
ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യവകുപ്പ് പുറത്തിറക്കിയ ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ.വ്യവസായ-വിദഗ്ദ്ധ കൂട്ടായ്മയിൽ സര്‍ക്കാരിന് കീഴിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ആരോഗ്യസേതു ആപ്പ് നിർമിച്ചതെന്നും സുതാര്യത ഉറപ്പാക്കിയായിരുന്നു ആപ്പിന്റെ നിർമാണമെന്നും കേന്ദ്രം വ്യക്തമാക്കി. എന്നാൽ ഇതുമായി ബന്ധപ്പെട്ട ആരുടേയും പേരു വിവരങ്ങൾ വെളിപ്പെടുത്താൻ കേന്ദ്രം തയ്യാറായിട്ടില്ല. ഇതിനാൽ ആരോഗ്യസേതു ആപ്പ് ആര് നിര്‍മിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ്.
ആരോഗ്യസേതു ആപ്പ് നിർമിച്ചതാരെന്ന് അറിയണമെന്ന് കാണിച്ച് സൗരവ് ദാസ് എന്ന വ്യക്തി വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് കേന്ദ്രം മറുപടി നൽകിയിരുന്നില്ല. തുടർന്ന് ആപ്പ് ആര് നിർമിച്ചുവെന്ന് കേന്ദ്രസർക്കാരിന് പോലും അറിയില്ലെന്ന തരത്തിൽ വിവാദങ്ങൾ ഉയർന്നിരുന്നു. പിന്നാലെയാണ് സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയത്.
ആപ്പ് നിർമിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പക്കലില്ലെന്നായിരുന്നു വിവരാവകാശത്തിന് ലഭിച്ച മറുപടി. ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാതെ വന്നതോടെ വിവരാവകാശ കമ്മീഷൻ തന്നെ കേന്ദ്ര സര്‍ക്കാരിനോട് വിശദാംശങ്ങൾ തേടുകയായിരുന്നു. നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററും ഐ.ടി മന്ത്രാലയവും ചേർന്നാണ് ആപ്പ് വികസിപ്പിച്ചതെന്നാണ് ആരോഗ്യ സേതു വെബ്സൈറ്റിലുള്ളത്. ആരോഗ്യ സേതുവുമായി ബന്ധപ്പെട്ട വകുപ്പുകൾ നവംബർ 24ന് ഹാജരാകണമെന്ന് വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.