suryakumar

മുംബയ് : ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് മുംബയ് ഇന്ത്യൻസ് താരം സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിനെപ്പറ്റി അന്വേഷിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്ടനും മുൻ ചീഫ് സെലക്ടറുമായ ദിലീപ് വെംഗ്സാർക്കർ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് ആവശ്യപ്പെട്ടു. നേരത്തേ ഹർഭജൻസിംഗും സൂര്യകുമാറിനെ ഒഴിവാക്കിയതിനെതിരെ രംഗത്തുവന്നിരുന്നു.

കഴിഞ്ഞ സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ ഗംഭീര പ്രകടനം കാഴ്ചവച്ച താരമാണ് സൂര്യകുമാർ. വിജയ് ഹസാരെ ട്രോഫിയിൽ എട്ട് മത്സരങ്ങളിൽനിന്ന് 113 ശരാശരിയിൽ 226 റൺസ് നേടിയിരുന്നു. സെയ്ദ് മുഷ്താഖ് അലി ട്വന്റി - 20 ടൂർണമെന്റിൽ 11 മത്സരങ്ങളിൽനിന്ന് 56 ശരാശരിയിൽ നേടിയത് 392 റൺസാണ്. നാല് അർദ്ധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. ദേവ്ധർ ട്രോഫിയിൽ ഇന്ത്യ എയ്ക്കെതിരെ ഇന്ത്യ സിക്കുവേണ്ടി 29 പന്തുകളിൽ 72 റൺസാണ് അടിച്ചുകൂട്ടിയത്.

ഇൗ സീസൺ ഐ.പി.എല്ലിൽ 11 മത്സരങ്ങളിൽനിന്ന് രണ്ട് അർദ്ധസെഞ്ച്വറികളടക്കം 283 റൺസ് നേടിക്കഴിഞ്ഞു.

എന്നിട്ടും സൂര്യകുമാറിനെ മുൻ ഇന്ത്യൻ സ്പിന്നർ സുനിൽ ജോഷിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഒഴിവാക്കിയതാണ് വെംഗ്സാർക്കറെ ചൊടിപ്പിച്ചത്.

''ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യൻ ടീമിൽ ഉൾപ്പെടാൻ ആരെക്കൊളും യോഗ്യതയുണ്ട് സൂര്യകുമാറിന്. രോഹിത് ശർമ്മയുടെ അഭാവത്തിൽ സൂര്യകുമാറിന്റെ സാന്നിദ്ധ്യം ടീമിന് അനിവാര്യമായിരുന്നു. സൂര്യയെ ടീമിൽ എടുക്കാതിരിക്കാൻ എന്തെങ്കിലും നീക്കങ്ങൾ നടന്നെങ്കിൽ ബി.സി.സി.ഐ പ്രസിഡന്റ് ഗാംഗുലി അന്വേഷിക്കണം.

- ദിലീപ് വെംഗ്സാർക്കർ