
ന്യൂഡൽഹി: വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെങ്കിൽ 5ജി സ്‌പെക്‌ട്രം ലേലത്തിൽ ഭാരതി എയർടെൽ പങ്കെടുക്കില്ലെന്ന് സി.ഇ.ഒ ഗോപാൽ വിട്ടൾ പറഞ്ഞു. 5ജി അടിസ്ഥാനസൗകര്യം ഇപ്പോഴും രാജ്യത്ത് സ്ഥാപിച്ചിട്ടില്ല. എന്നിട്ടും, കേന്ദ്രസർക്കാർ ഉയർന്ന വിലയിട്ടിരിക്കുന്നു. ടെലികോം കമ്പനികൾക്ക് ഈ വില താങ്ങാനാവില്ല. വില കുറയ്ക്കാതെയാണ് അടുത്തവർഷം ലേലം സംഘടിപ്പിക്കുന്നതെങ്കിൽ വിട്ടുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
5ജി സ്‌പെക്‌ട്രത്തിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) നിശ്ചയിച്ച വില കൂടുതലാണെന്നും കുറയ്ക്കണമെന്നും കഴിഞ്ഞ സാമ്പത്തിക വർഷവും എയർടെൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നിരക്ക് കുറയ്ക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യില്ലെന്ന നിലപാടാണ് ട്രായ് എടുത്തത്.
മറ്റു ടെലികോം കമ്പനികളായ വൊഡാഫോൺ ഐഡിയയും (വി) റിലയൻസ് ജിയോയും 5ജി സ്‌പെക്‌ട്രം ഭീമമാണെന്ന് പറഞ്ഞിരുന്നു. വരുമാനത്തകർച്ച മൂലം ടെലികോം മേഖലയാകെ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ അമിത വിലയ്ക്ക് 5ജി സ്‌പെക്‌ട്രം ലേലം നടത്തരുതെന്ന നിലപാടിലാണ് കമ്പനികൾ. നിലവിലെ കാൾ, ഡേറ്റാ നിരക്കുകൾ വർദ്ധിപ്പിക്കണമെന്ന ആവശ്യവും ഭാരതി എയർടെൽ ഉന്നയിച്ചിട്ടുണ്ട്.
₹4.9
ലക്ഷം കോടി
5ജി സേവനത്തിന് ഉൾപ്പെടെയുള്ള 8,644 മെഗാഹെട്‌സ് സ്‌പെക്‌ട്രം ലേലം നടത്താനാണ് ട്രായിയുടെ ശുപാർശ. ഇതിലൂടെ 4.9 ലക്ഷം കോടി രൂപയുടെ വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നു.
50%
നിലവിലെ 4ജിയേക്കാൾ 50 ശതമാനം വരെ അധിക സ്‌പീഡ് ഇന്റർനെറ്റിന് ലഭിക്കുമെന്നതാണ് 5ജിയുടെ മികവ്. സെക്കൻഡിൽ ശരാശരി 50 മെഗാബിറ്റ് (എം.ബി.പി.എസ്) വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം.