us-election

വാഷിംഗ്​ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസങ്ങൾ മാത്രം ശേഷിക്കേ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർ‌ത്ഥിയായ ജോ ബൈഡനും പ്രചാരണ പരിപാടികളിൽ വാശിയോടെ പങ്കെടുക്കുകയാണ്. മിക്ക സർവേകളിലും ഒപ്പീനിയൻ പോളുകളിലും ബൈഡനാണ് മുൻതൂക്കം. കൊവിഡ‌് പ്രതിരോധ പ്രവ‌ർത്തനങ്ങളിൽ ട്രംപ് ഭരണകൂടത്തിനുണ്ടായ വീഴ്ചയും ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രതിഷേധവുമെല്ലാം തിരഞ്ഞെടുപ്പിൽ ട്രംപിന് വിനയാകുമെന്നണ് വിവരം. രണ്ട് സംവാദങ്ങളിലും ബൈഡൻ ട്രംപിനെതിരെ ആയുധമാക്കിയത് കൊവിഡ് പ്രതിരോധത്തിലെ വീഴ്ച തന്നെയായിരുന്നു.

അതേസമയം, ഏർജി വോട്ടിംഗിൽ (നേരത്തെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം) ചരിത്രം സൃഷ്ടിക്കുകയാണ് അമേരിക്കക്കാർ. ഇതുവരെ ഏഴ് കോടി ആളുകൾ ഏർളി വോട്ടിംഗ് സംവിധാനം ഉപയോഗിച്ചെന്നാണ് റിപ്പോർട്ടുകൾ. ഇനിയും എണ്ണം കൂടിയേക്കാമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ട്രംപും ഏർളി വോട്ടിംഗ് ഉപയോഗിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്. 2016ലെ തിരഞ്ഞെടുപ്പിൽ 4.7 കോടിയോളം പേരാണ് ഏർലി വോട്ടിംഗ് ഉപയോഗിച്ചത്. ഇത്തവണ ട്രംപ്,​ ബൈഡൻ മത്സരം സൃഷ്ടിച്ച ആവേശമാണ് മുൻകൂർ വോട്ട് കൂടാൻ പ്രധാന കാരണമെന്നാണ് റിപ്പോർട്ട്. കൊവിഡ് ഭീതിയും കാരണമാണ്. ഏർലി വോട്ടിംഗ് വർദ്ധിക്കുന്നത് ഇത്തവണ മൊത്തം പോളിംഗ് 65 ശതമാനം കടന്ന് ഒരു നൂറ്റാണ്ടിലെ റെക്കാ‌ഡ് സൃഷ്‌ടിക്കുമെന്ന് ഫ്ലോറിഡ സർ‌വകലാശാലയുടെ യു. എസ് ഇലക്‌ഷൻ പ്രോജക്ട് എന്ന വെബ്സൈറ്റിന്റെ അഡ്മിൻ പ്രൊഫ. മൈക്കേൽ മക് ഡൊണാൾഡ് പറയുന്നു. അമേരിക്കയിലെ 15 കോടി ആളുകളെങ്കിലും ഇത്തവണ വോട്ട് ചെയ്യും. ഇത് 1908ലേതിനേക്കാൾ കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ട്രംപിന്റെ തിരഞ്ഞെടുപ്പ് വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചൊവ്വാഴ്​ചയായിരുന്നു സംഭവം. 30

മിനി​ട്ടോളം വെബ്​സൈറ്റ്​ ഹാക്കിംഗിന്​ വിധേയമായെന്നാണ്​ റിപ്പോർട്ട്​.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള ഇടപെടലുകളുണ്ടാവുമെന്ന്​ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയാണ്​ യു.എസിലെ അന്വേഷണ ഏജൻസികൾ പുലർത്തുന്നത്​ അതിനിടെയാണ് പുതിയ സംഭവവികാസം. വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്​ത്​ ക്രിപ്​റ്റോ കറൻസിയുടെ പരസ്യം ഹാക്കർമാർ പോസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

ഇതിന്​ പുറമേ ട്രംപിന്റേയും ബന്ധുക്കളുടെയും രഹസ്യ സംഭാഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളും തങ്ങളുടെ കൈവശമുണ്ടെന്ന്​ ഇവർ അവകാശപ്പെട്ടു. വെബ്​സൈറ്റ്​ ഹാക്ക്​ ചെയ്യപ്പെട്ട വിവരം ട്രംപിന്റെ വക്​താവും സ്ഥിരീകരിച്ചു. പൊലീസുമായി ബന്ധപ്പെട്ട്​ ഹാക്കിഗിംന്റെ ഉറവിടം കണ്ടെത്തും. പ്രധാനപ്പെട്ട ഡാറ്റകളൊന്നും നഷ്​ടമായിട്ടില്ലെന്ന്​ അദ്ദേഹം പറഞ്ഞു. അതേസമയം, യു.എസ്​ അന്വേഷണ ഏജൻസിയായ എഫ്​.ബി.ഐ ഹാക്കിംഗ് സംബന്ധിച്ച്​ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല.