
ന്യൂഡൽഹി: ബോളിവുഡ് നടി റിയാ ചക്രബർത്തിയുടെ പരാതിയെ തുടർന്ന് അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരിമാരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത നടപടി നിയമപരമായി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ. നടന്റെ സഹോദരിമാർക്കെതിര റിയ എഫ്.ഐ.ആറിൽ പറയുന്ന ആരോപണങ്ങൾ തികച്ചും അനുമാനങ്ങൾ മാത്രമാണെന്നും സി.ബി.ഐ ബോംബെ ഹെെക്കോടതിയിൽ പറഞ്ഞു. ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ അനാവശ്യമാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബയ് പൊലീസിനൊ റിയാ ചക്രബർത്തിക്കൊ എന്തെങ്കിലും വിവരങ്ങൾ വെളിപ്പെടുത്താനുണ്ടെങ്കിൽ അത് സി.ബി.ഐയുമായി പങ്കിടേണ്ടതായിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു. സുശാന്തിന് ലഹരി മരുന്ന് ഉപയോഗിക്കാൻ സഹായം നൽകിയെന്ന് ആരോപിച്ച് സഹോദരിമാർക്കെതിരെ റിയ നൽകിയ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുശാന്ത് സിംഗ് രജ്പുത്തിന്റെ സഹോദരിമാർ കോടതിയിൽ നൽകിയ അപേക്ഷയ്ക്കും സി.ബി.ഐ പിന്തുണ നൽകി. സുശാന്തിന്റെ സഹോദരിമാർക്കെതിരെയുള്ള കേസ് ഒഴിവാക്കരുതെന്ന് കഴിഞ്ഞ ദിവസം റിയ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
ബോളിവുഡിലെ ജനപ്രിയ താരം സുശാന്ത് സിംഗ് രജ്പുത്തിനെ ജൂൺ 14 നാണ് മുംബയിലെ തന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. സുശാന്തിനെ റിയ മാനസികമായി ഉപദ്രവിച്ചെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി നടന്റെ കുടുംബം രംഗത്തുവന്നിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഉൾപ്പെടെ അന്വേഷണം നേരിട്ട് വരികയാണ് റിയ.