
തിരുവനന്തപുരം: എം ശിവശങ്കറിന്റെ അറസ്‌റ്റിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു. യൂത്ത് കോൺഗ്രസിന്റെയും യുവമോർച്ചയുടെയും നേതൃത്വത്തിൽ ക്ളിഫ് ഹൗസിനും സെക്രട്ടറിയേറ്റിനും മുന്നിൽ മുദ്രാവാക്യം വിളിയുമായി എത്തിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. തുടർന്ന് ഇവർ ക്ളിഫ് ഹൗസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം, കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയ എം ശിവശങ്കറിനെ ഏഴു ദിവസത്തെ കസ്‌റ്റഡിയിൽ വിട്ടു. രണ്ടാഴ്‌ചത്തെ സമയമാണ് ഇ ഡി ചോദിച്ചതെങ്കിൽ കോടതി ഏഴു ദിവസം ആക്കി ചുരുക്കുകയായിരുന്നു. ഉപാദികളോടെയാണ് ശിവശങ്കറിനെ കോടതി കസ്‌റ്റഡിയിൽ വിട്ടത്. ഓരോ മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഒരു മണിക്കൂർ വിശ്രമം അനുവദിക്കണമെന്നും, വൈകിട്ട് ആറു മണിക്ക് ശേഷം ചോദ്യം ചെയ്യാൻ പാടില്ലെന്നും കോടതി നിഷ്‌കർഷിച്ചിട്ടുണ്ട്. ആയുർവേദ ചികിത്സ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. കേസിൽ അഞ്ചാം പ്രതിയാണ് എം ശിവശങ്കർ.