sivasankar

കൊച്ചി: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് രാവിലെ പത്ത് മണിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യാനായി ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ വാങ്ങും.

ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ശിവശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. എൻഫോഴ്‌സ്മെന്റ്,​ കസ്റ്റംസ് കേസുകളിൽ ശിവശങ്കർ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷകൾ ഇന്നലെ രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരത്ത് വ‍ഞ്ചിയൂരിലെ ആയുർവേദ ആശുപത്രിയിലെത്തി, ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുത്തിരുന്നു.

കൊച്ചിയിലെത്തിച്ച് ഏഴു മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷം രാത്രി 10.10- ഓടെയാണ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതി സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകൾ ശിവശങ്കർ നിയന്ത്രിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതു സംബന്ധിച്ച് ശിവശങ്കറിന്റെ ചാർട്ടേർഡ് അക്കൗണ്ടന്റ് നൽകിയ മൊഴികൾ അറസ്റ്റിൽ നിർണായകമായി.

ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും, രാജിവച്ച് ഒഴിയണമെന്നും കോൺഗ്രസും ബി ജെ പിയും ആവശ്യപ്പെട്ടു.