
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിൽ. ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹെെക്കോടതി തള്ളിയതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഏഴ് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവശങ്കറിന്റെ അറസ്സ് രേഖപ്പെടുത്തിയത്.
ചെന്നെെയിൽ നിന്നും മുതിർന്ന ഇ.ഡി ഉദ്യാഗസ്ഥർ കൊച്ചിയിലെത്തി നിർണായക കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് ശിവശങ്കറിനെ അറ്സ്റ്റ് ചെയ്യുന്നത്. ഇ.ഡി സ്പെഷ്യൽ ഡയറക്ടറും ജോയിന്റ് ഡയറക്ടറുമാണ് കൊച്ചിയിലെത്തി അറസ്റ്റിന് നേതൃത്വം നൽകിയത്. ശിവശങ്കറിനെ നാളെ എറണാകുളം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലാകും ഹാജരാക്കുക. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിൽ നിന്നും കള്ളപ്പണം സൂക്ഷിച്ചതായി അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം മറ്റു ബിനാമി ഇടപാടുകൾ നടത്തിയതിന്റെ തെളിവുകളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ നൽകുന്ന റിമാൻഡ് റിപ്പോർട്ടിൽ ഇ.ഡി കൂടുതൽ കാര്യങ്ങൾ വിശദീകരിക്കും.
ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയാണ് അന്വേഷണ സംഘത്തിന് നിർണായക തെളിവായി ലഭിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റുമായി സ്വപ്ന നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും കേസിൽ വഴിത്തിരിവായി. ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നിർണായക ചർച്ചകളിൽ ഡൽഹിയിലെ കസ്റ്റംസ്, ഇ.ഡി തലവന്‍മാർ പങ്കെടുത്തിരുന്നു.ഏത് അന്വേഷണ ഏജൻസി അറസ്റ്റ് രേഖപ്പെടുത്തണമെന്ന കാര്യത്തിലും ആദ്യം വ്യക്തതയില്ലായിരുന്നു. തുടർന്ന് ഡൽഹിയിൽ നിന്നും ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യുന്ന കേരളത്തിലെ ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് എം.ശിവശങ്കർ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറി പദവിയിലിരിക്കെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെ നേരത്തെ കേന്ദ്ര അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുത്തിരുന്നത്.