
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് ചോദ്യം ചെയ്യാൻ ഇ.ഡി ഉദ്യോഗസ്ഥർ രാവിലെ കസ്റ്റഡിയിൽ എടുത്തപ്പോൾ തന്നെ അറസ്റ്റിലായിരിക്കും കലാശിക്കുക എന്ന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു. ഇഡിയുടെ ചോദ്യം ചെയ്യലിൽ സ്വപ്ന സുരേഷുമായുള്ള പല കാര്യങ്ങളും ശിവശങ്കർ നിഷേധിച്ചെങ്കിലം ഡിജിറ്റൽ തെളിവുകൾ ആണ് നിർണായകമായത്
കേസന്വേഷണം തുടങ്ങിയപ്പോൾ തന്നെ 100 കോടിയോളം രൂപയുടെ കള്ളപ്പണമിടപാടുകൾ നടന്നതായി വ്യക്തമായിരുന്നു. പ്രതികൾക്ക് ഫ്ലാറ്റ് എടുത്തുകൊടുത്തതിലും ശിവശങ്കറിന്റെ പങ്ക് തെളിഞ്ഞിരുന്നു. ഇത് ശിവശങ്കർക്ക് പ്രതികളുമായുള്ള ബന്ധത്തിന്റെ തെളിവാണെന്നും ഇഡി കോടതിയിൽ ബോധിപ്പിച്ചിരുന്നു.
ശിവശങ്കറിനെതിരെ ഇ.ഡിക്ക് ശക്തമായ തെളിവായത് ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയാണ്. ഈ ഒരു കോടിരൂപ ശിവശങ്കറിന്റേതാണോ എന്ന കാര്യത്തിലും ഇഡിക്ക് സംശയമുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റുമായി സ്വപ്ന നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും കേസിൽ നിർണായകമായി. ശിവശങ്കറിന്റെ മൊഴിയിലെ വൈരുദ്ധ്യവും അറസ്റ്റിലേക്ക് നയിച്ചു
നാളെ കോടതിയിൽ ഹാജരാക്കുമ്പോൾ നൽകുന്ന റിമാൻഡ് റിപ്പോർട്ടിൽ ഇ ഡി കാര്യങ്ങൾ വിശദീകരിക്കും. ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
കസ്റ്റംസ് സംഘവും ഇ ഡി ഓഫീസിൽ ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന സമയത്ത് ഉണ്ടായിരുന്നു.