
തിരുവനന്തപുരം: ശിവശങ്കർ നിലവിൽ സംസ്ഥാന സർക്കാരിന്റെ ഭാഗമല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സംസ്ഥാന സർക്കാരിന്റെ ചുമതലയിൽ നിന്നും അദ്ദേഹത്തെ നീക്കിയതാണ്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിന് ഒരു പ്രശ്‌നവുമില്ല. പ്രതിപക്ഷ നേതാവ് കഴിഞ്ഞ രണ്ട് മാസമായി 12 മണിക്ക് നിത്യവും മുഖ്യമന്ത്രി രാജിവയ്‌ക്കണം എന്ന് പറയുന്നു. അതിൽ പുതുമയില്ലെന്നും കാനം പരിഹസിച്ചു.
സാമ്പത്തിക സംവരണത്തെ സംബന്ധിച്ച് പലരും സ്വീകരിക്കുന്ന നിലപാട് കുതിര ആനയെ കണ്ടപോലെയാണ്. നിലവിൽ സംവരണമുളള ആരെയും ബാധിക്കാത്ത രീതിയിലാണ് പുതിയ സംവരണം ഏർപ്പെടുത്തിയത്. എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും ഇതിനെ അനുകൂലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംവരണ വിഷയത്തിൽ കാര്യങ്ങൾ മനസിലാക്കുമ്പോൾ ആശങ്കകൾ മാറും. സീറോ മലബാർ സഭയ്ക്ക് സംവരണ വിഷയത്തിൽ കാര്യങ്ങൾ വ്യക്തമായി എന്നാണ് പ്രതികരണം സൂചിപ്പിക്കുന്നത്. എൻ.എസ്.എസിനെ പ്രീണിപ്പിക്കാനാണോ സാമ്പത്തിക സംവരണം എന്നത് മുല്ലപ്പളളി നരേന്ദ്ര മോദിയോട് ചോദിക്കണം. വിഷയത്തിൽ മുസ്ലിം ലീഗിന്റേത് രാഷ്ട്രീയ ലക്ഷ്യമാണ്. കോൺഗ്രസിന് പോലും ലീഗിനോട് യോജിക്കാൻ പറ്റുന്നില്ല. സംവരണ സമുദായക്കാർ കാര്യങ്ങൾ മനസിലാക്കുമ്പോൾ മുസ്ലീം ലീഗിനെ ഉപേക്ഷിക്കും. എൻ.എസ്.എസ് നിലപാട് പ്രായോഗികമായ പ്രശ്‌നം വരുമ്പോൾ പരിഗണിക്കാമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.