
സിനിമയിൽനിന്ന് ബ്രേക്കെടുത്തതിന്റെ കാരണങ്ങൾ മൈഥിലി വെളിപ്പെടുത്തുന്നു...
കരിയറിന്റെ തുടക്കം മുതൽ സോഷ്യൽ അബ്യൂസിംഗിനും ഹരാസ്മെന്റിനും ഇരയായ ആളാണ് താനെന്ന് മൈഥിലി പറയും.
''ഒരു പെൺകുട്ടി ഒരു വശത്ത് അവളുടെ കരിയർ കരുപ്പിടിപ്പിക്കാൻ ശ്രമിക്കുമ്പോൾ മറുവശത്ത് വെറുതേ ആരോപണങ്ങളുന്നയിച്ച് ആ പെൺകുട്ടിയെ തറപറ്റിക്കാനായിരുന്നു ചിലരുടെ ശ്രമം."മൈഥിലി പറയുന്നു.
എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാമോ?
എല്ലാം എല്ലാവർക്കുമറിയുന്ന കാര്യങ്ങൾ തന്നെയാണ്.കഴിഞ്ഞുപോയ നെഗറ്റിവിറ്റികൾ ഓർമ്മിച്ച് നമ്മുടെ മനസും കൂടി ദുഷിപ്പിക്കുന്നതെന്തിനാണ്?സോഷ്യൽ ബുള്ളിയിംഗും ഹരാസ്മെന്റും കരയറിന്റെ തുടക്കം മുതൽ ഞാൻ അനുഭവിക്കുന്നതാണ്.
സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പോലും എന്റെ പേര് വലിച്ചിഴച്ചില്ലേ? എനിക്ക് ആരോടും ശത്രുതയില്ല. പക്ഷേ എനിക്ക് ഞാനറിയാത്ത ഒരുപാട് ശത്രുക്കളുണ്ട്.കടുത്ത ഡിപ്രഷനിലൂടെയും ഉത്ക്കണ്ഠയിലൂടെയുമൊക്കെ ഞാൻ കടന്നുപോയിട്ടുണ്ട്. ഇനി നാളെ എന്റെ മക്കൾക്ക് നേരെയോ മറ്റൊരാൾക്ക് നേരെയോ ഇത്തരം ആക്രമണങ്ങളുണ്ടാകാതിരിക്കണമെങ്കിൽ നിയമം കുറേക്കൂടി ശക്തമാകണം. ഒരു സിനിമയ്ക്ക് അകത്തായാലും പുറത്തായാലും ഒരു സംഘടനയുടെയും പിൻബലമില്ലാതെ സ്ത്രീകൾക്ക് ഒറ്റക്കെട്ടായി നില്ക്കാൻ കഴിയണം.

പല ആരോപണങ്ങളിൽപ്പെട്ട് ഞാൻ മാനസികമായി തളർന്നപ്പോൾ എനിക്ക് എല്ലാവിധ പിന്തുണയും നൽകിയത് എന്റെ കുടുംബമാണ്. അതുപോലെ എന്നെ അടുത്തറിയുന്ന സുഹൃത്തുക്കളും എനിക്ക് ധൈര്യം തന്നു.എന്റെ കരിയറിന്റെ തുടക്കം മുതൽ സോഷ്യൽ മീഡിയയിലൂടെ ഒരുപാട് സഹോദരിമാർ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇത്തരം സോഷ്യൽ മീഡിയ ആക്രമണങ്ങൾക്ക് ഇരയാകുന്നത് ഞാൻ കാണുന്നുണ്ട്. എന്റെ കാര്യത്തിൽ ഞാൻ പോലും അറിയാത്ത പല കേസുകളിലും പേര് വലിച്ചിഴക്കുകയും ഇല്ലാക്കഥകൾ മെനഞ്ഞെടുക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. അതിന്റെ സത്യാവസ്ഥ മനസിലാക്കാൻ ആരുംതന്നെ ശ്രമിക്കാറുമില്ല. ഏതൊരു വ്യക്തിയെയും പോലെ കൊച്ചുകൊച്ചു സ്വപ്നങ്ങളും മോഹങ്ങളുമുള്ളയാളാണ് ഞാനും. ഒരുവശത്ത് എന്റെ അഭിനയ ജീവിതം മികച്ചതാക്കാൻ ശ്രമിച്ച് കൊണ്ടിരുന്നപ്പോൾ മറുവശത്ത് ഇത്തരം അനുഭവങ്ങൾ എന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും ബാധിച്ചിട്ടുണ്ട്.ഇത്തരം അനുഭവങ്ങൾ ആർക്കും ഉണ്ടാകാതിരിക്കട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. അതോടൊപ്പം ഇതൊക്കെ തടയാൻ ഇൗ കാലഘട്ടത്തിൽ ഒരു പുതിയ നിയമ നിർമ്മാണമുണ്ടാകേണ്ടത് അത്യാവശ്യമാണെന്നും കരുതുന്നു.പതിനൊന്ന് വർഷം മുൻപാണ് പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ റിലീസാകുന്നത്. മൈഥിലിയുടെ ആദ്യ ചിത്രം.
