mufti-prahlad-joshi

ന്യൂഡൽഹി: പി.ഡി.പി നേതാവ് മെഹബൂബ മുഫ്‌തി, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവർക്ക് ഇന്ത്യയിൽ തുടരാൻ അവകാശമില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. സംസ്ഥാനത്ത് ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രഹ്ലാദ് ജോഷി ഇരുവരെയും കടന്നാക്രമിച്ചത്.

'മെഹബൂബ മുഫ്തിക്കും ഫാറൂഖ് അബ്ദുള്ളക്കും ഇന്ത്യയിൽ തുടരാൻ അവകാശമില്ല. അവരിൽ ഒരാൾ പറയുന്നത് ചൈനയുടെ സഹായത്തോടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കും എന്നാണ്. അന്താരാഷ്ട്ര സമൂഹത്തിലേക്ക് അവർ എന്ത് സന്ദേശമാണ് നൽകുന്നത്?"- മന്ത്രി ചോദിച്ചു.

എൻ.ഐ.എ ബി.ജെ.പിയുടെ വളർത്തു മൃഗമെന്ന്

എൻ.ഐ.എ ബി.ജെ.പിയുടെ വളർത്തു മൃഗമാണെന്ന് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി പറഞ്ഞു. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ് അവരിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും മെഹബൂബ പറഞ്ഞു.

കാശ്‌മീരിലെ എൻ.ജി.ഒ ഓഫീസുകളിലും മാദ്ധ്യമപ്രവർത്തകരുടെ വീടുകളിലും എൻ.ഐ.എ പരിശോധന നടത്തിയതിന് പിന്നാലെയാണ് മെഹബൂബയുടെ പരാമർശം. 10ഓളം സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധന. ബംഗളൂരുവിലെ ഒരു സ്ഥലത്തും റെയ്ഡ് നടത്തിയിട്ടുണ്ട്.