surinder-chaudhary

ശ്രീനഗര്‍ : ജമ്മു കാശ്മീര്‍ നിവാസികളല്ലാത്തവര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണം മോദി സര്‍ക്കാര്‍ റദ്ദാക്കിയതിന് പിന്നാലെ വിവാദ പ്രസ്താവന നടത്തി പി.ഡി.പി നേതാവ്. ഇന്ത്യക്കാര്‍ ജമ്മു കാശ്മീരില്‍ സ്ഥിരതാമസം ആക്കിയാല്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കുമെന്നായിരുന്നു സുരിന്ദര്‍ ചൗധരിയുടെ പരാമര്‍ശം. ഏതൊരു ഇന്ത്യന്‍ പൗരനും ജമ്മു കാശ്മീരില്‍ ഭൂമി വാങ്ങാമെന്ന ഉത്തരവിന് പിന്നാലെ മാദ്ധ്യമങ്ങളോടായിരുന്നു ചൗധരിയുടെ പ്രതികരണം.

ദോഗ്ര സംസ്‌കാരവും, പാരമ്പര്യവും കൊണ്ട് സമൃദ്ധമാണ് ജമ്മു കാശ്മീര്‍. രാജ്യത്തിനായി ത്യാഗം ചെയ്തവരാണ് കാശ്മീര്‍ ജനത. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ ഇവിടെ സ്ഥിരതാമസം ആക്കിയാല്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കും ചൗധരി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സഹായിയാണ് സുരിന്ദര്‍ ചൗധരി.

വളരെ ശാന്തത നിറഞ്ഞ അന്തരീക്ഷമാണ് ജമ്മു കാശ്മീരില്‍ ഉള്ളത്. നിരവധി ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഫരീദാബാദിലും, ഹത്രാസിലും ഉണ്ടായ സംഭവങ്ങള്‍ എന്താണെന്ന് നോക്കൂ. രാജ്യത്ത് പീഡനങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസാണ് എല്ലാ ഇന്ത്യക്കാര്‍ക്കും ജമ്മു കാശ്മീരില്‍ ഭൂമി വാങ്ങാന്‍ അനുവദിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന് പിന്നാലെ എതിര്‍പ്പുമായി പി.ഡി.പി, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൗധരിയുടെ വിവാദ പ്രസ്താവന.