m-shivashankar-swapna

കൊച്ചി: കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യുന്ന കേരളത്തിലെ ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് എം.ശിവശങ്കർ. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൽ സെക്രട്ടറി പദവിയിലിരിക്കെ കസ്റ്റഡിയിലെടുക്കപ്പെടുന്ന ഉദ്യോഗസ്ഥനും എം ശിവശങ്കറാണെന്നത് ശ്രദ്ധേയമാണ്. കള്ളപ്പണം ബിനാമി ഇടപാട് തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്.

കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹെെക്കോടതി തള്ളിയിരുന്നു. നിലവിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സൂചനകളനുസരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഈ കള്ളപ്പണ ഇടപാടിൽ ഇടപെട്ടുവെന്ന് കരുതേണ്ടിവരും. കൂടുതൽ അന്വേഷണത്തിന് എം.ശിവശങ്കർ ഹാജരാവേണ്ടതുണ്ട്. ഒരു ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഇത്തരം പണമിടപാടുമായി ബന്ധപ്പെട്ടുള്ള ഇടപാടുകൾ നടത്താൻ പാടില്ലായിരുന്നു. ഇത്തരം കേസിൽ ആന്റിസിപ്പേറ്ററി ബെയിൽ ചോദിക്കുന്നത് അപക്വമാണെന്നും മുൻകൂർ ജാമ്യാപേക്ഷ തളളിയ ഹൈക്കോടതി പറഞ്ഞു.

ശിവശങ്കർ തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത് റിസർവ് ബാങ്ക് ഓഫീസറായാണ്. പിന്നീട് ഡെപ്യൂട്ടി കളക്ടറായി സംസ്ഥാന സർവീസിലേക്ക് എത്തി.1995 ൽ കൺഫേർഡ് ഐ.എ.എസ് യോഗ്യത നേടി. വ്യവസായ പുനഃരുദ്ധാരണ ബോർഡ് സെക്രട്ടറി, ഐ.റ്റി മിഷൻ കോ-ഓർഡിനേറ്റർ, സിവിൽ സപ്ലൈസ് ഡയറക്ടർ, മലപ്പുറം കളക്ടർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സിവിൽ സപ്ലൈസ് ഡയറക്ടറായിരുന്നപ്പോൾ സ്മാർട്ട് റേഷൻ കാർഡിന് തുടക്കം കുറിച്ചു.

നിരവധി വകുപ്പുകളുടെ സെക്രട്ടറിയായും ശിവശങ്കർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി ചെയർമാൻ പദവിയിൽ നിന്നാണ് 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ എം.ശിവശങ്കരനെ കൂടെ കൂട്ടുന്നത്. ലൈഫ് മിഷൻ, ഐ.റ്റി വകുപ്പ് എന്നിവയുടെ ചുമതലയും ശിവശങ്കറിനായിരുന്നു.റീബിൽഡ് കേരള, കൺസൾട്ടന്റായി കെ.പി.എം.ജെയെ കൊണ്ടു വരാനുള്ള നീക്കം പാളി. കൊവിഡ് കാലത്ത് സ്പ്രിംങ്ക‌ളർ കരാറിൽ തൊട്ട് ശിവശങ്കർ വീണ്ടും പുലിവാല് പിടിച്ചു. പിന്നീട് വെബ്ക്യു, ഇ- മൊബിലിറ്റി തുടങ്ങി നിരവധി ആരോപണങ്ങൾ നേരിട്ടു.

നിരവധി ആരോപണങ്ങൾക്ക് മുന്നിലും അടിപതറാതെ പിടിച്ചു നിന്ന ശിവശങ്കറിന്റെ കസേര തെറിപ്പിച്ചത് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷുമായുള്ള ബന്ധമാണ്. കള്ളപ്പണം കടത്തിയ കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ അറസ്റ്റിലായതോടെ സംസ്ഥാന സർക്കാരും സി.പി.എമ്മും കൂടുതൽ പ്രതിരോധത്തിലാവുകയാണ്.