
കാസർകോട്: അധോലോക നായകൻ രവി പൂജാരിയെ പ്രമാദമായ ബേവിഞ്ച വെടിവയ്പ് കേസിൽ ക്രൈംബ്രാഞ്ചിന്റെ ഭീകരവിരുദ്ധ സ്‌ക്വോഡ് പ്രതിചേർത്തു. കാസർകോട് ബേവിഞ്ചയിലെ കരാറുകാരൻ എം.ടി. മുഹമ്മദ് കുഞ്ഞിയുടെ വീടിനുനേരെ രണ്ടുതവണ വെടിവയ്പ് ഉണ്ടായ കേസിലാണ് രവി പൂജാരിയെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ അബ്ദുൾ റഹീമിന്റെ നേതൃത്വത്തിലുള്ള ഉത്തരമേഖല ഭീകരവിരുദ്ധ സ്‌ക്വോഡ് (എ.ടി.എസ് ) കാസർകോട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. രവി പൂജാരിയെ അറസ്റ്റ് ചെയ്യാൻ സി.ഐ അബ്ദുൽ റഹീമും സംഘവും ഉടൻ ബംഗളൂരുവിലെ ജയിലിലേക്ക് പോകും.ബംഗളൂരുവിൽ കഴിഞ്ഞ ദിവസം വെടിയേറ്റു മരിച്ച മനീഷ് ഷെട്ടിയും മുഹമ്മദ് കുഞ്ഞിയുടെ വീടിനുനേരെ വെടിവച്ച കേസിൽ പ്രതിയായിരുന്നു. പമ്പ് ഉടമയായ മനീഷ് ഷെട്ടിയെ ബംഗളൂരു ബ്രിഗേഡ് റോഡിലെ ഡ്യുയറ്റ് ബാറിനുമുന്നിൽ വച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് കൊലപ്പെടുത്തിയത്.
കോടികൾ ആവശ്യപ്പെട്ട് 2008 ലും 2013 ലുമാണ് കരാറുകാരന്റെ വീടിനുനേരെ രവിപൂജാരിയുമായി ബന്ധപ്പെട്ട ആളുകൾ വെടിവയ്പ് നടത്തിയത്. സെനഗലിൽ നിന്നു മുഹമ്മദ് കുഞ്ഞിയുടെ മൊബൈൽ ഫോണിലേക്കു വന്ന ഫോൺ കാളാണ് രവി പൂജാരിയെ പ്രതിചേർക്കുന്നതിന് പ്രധാന തെളിവായത്. വെടിവയ്പ് നടക്കുന്നതിനു ദിവസങ്ങൾക്കുമുമ്പാണ് പണം ആവശ്യപ്പെട്ട് രവി പൂജാരി മുഹമ്മദ് കുഞ്ഞിയെ വിളിച്ചത്. അതിനു തൊട്ടുപിന്നാലെ രവി പൂജാരിക്കുവേണ്ടി മനീഷ് ഷെട്ടിയും മുഹമ്മദ് കുഞ്ഞിയെ വിളിച്ചിരുന്നു. മനീഷ് ഷെട്ടി വിളിക്കുമെന്നും പണം കൊടുത്തുവിടണമെന്നും അല്ലെങ്കിൽ ആപത്ത് ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നല്കാൻ വിസമ്മതിച്ചതിനാൽ സംഘം വീടിനുനേരെ വെടിവയ്ക്കുകയായിരുന്നു. വീടിന്റെ വരാന്തയിൽ നിന്ന് രവി പൂജാരി എന്ന് എഴുതിയ കടലാസ് കഷണവും കണ്ടെത്തിയിരുന്നു.
ഈ കേസിൽ 2015 ൽ മനീഷ് ഷെട്ടിയെ ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ വച്ച് അന്നത്തെ കാസർകോട് ഡിവൈ.എസ്.പി അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ തച്ചങ്കരി ബംഗളൂരുവിൽ എത്തി ചോദ്യം ചെയ്തപ്പോൾ രവി പൂജാരി സുപ്രധാന മൊഴികൾ നൽകിയിരുന്നു. തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം ഏറ്റെടുത്തതോടെ ക്രൈംബ്രാഞ്ച് ശേഖരിച്ച വിവരങ്ങൾ അവർക്ക് കൈമാറിയിട്ടുണ്ട്.
രവി പൂജാരിയും സംഘവും കർണാടക പുത്തൂരിലും ബേവിഞ്ചയിലേതിന് സമാനമായ അതിക്രമം നടത്തിയതായി ഭീകരവിരുദ്ധ സ്‌ക്വോഡ് കണ്ടെത്തി. പുത്തൂരിലെ വൻ വ്യവസായിയെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുകയും കോടികൾ ആവശ്യപ്പെടുകയുമായിരുന്നു സംഘം. ഇതേതുടർന്ന് എ.ടി.എസ് ഇൻസ്‌പെക്ടർ അബ്ദുൽ റഹീം കഴിഞ്ഞ ദിവസം പുത്തൂരിൽ എത്തി അന്വേഷണം നടത്തിയിരുന്നു.