''എനിക്ക് ഒരു ബ്രേക്ക് വേണമെന്ന് തോന്നി. ബ്രേക്കെടുത്ത സമയത്തും ഞാൻ വെറുതേയിരുന്നില്ല. കുറേ യാത്രകൾ ചെയ്തു."" ചേട്ടൻ ബിപിൻ യു.എസിലാണ്. ചേട്ടനും കുടുംബവും അവിടെയാണ്. ചേട്ടന്റെ ഭാര്യയുടെ പേര് ശിവ. അവർക്ക് മൂന്ന് മക്കളാണ്. ബ്രീന, ബ്രിയോണ, ബ്രൻ...കുറച്ചുകാലം അവർക്കൊപ്പം യു.എസിൽ പോയി നിന്നു. ഇടയ്ക്ക് നാട്ടിൽവന്ന് വീണ്ടും പോയി. പത്തനംതിട്ട കോന്നിയാണ് നാട്.അച്ഛൻ ഇരുപത്തിയഞ്ചു വർഷം ദുബായിലാണ് ജോലി ചെയ്തത്. ബാലചന്ദ്രൻ എന്നാണ് അച്ഛന്റെ പേര്. അച്ഛൻ മരിച്ചിട്ട് നാല് വർഷമാകുന്നു. പത്തുവയസ് വരെ ഞാൻ ദുബായിൽ പോയും വന്നും നിന്നു. പഠിച്ചതൊക്കെ നാട്ടിൽത്തന്നെയാണ്.ഇപ്പോൾ അമ്മയോടൊപ്പം തിരുവനന്തപുരത്താണ് താമസിക്കുന്നത്. ബീനയെന്നാണ് അമ്മയുടെ പേര്.ചേട്ടൻ മെഡിസിൻ കഴിഞ്ഞതാണ്. യു.എസിലെ ഫ്ളോറിഡയിൽ ഇപ്പോൾ ബിസിനസ് രംഗത്താണ് ചേട്ടനും ഭാര്യയും.യു.എസിൽ നിന്ന് വരുമ്പോൾ എനിക്ക് തടി അല്പം കൂടുതലായിരുന്നു. ഡാൻസ് പ്രാക്ടീസൊക്കെ ചെയ്ത് തുടങ്ങിയപ്പോഴാണ് തടി കുറഞ്ഞത്. യു.എസിൽ പോയി ചീസും മറ്റുമൊക്കെ കൂടുതലായി കഴിക്കുമ്പോൾ വെയിറ്റ് കൂടും. ഇപ്പോൾ ഞാൻ വെജിറ്റേറിയനാണ്.

ഡാൻസ് പണ്ടേ പഠിച്ച് തുടങ്ങിയതല്ലേ?
പ്ളസ്വണ്ണിന് പഠിക്കുമ്പോഴാണ് ഞാൻ അവസാനമായി ഭരതനാട്യം ചെയ്തത്. അത് കഴിഞ്ഞ് ഇൗ വർഷം തുടക്കത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപത്തോടനുബന്ധിച്ച് ഭരതനാട്യം അവതരിപ്പിക്കാൻ സാധിച്ചു. ഒരുപാട് മനഃശാന്തിയും സന്തോഷവും തന്ന ഒരു നൃത്തപരിപാടിയായിരുന്നു അത്.കലാക്ഷേത്രയിലെ സീനിയർ ലക്ചററായ ഷാലി വിജയൻ ടീച്ചറുടെ കീഴിൽ ഞാൻ ഭരതനാട്യം കൂടുതലായി അഭ്യസിച്ചതും സിനിമയിൽ ബ്രേക്കെടുത്ത സമയത്താണ്.
സിനിമയിൽ ഇനി ആഗ്രഹിക്കുന്നത് എങ്ങനെയുള്ള കഥാപാത്രങ്ങളാണ്?
നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നയാളാണ് ഞാൻ. കരിയറിന്റെ തുടക്കം മുതൽ ഞാൻ കഠിനാദ്ധ്വാനം ചെയ്തത് അതിന് വേണ്ടിയാണ്. നല്ല കഥാപാത്രങ്ങൾ വരുമ്പോൾ മാത്രം ഇനി സിനിമ ചെയ്താൽ മതിയെന്ന തീരുമാനമെടുത്തു.
