
മനില: വിവാഹ ദിവസം പ്രകൃതി രൗദ്രഭാവം പൂണ്ടാലെന്ത് ചെയ്യും?..വിവാഹം തത്ക്കാലത്തേക്ക് മാറ്റിവയ്ക്കുമല്ലേ..എന്നാൽ ഫിലിപ്പീൻസ് സ്വദേശികളായ റോണിൽ ഗുല്ലിപ്യുടെയും ജിസിൽ മാസ്വേലയും അതിന് തയ്യാറായിരുന്നില്ല. എന്ത് സംഭവിച്ചാലും കല്യാണം മാറ്റിവയ്ക്കില്ലെന്ന് അവർ പ്രതിഞ്ജ ചെയ്തു.
ഫിലിപൈൻസിലെ ഉൾഗ്രാമമായ മേബിനേയ് എന്ന സ്ഥലത്താണ് രംഗം. റോണിലും ജിസിലും വിവാഹത്തിനായി ഒരുങ്ങി പള്ളിയിലേക്ക് ഇറങ്ങിയതായിരുന്നു. പക്ഷെ, കഴിഞ്ഞ ദിവസം വീശിയടിച്ച മൊലവേ കൊടുങ്കാറ്റ് പള്ളിയിലേക്കുള്ള വഴി താറുമാറാക്കിയിരുന്നു.
കല്യാണ സ്യൂട്ടും ഗൗണും ധരിച്ചെത്തിയ വധൂവരന്മാർക്ക് മുന്നിൽ പ്രതിബന്ധമായത് മലവെള്ളപ്പാച്ചിലായിരുന്നു. എങ്കിലും തോറ്റുപിന്മാറാൻ ഇരുവരും തയ്യാറായില്ല. ഗൗൺ പൊക്കിപ്പിടിച്ച് ജിസിലും ഷൂ അഴിച്ചു പാന്റ് പൊക്കി റോണിലും വെള്ളക്കെട്ടിനെ നേരിടാൻ തീരുമാനിച്ചു. തുടക്കത്തിൽ റോണിലിന് സങ്കോചം അനുഭവപ്പെട്ടെങ്കിലും ജിസിൽ റോണിലിന് ധൈര്യം പകർന്നു. ജിസിലിന്റെ ബന്ധുവായ ജോസഫൈൻ സഭാനാൽ ഈ രംഗം മുഴുവൻ ഫോട്ടോയെടുക്കുന്നുണ്ട് എന്ന് മനസിലായതോടെ ഭയം പുറമെ കാട്ടാതെ വധൂവരന്മാർ പുഞ്ചിരി തൂകാനും മറന്നില്ല. കൂടെയുള്ളവരും ഈ ഉദ്യമത്തിൽ പങ്കുചേർന്നു. അങ്ങനെ വധൂവരന്മാരും അതിഥികളും മലവെള്ളപാച്ചിലിനെ തോൽപ്പിച്ച് പള്ളിയിലെത്തി.
എന്തായാലും, മഴയും കാറ്റുമൊന്നും വിവാഹാഘോഷങ്ങളെ ബാധിച്ചില്ല. ചടങ്ങുകളെല്ലാം ഭംഗിയായി നടന്നു. പ്രതിബന്ധങ്ങളെ തരണം ചെയ്ത് വിവാഹം കഴിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ നവദമ്പതികൾ ഇപ്പോൾ.
.