
ഹോളിവുഡ് സിനിമയെന്ന് കേട്ടാൽ ആരുടെ മനസിലും ആദ്യമെത്തുക ജെയിംസ് ബോണ്ട് ചിത്രങ്ങളാകും. കാലമെത്ര കഴിഞ്ഞാലും ജെയിംസ് ബോണ്ട് സിനിമകള്‍ക്ക് ഹോളിവുഡ് വിപണിയിലുള്ള സ്ഥാനം അവിടെയുണ്ടാകും.എന്നാൽ ഏറ്റവും പുതിയ ചിത്രം 'നോ ടൈം റ്റു ഡൈ' വിന്റെ നിര്‍മാതാക്കൾ ഏറെ ആശയക്കുഴപ്പത്തിലാണ്. കാരണം മറ്റൊന്നുമല്ല കൊവിഡ് തന്നെ.
1800 കോടി രൂപയ്ക്കുമേല്‍ (250 മില്യണ്‍ ഡോളര്‍) നിര്‍മാണച്ചെലവുള്ള ചിത്രം ഇക്കഴിഞ്ഞ ഏപ്രിലിൽ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ കണക്കുകൂട്ടലുകൾ തകിടം മറിച്ച് മഹാമാരി ലോകത്ത് പടർന്ന് പിടിച്ചതോടെ റിലീസ് പലപ്പോഴായി മറ്റിവയ്ക്കുകയായിരുന്നു. ഇതിനാൽ എം.ജി.എം സ്റ്റുഡിയോക്ക് ഇതിനോടകം 370 കോടിയോളം രൂപയാണ് നഷ്ടമായത്. അടുത്ത വര്‍ഷത്തേക്ക് റിലീസ് മാറ്റിവച്ചിരിക്കുകയാണെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.
അതേസമയം ഡയറക്ട് ഒ.ടി.ടി റിലീസ് സാദ്ധ്യതയെ പറ്റിയും നിർമാതാക്കൾ ആലോചിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ.എന്നാല്‍ തങ്ങള്‍ ഏറ്റവുമധികം പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രത്തിന് എം.ജി.എം വിലയിട്ടിരിക്കുന്നത് വളരെ ഉയര്‍ന്ന തുകയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 4450 കോടി രൂപയാണ് എം.ജി.എം 'നോ ടൈം റ്റു ഡൈ'ക്ക് പ്രതീക്ഷിക്കുന്ന മിനിമം വിലയെന്നാണ് റിപ്പോര്‍ട്ട്.വന്‍ തുക മുടക്കി ഹോളിവുഡ് പ്രോഡക്ടുകള്‍ വാങ്ങുന്ന മുന്‍നിര ഒടിടി പ്ലാറ്റ്ഫോമുകളെ സംബന്ധിച്ചുപോലും വളരെ ഉയര്‍ന്ന തുകയാണ് ഇത്.
നിരവധി പ്രൊമോഷണല്‍ പാര്‍ട്‍നര്‍ഷിപ്പുകള്‍ക്കായുള്ള കരാറുകള്‍ ഒ.ടി.ടി റിലീസിൽ നിന്ന് നിർമാതാക്കളെ മാറ്റി ചിന്തിപ്പിക്കുന്നുണ്ട്. ലാന്‍ഡ് റോവര്‍, ഒമേഗ വാച്ചസ്, ഹെയ്‍നിക്കന്‍ തുടങ്ങി പല ലോകപ്രശസ്ത ബ്രാന്‍ഡുകളും പുതിയ ബോണ്ട് ചിത്രത്തിലൂടെ പ്രൊമോഷന്‍ ചെയ്തിട്ടുണ്ട്.ചിത്രത്തിന്‍റെ ആഗോള വിതരണാവകാശമുള്ള യൂണിവേഴ്സല്‍ പിക്ചേഴ്സുമായുള്ള കരാറും ഒ.ടി.ടി റിലീസില്‍ നിന്ന് നിര്‍മാതാക്കളെ പിന്തിരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. എന്നാൽ ഒ.ടി.ടി റിലീസ് എന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് എം.ജി.എം സ്റ്റുഡിയോയുടെ പ്രതികരണം. ചിത്രം ഏപ്രില്‍ 2021ൽ തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്നും എം.ജി.എം അറിയിച്ചു.