സിനിമയിൽ ഒരു ഇടവേള വേണമെന്ന് എനിക്കും തോന്നിയിരുന്നു.പത്തുവർഷം സിനിമയിൽ നിന്നിട്ട് ഒരു ബ്രേക്കെടുത്തത് എന്നെത്തന്നെ പഠിക്കാനായാണ്. അതുവരെ കരിയർ മാത്രമായിരുന്നു എന്റെ ഫോക്കസ്. എനിക്ക് കുറച്ചുകാലം എന്റേതായ ജീവിതം ജീവിക്കണമെന്ന് തോന്നി.പാലേരിമാണിക്യത്തിൽ എനിക്ക് ഗംഭീരമായൊരു തുടക്കം കിട്ടി. പക്ഷേ പിന്നീട് എന്റെ സിനിമകളുടെ സെലക്ഷൻ പാളിപ്പോയെന്ന് തോന്നിയിട്ടുണ്ട്. ആ പ്രായത്തിലെ എന്റെ പക്വതക്കുറവായിരുന്നു ശരിയായ കാരണം.
സിനിമാ പാരമ്പര്യമുള്ള ഒരു കുടുംബമല്ല എന്റേത്. പല സിനിമകളും ചെയ്തശേഷമാണ് അത് ചെയ്യേണ്ടായിരുന്നുവെന്നും അല്ലെങ്കിൽ അതിലും നന്നായി എനിക്ക് ചെയ്യാമായിരുന്നുവെന്നുമൊക്കെ തോന്നിയിട്ടുള്ളത്.

ഞാൻ നല്ല സിനിമകളും മോശം സിനിമകളും ചെയ്തിട്ടുണ്ട്. അതും ഒരു പാഠമായിരുന്നു. നല്ല സിനിമകൾ മാത്രം തിരഞ്ഞെടുത്ത് ചെയ്യാൻ ആർക്കും പറ്റില്ല. വലിയ വലിയ അഭിനേതാക്കളുടെ കാര്യമെടുത്താലും അവരൊക്കെ നല്ല സിനിമയും മോശം സിനിമയും ചെയ്തിട്ടുള്ളവരാണ്. അതാരുടെയും തെറ്റും കുറ്റവുമൊന്നുമല്ല. അതങ്ങനെയാണ്.പാലേരിമാണിക്യം കഴിഞ്ഞാൽ എനിക്ക് നല്ലൊരു കഥാപാത്രം കിട്ടിയത് സോൾട്ട് ആൻഡ് പെപ്പറിലാണ്. ആളുകളിലേക്ക് ഇറങ്ങിച്ചെന്ന സിനിമ.ഇൗ അടുത്ത കാലത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് നടക്കുമ്പോൾ ഒരു ദിവസം ശ്രീകുമാർ - ശ്രീവിശാഖ് തിയേറ്റർ കോംപ്ളക്സിൽ വർക്കുണ്ടായിരുന്നു. സോൾട്ട് ആൻഡ് പെപ്പർ നൂറാംദിവസം ആഘോഷിച്ചതിന്റെ ഭാഗമായി അന്നെനിക്ക് അവിടെവച്ച് ലഡുവൊക്കെ കിട്ടിയിരുന്നു.
ഇൗ അടുത്ത കാലത്തിലും നന്നായി പെർഫോം ചെയ്യാൻ പറ്റിയ കഥാപാത്രമാണ് ലഭിച്ചത്. അത്തരം കഥാപാത്രങ്ങൾ അപൂർവ്വമായേ കിട്ടൂ. കുറേ സിനിമകൾ ചെയ്യുന്നതിലല്ല നല്ല കുറച്ച് സിനിമകളെങ്കിലും ചെയ്തിട്ടേ കാര്യമുള്ളൂ.ടി.വി. ചന്ദ്രൻ സാറിന്റെ മോഹവലയത്തിലേതും ഒന്നാന്തരം കഥാപാത്രമായിരുന്നു. പ്രമീളയെന്നായിരുന്നു അതിലെ കഥാപാത്രത്തിന്റെ പേര്. എം.ജെ. രാധാകൃഷ്ണൻ സാറായിരുന്നു കാമറാമാൻ. ചന്ദ്രൻ സാറിനെയും എം.ജെ. സാറിനെയും പോലെ സീനിയർ ടെക്നീഷ്യന്മാരോടൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.മായാമോഹിനി, ചട്ടമ്പിനാട്, ശിക്കാർ തുടങ്ങി ഒരുപാട് ഹിറ്റ്സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. കാറ്റിൽ ഒരു പായ്ക്കപ്പൽ, സിൻജാർ തുടങ്ങി ഒടുവിൽ അഭിനയിച്ച സിനിമകളിലും എനിക്ക് വേറിട്ട കഥാപാത്രങ്ങളാണ് ലഭിച്ചത്.

കല്യാണമോ! കൊറോണയൊക്കെ കഴിയട്ടെ....
എന്നാണ് കല്യാണമെന്ന ചോദ്യത്തിന് തമാശ കലർന്ന മറുപടിയായിരുന്നു മൈഥിലിയുടേത്. ''ഞാൻ തീർച്ചയായും കല്യാണം കഴിക്കും. തത്കാലം ഇൗ കൊറോണയൊക്കെ കഴിയട്ടെ."" ചിരിയോടെ മൈഥിലി.