
വാഷിംഗ്ടൺ: 2020ൽ തന്നെ കൊവിഡ് വാക്സിൻ നൽകാമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫിസർ. ക്ലിനിക്കൽ പരിശോധന തുടരുകയും വാക്സിന് അനുമതി ലഭിക്കുകയും ചെയ്താൽ ഇൗ വർഷം തന്നെ 40 മില്ല്യൺ ഡോസ് വാക്സിൻ അമേകരിക്കയിൽ വിതരണം ചെയ്യാനാകും. മാർച്ച് 2021 ഒാടെ 100 മില്ല്യൺ ഡോസ് മരുന്ന് വിതരണം ചെയ്യാനാകുമെന്നും ഫിസർ ചീഫ് എക്സിക്യൂട്ടീവ് ആലബർട്ട് ബൗർല പറഞ്ഞു. അതേസമയം വാക്സിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിൽ കമ്പനി ഇപ്പോഴും പ്രധാന ഘട്ടത്തിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒന്നിലധികം വാക്സിനുകൾ ഫിസർ നിർമിക്കുന്നുണ്ടെന്നാണ് നേരത്തേ പുറത്തുവന്ന വിവരം. ബയോഎൻടെക് എന്ന ജർമൻ കമ്പനിയുമായി ചേർന്നാണ് ഫിസറിന്റെ വാക്സിൻ നിർമാണം. പ്രാഥമിക പരീക്ഷണങ്ങളിൽ വാക്സിൻ ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്നതിനലും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലും വിജയകരമായിരുന്നു.