
പത്തനംതിട്ട: വൃശ്ചികം പുലരാൻ 18 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശബരിമലയിൽ ലേലം പോയത് ഒരു കടമുറി മാത്രം. ഈ മാസം 22ന് നടത്തിയ ഇ-ലേലത്തിൽ 216 ഇനങ്ങളിൽ നിന്ന് ഒരു കടമുറി മാത്രമാണ് ലേലം കൊണ്ടത്. വ്യാപാരികളുടെ നിസഹകരണം തന്നെയാണ് നിലവിലെ അവസ്ഥയ‌്ക്ക് കാരണം. കഴിഞ്ഞ തീർത്ഥാടനകാലത്തു വന്ന കനത്തനഷ്‌ടം ഇത്തവണയും താങ്ങാൻ കഴിയില്ലെന്നും, അതിനാൽ വരാൻപോകുന്ന തീർത്ഥാടനകാലത്തും ഒരുമാസ പൂജാകാലത്തും മുൻകരാർ തുടരാൻ അനുവദിക്കണം. അല്ലെങ്കിൽ പോയവർഷം കെട്ടിവെച്ച ലേലത്തുകയിൽ പാതിയെങ്കിലും മടക്കിനൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ആദ്യലേലം നടക്കാത്ത സാഹചര്യത്തിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ തീയതി നിശ്ചയിച്ച് വീണ്ടും ലേലം നടത്താനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. എല്ലാവർഷവും 250 ഇനങ്ങളിൽ ലേലം നടക്കുന്ന ശബരിമലയിൽ ഇത്തവണ കൊവിഡ് കണക്കിലെടുത്ത് ഒന്നിടവിട്ടുള്ള കടകളേ ലേലം ചെയ്യുന്നുള്ളൂ.
കടകൾ ലേലം പോകാതിരുന്നാലുള്ള നഷ്‌ടം ദേവസ്വം ബോർഡിനെ വലിയ രീതിയിൽ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 34.75 കോടിയും, അതിനുമുമ്പ് 45 കോടിയുമാണ് ലേലത്തുകയായി ബോർഡിന് ലഭിച്ചത്. വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും നിലവിലെ സാഹചര്യം മനസിലാക്കി ലേലത്തിൽ പങ്കെടുക്കാൻ അവർ മനസു കാണിക്കണമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു പ്രതികരിച്ചു.