
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലര കോടിയിലേക്ക് അടുക്കുന്നു. ഇതുവരെ 4,47,39,883 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,78,527 പേർ മരണമടഞ്ഞു. 3,27,01,964 പേർ രോഗമുക്തി നേടി. ലോകത്ത് രോഗവ്യാപനത്തിലും മരണത്തിലും ഒന്നാമതായ അമേരിക്കയിൽ ഒരാഴ്ചയ്ക്കിടെ പോസിറ്റിവിറ്റി നിരക്ക് 24 ശതമാനം ഉയർന്നു. യു എസിൽ ഇതുവരെ 91 ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,33,122 പേർ മരിച്ചു.രോഗമുക്തി നേടിയവരുടെ എണ്ണം 59 ലക്ഷം പിന്നിട്ടു.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. കഴിഞ്ഞദിവസം 36,470 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കുറവ് പ്രതിദിന കണക്കാണിത്.ചികിത്സയിലുള്ളവരുടെ എണ്ണം 6,25,857 ആയി കുറഞ്ഞു. ആകെ കേസുകളുടെ 7.88 ശതമാനം മാത്രമാണിത്. ആകെ രോഗമുക്തരുടെ എണ്ണം 72 ലക്ഷം പിന്നിട്ടു.
ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.രാജ്യത്ത് ഇതുവരെ 54 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,58,468 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 49 ലക്ഷം കടന്നു.യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. ഈ ആഴ്ച മാത്രം 40 ശതമാനം മരണം യൂറോപ്പിൽ വർദ്ധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
ഫ്രാൻസ്, സ്പെയിൻ, ബ്രിട്ടൻ, നെതർലൻഡ്സ്, റഷ്യ എന്നീ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു. റഷ്യയിൽ പ്രതിദിനം മുന്നൂറിലധികം മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്.ഇറ്റലിയിൽ പോസിറ്റിവിറ്റി നിരക്ക് എട്ടിരട്ടി വർദ്ധിച്ചു. ജർമനിയിൽ ഒരാഴ്ചയ്ക്കിടെ 70 - 75 ശതമാനമെന്ന എന്ന നിലയ്ക്കാണ് കൊവിഡ് കേസുകളുടെ വർദ്ധനവ്. രാജ്യത്ത് പ്രതിദിന കേസുകൾ ദിവസങ്ങൾക്കകം 20,000 ആകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി