
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് മെമ്മോ പുറത്ത്. നയതന്ത്ര ബാഗേജ് പിടികൂടിയപ്പോൾ അത് വിട്ടുകിട്ടാൻ ശിവശങ്കർ കസ്റ്റംസിനെ വിളിച്ചെന്നാണ് അറസ്റ്റ് മെമ്മോയിൽ പറയുന്നത്. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥരെ ശിവശങ്കർ വിളിച്ചുവെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റ് മെമ്മോയിൽ പറയുന്നത്. ഇക്കാര്യം ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. സ്വപ്‌നയുടെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ ശിവശങ്കർ പ്രത്യേക താത്‌പര്യം കാണിച്ചുവെന്നാണ് പറയുന്നത്. ഇതിനായി അദ്ദേഹം ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തതായും അറസ്റ്റ് മെമ്മോയിൽ വ്യക്തമാക്കുന്നുണ്ട്.
കളളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് മെമ്മോയിൽ പറയുന്നു. അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോടതിയിൽ ഹാജരാക്കും. കോടതി അവധിയായതിനാൽ ജഡ്‌ജി പ്രത്യേക സിറ്റിംഗ് നടത്തിയേക്കും. ഒരാഴ്ചത്തെ കസ്റ്റഡി ആവശ്യപ്പെടാനാണ് എൻഫോഴ്‌സ്‌മെന്റ് നീക്കം. ശിവശങ്കറിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.