
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ അന്വേഷണ ഏജൻസികൾ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ തന്നെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പട്ടികജാതി മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവശങ്കറിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുളള അർഹതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ അറിവോടെയും, അനുമതിയോടെയുമാണ് ശിവശങ്കർ എല്ലാ കുറ്റക്യത്യങ്ങളിലും ഇടപാടുകളിലും പങ്കാളിയായിട്ടുളളത്. ശിവശങ്കറിന് സ്വപ്‌നയോടുളള അതേ ബന്ധം മുഖ്യമന്ത്രിക്കുമുണ്ട്. സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്നതിൽ ശിവശങ്കറിന് ബന്ധമുണ്ട്. മുഖ്യമന്ത്രിയിൽ മന്ത്രിമാരേക്കാൾ സ്വാധീനം ശിവശങ്കറിനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചീഫ് സെക്രട്ടറിയെ വരെ നിയന്ത്രിക്കാനും സ്വന്തം നിലയ്ക്ക് അന്താരാഷ്ട്ര കരാറുകൾ പോലും ഒപ്പിടാനുമുള്ള സ്വാതന്ത്ര്യവും വരെ ശിവശങ്കറിന് മുഖ്യമന്ത്രി നൽകിയിരുന്നു. ലൈഫ് മിഷൻ, സ്‌പ്രിൻക്ലർ, സ്വർണക്കടത്ത് തുടങ്ങി എല്ലാ നിയമവിരുദ്ധ ഇടപാടുകളിലും, ശിവശങ്കർ കരുക്കൾ നീക്കിയത് മുഖ്യമന്ത്രിക്കും, സി.പി.എം നേതൃത്വത്തിനും വേണ്ടിയാണ്.
സ്വർണക്കടത്ത് കേസിന്റെ തുടക്കം മുതൽ കേസ് അട്ടിമറിക്കാനും, തെളിവുകൾ നശിപ്പിക്കാനുമാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. ശിവശങ്കറിന്റെ കസ്റ്റഡിയോടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുകയാണ്. അടിയന്തിരമായി സർക്കാർ രാജിവച്ച് മുഖ്യമന്ത്രി അന്വേഷണം നേരിടണമെന്നും സുധീർ ആവശ്യപ്പെട്ടു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത് സംസാരിച്ചു. പ്രശാന്ത് മുട്ടത്തറ, പാറയിൽ മോഹനൻ, പുഞ്ചക്കരി രതീഷ് എന്നിവർ മാര്‍ച്ചിന് നേത്യത്വം നൽകി. മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.