
തിരുവല്ല: മലങ്കര മാർത്തോമ സഭയുടെ 22-ാമത് പരമാദ്ധ്യക്ഷനായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പൊലീത്ത 14ന് സ്ഥാനമേൽക്കുംഡോ. ജോസഫ് മാർത്തോമ്മാ കാലം ചെയ്തതിനെ തുടർന്നാണ് സ്ഥാനാരോഹണം. കൊല്ലം പെരുനാട് അഷ്ടമുടി കിഴക്കേചക്കാലയിൽ ഡോ.കെ.ജെ. ചാക്കോയുടെയും മറിയാമ്മയുടെയും മകനായ തിയഡോഷ്യസ് (ജോർജ് ജേക്കബ്) കഴിഞ്ഞ ജൂലായ് 12നാണ് സഫ്രഗൻ മെത്രാപ്പൊലീത്തയായി അഭിഷിക്തനായത്. `സമൂഹ നവോത്ഥാനത്തിൽ ശ്രീനാരായണഗുരുവിന്റെ സ്വാധീനം` എന്ന വിഷയത്തിൽ കാനഡയിലെ മെക് - മാസ്റ്റർ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. തെക്കൻ തിരുവിതാംകൂറിലെ ഈഴവരുടെ മതപരമായ ജീവിതത്തിലുണ്ടായ മാറ്റവും അവസ്ഥയും എന്ന വിഷയത്തിൽ പ്രബന്ധം തയ്യാറാക്കിയ മാർ തിയഡോഷ്യസ്, ശ്രീനാരായണഗുരു - പ്രവാചക സങ്കല്പത്തിന്റെ കേരളീയ ആവിഷ്കാരം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഭയുടെ റാന്നി-നിലയ്ക്കൽ-മുംബൈ ഭദ്രാസനകളുടെ ചുമതലയും വഹിക്കുന്നു.
തിരുവല്ല മാർത്തോമ്മാ ഓഡിറ്റോറിയത്തിലെ താത്കാലിക മദ്ബഹായിൽ രാവിലെ എട്ടിന് ബിഷപ്പുമാരുടെ കാർമ്മികത്വത്തിൽ കുർബാന മദ്ധ്യേ സ്ഥാനാഭിഷേകം നടക്കും. 11ന് അനുമോദന സമ്മേളനം .