flights

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നവംബര്‍ 30വരെ നീട്ടി. വിമാന സര്‍വീസുകള്‍ ആരംഭിക്കുമോ എന്ന ആശങ്ക തുടരുന്നതിനിടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് നിയന്ത്രണങ്ങള്‍ നീട്ടിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.


കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടുള്ള നിയന്ത്രണങ്ങള്‍ തുടരുമെങ്കിലും തിരഞ്ഞെടുത്ത പ്രത്യേക റൂട്ടുകളിലെക്കുള്ള സര്‍വീസുകള്‍ തുടരുന്നതില്‍ നിയന്ത്രണമില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ പുറത്തിറക്കും. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.

നിയന്ത്രണങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ തിരികെ എത്തിക്കാന്‍ മേയ് മുതല്‍ വന്ദേഭാരത് മിഷന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ജൂലായ് മുതല്‍ പട്ടിക തയ്യാറാക്കി ചില രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ ഇന്ത്യ സ്ഥാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വന്ദേഭാരത് മിഷന്‍ വഴിയും എയര്‍ ബബിള്‍ കരാര്‍ മുഖേനെയുമുള്ള സര്‍വീസുകള്‍ തുടരും.


രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ രണ്ടു മാസത്തെ വിലക്കിനുശേഷം മേയ് 25ന് പുനരാരംഭിച്ചിരുന്നു. യു.എസ്, യു.കെ, കെനിയ, ഭൂട്ടാന്‍, ഫ്രാന്‍സ് അടക്കമുള്ള 18 രാജ്യങ്ങളുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ സ്ഥാപിച്ചിരുന്നു. ഈ കരാര്‍ പ്രകാരം ഇരു രാജ്യങ്ങളിലെയും വിമാനങ്ങള്‍ക്ക് പ്രത്യേക സര്‍വീസ് നടത്താം. പ്രത്യേക അനുമതിയുള്ള വിമാനങ്ങള്‍ക്കും കാര്‍ഗോ സര്‍വീസുകള്‍ക്കും വിലക്ക് ബാധകമല്ല.