
മോസ്കോ: മോഹിപ്പിക്കും വില കൊടുത്ത് വാങ്ങിയ വാഹനങ്ങൾക്ക് എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നാം അത് ശരിയാക്കാനോ, അല്ലെങ്കിൽ ആ വാഹനം വിൽക്കാനോ ശ്രമിക്കും. എന്നാൽ, റഷ്യൻ യൂട്യൂബർ മിഖായിൽ ലിറ്റ്വിൻ എന്ന മിഷയുടെ പ്രവർത്തിയെക്കുറിച്ച് കേട്ടവരെല്ലാം അമ്പരക്കുകയാണ്. ഒരു ദാക്ഷിണ്യവുമില്ലാതെ തന്റെ പുതു പുത്തൻ മെഴ്സിഡസ് ബെൻസ് അഗ്നിക്കിരയാക്കിയിരിക്കുകയാണ് ല്വിറ്റിൻ.
മെഴ്‌സിഡീസിന്റെ സ്‌പോർട്ടി സെഡാൻ ആയ കറുപ്പ് നിറത്തിലുള്ള എ.എം.ജി ജി.ടി 63യാണ് ല്വിറ്റിൻ സ്വന്തമാക്കിയത്. എന്നാൽ, ആദ്യം മുതൽ തന്നെ കാറിന് ധാരാളം സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. മെഴ്‌സിഡസ് ഡീലർഷിപ്പിൽ ചെന്ന് വാഹനം ശരിയാക്കുന്നത് ഒരു തുടർകഥയായി മാറിയതോടെ കമ്പനി ല്വിറ്റിന്റെ നേരെ മുഖംതിരിക്കാൻ തുടങ്ങി. ഇനി നന്നാക്കി തരില്ലെന്ന് കമ്പനി ല്വിറ്റിനോട് ഉറപ്പിച്ച് പറഞ്ഞു.
ഇതോടെ മെഴ്‌സിഡസ് ഒരു ശല്യമായി മാറി ല്വിറ്റിന്. ഒടുവിൽ, ല്വിറ്റിൻ ആ കടുത്ത തീരുമാനം എടുത്തു. ബെൻസ് അഗ്നിക്കിരയാക്കുക.
ബെൻസ് കത്തിയ്ക്കുന്ന വീഡിയോയും ലിറ്റ്വിൻ പങ്കുവച്ചിട്ടുണ്ട്.
7.30 മിനിറ്റ് ദൈർഖ്യമുള്ള വിഡിയോയിൽ ബെൻസ് ഓടിച്ച് ലിറ്റ്വിൻ ഒരു വിജനമായ സ്ഥലത്ത് വരുന്നത് കാണാം. തുടർന്ന് ഡിക്കി തുറന്നു പെട്രോൾ കാനുകൾ പുറത്തെടുത്ത് കാറിനു മുകളിൽ ഒഴിക്കുന്നതും മാറിനിന്ന് സിനിമ സ്റ്റൈലിൽ ലൈറ്റർ ഉപയോഗിച്ച് കാർ കത്തിക്കുന്നതും കാണാം. കാർ കത്തിയമരുമ്പോൾ ഒപ്പം കൊണ്ടുവന്ന ബാർബിക്യൂ അടുപ്പിൽ സോസേജ് തയ്യാറാക്കി കഴിക്കുകയാണ് ല്വിറ്റിൻ.
മെഴ്‌സിഡസ് കത്തിയമരുമ്പോൾ ഒരു പഴയ കാറിൽ കയറി പോകാൻ ശ്രമിക്കുകയാണ് ല്വിറ്റിൻ. പക്ഷെ വണ്ടി സ്റ്റാർട്ട് ആവുന്നില്ല. ഒടുവിൽ ക്യാമറ ക്രൂവിന്റെ സഹായത്തോടെ കാർ തള്ളി സ്റ്റാർട്ട് ചെയ്താണ് ല്വിറ്റിൻ ഇവിടെ നിന്ന് മടങ്ങുന്നത്.
കാർ മോശമായത് കൊണ്ടാണ് കത്തിച്ചതെന്ന് ല്വിറ്റിൻ വാദിക്കുന്നുണ്ടെങ്കിലും, ശ്രദ്ധ പിടിച്ച് പറ്റാനാണെന്നാണ് വിമർശകരുടെ വാദം.