high-court

കൊച്ചി : കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ, മുൻകൂർ ജാമ്യത്തിന് ശിവശങ്കറിന് അർഹതയില്ലെന്ന് ഇ.ഡി കേസിലെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ശിവശങ്കറിനെ പ്രതി ചേർക്കാനോ കുറ്റവാളിയാക്കാനോ ഇതുവരെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടാവില്ല. ചോദ്യംചെയ്യാൻ മതിയായ തെളിവുകൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തതാണ് ശിവശങ്കറിനെ പ്രതികൂല സാഹചര്യത്തിലെത്തിച്ചത്. സ്വപ്നയുടെ സാമ്പത്തികപ്രശ്നങ്ങൾ പരിഹരിക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിൽ ശിവശങ്കർ മേൽനോട്ടം വഹിച്ചതിനുള്ള സൂചനകൾ വേണുഗോപാലുമായുള്ള ആശയവിനിമയത്തിലുണ്ട്. ശിവശങ്കറിനെ പ്രതിയാക്കുമോ സാക്ഷിയാക്കുമോ എന്നതൊന്നും ഇതുവരെ ഇ.ഡി വ്യക്തമാക്കിയിട്ടില്ല. . സ്വപ്നയ്ക്കൊപ്പം കള്ളപ്പണം വെളുപ്പിക്കുന്നതിൽ ശിവശങ്കറിന് പങ്കുണ്ടാകാമെന്നതിന് ശക്തമായ സൂചനകൾ ഇ.ഡി ചൂണ്ടിക്കാട്ടുന്നു. സ്വപ്നയുടെയും ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും മൊഴികളിൽ ശിവശങ്കറിന്റെ പങ്കാളിത്തത്തിന് വ്യക്തമായ സൂചനകളുണ്ട്. സീനിയർ സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ അന്വേഷണവുമായി സഹകരിക്കാൻ ശിവശങ്കറിന് ബാദ്ധ്യതയുണ്ട്.

 സ്വർണക്കടത്തിൽ ശിവശങ്കറിന് അറിവുണ്ടാകാൻ സാദ്ധ്യത

സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള കസ്റ്റംസിന്റെ അധികാരത്തെ മുൻകൂർ ജാമ്യത്തിലൂടെ തടയാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു..

സ്വർണക്കടത്തിൽ ശിവശങ്കർ സജീവമായി പങ്കെടുത്തോയെന്നത് അന്വേഷിച്ചു കണ്ടെത്തണം. കേസിൽ പ്രതി ചേർത്തിട്ടില്ല. 90 മണിക്കൂർ ചോദ്യംചെയ്തതുകൊണ്ട് പ്രതിയാക്കുമെന്ന് അർത്ഥമില്ല. സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവരുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നതിലൂടെ, സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണം.