ന് വ്യക്തമാക്കി. ഇതോടെ ആറ്റുനോറ്റുവാങ്ങിയ മെഴ്സിഡസ് ഒരു ശല്യമായി ലിറ്റ്വിന്.


സാധാരണ ഗതിയില്‍ ഇങ്ങനെയുള്ള വണ്ടി കിട്ടുന്ന വിലയ്ക്ക് കൊടുത്തൊഴിവാക്കാനാണ് എല്ലാവരും ശ്രമിക്കുക. യൂട്യൂബര്‍ ആയതുകൊണ്ട് ഒരുപക്ഷേ മെഴ്സിഡീസിന്റെ മോശം സര്‍വീസിനെപ്പറ്റി ഒരു വീഡിയോയും ലിറ്റ്വിനില്‍ നിന്നും പ്രതീക്ഷിക്കാം. അതേസമയം, ലിറ്റ്വിന്‍ ഇതൊന്നുമല്ല ചെയ്തത്. വില കൊടുത്തുവാങ്ങിയ കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. എന്നിട്ട് സ്വന്തം യൂട്യൂബ് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തു.


7.30 മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോയില്‍ ലിറ്റ്വിന്‍ കാർ ഓടിച്ചു ഒരു വിജനമായ സ്ഥലത്ത് വരുന്നത് കാണാം. തുടര്‍ന്ന് ഡിക്കി തുറന്നു പെട്രോള്‍ കാനുകള്‍ പുറത്തെടുത്ത് കാറിനു മുകളില്‍ ഒഴിക്കുന്നതും മാറി നിന്ന് സിനിമ സ്‌റ്റൈലില്‍ ലൈറ്റര്‍ ഉപയോഗിച്ച് കാര്‍ കത്തിക്കുന്നതും കാണാം. അതിനു ശേഷമാണ് ഏറ്റവും രസകരമായ ഭാഗം. മെഴ്സിഡസ് കത്തിയമരുമ്പോള്‍ ഒരു പഴയ ലാട കാറില്‍ കയറി സ്ഥലം കാലിയാക്കാന്‍ നോക്കും ലിറ്റ്വിന്‍. പക്ഷെ വണ്ടി സ്റ്റാര്‍ട്ട് ആവുന്നില്ല. ഒടുവില്‍ ക്യാമറ ക്രൂ ലാട തള്ളി സ്റ്റാര്‍ട്ട് ചെയ്താണ് ലിറ്റ്വിന്‍ സ്ഥലം വിടുന്നത്.


മെഴ്സിഡസ് കത്തിക്കുന്ന വീഡിയോ എന്തായാലും വൈറല്‍ ആണ്. മെഴ്സിഡസ് തല്ലിപ്പൊളി വണ്ടിയായതുകൊണ്ടാണ് കത്തിച്ചത് എന്ന് ലിറ്റ്വിന്റെ വാദം എങ്കിലും ശ്രദ്ധ പിടിച്ചുപറ്റാന്‍ യൂട്യൂബര്‍ ചെയ്ത പബ്ലിസിറ്റി സ്റ്റണ്ട് ആണ് ഇതെന്നാണ് ഏറെപ്പേരുടെയും അഭിപ്രായം.