
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 80,40,203 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49,881 ആളുകൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ താരതമ്യേന കുറവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് 36,470 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 56,480 പേർ രോഗമുക്തി നേടി. ഇതോടെ ആകെ സുഖംപ്രാപിച്ചവരുടെ എണ്ണം 73,15,989 ആയി ഉയർന്നു. 90 ശതമാനത്തിൽ കൂടുതലാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
6,03,687 പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 517 പേർ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 120,527 ആയി ഉയർന്നു. രാജ്യത്തെ മരണനിരക്ക് 1.50% ശതമാനമാണ്. അതേസമയം ഡൽഹിയിൽ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുകയാണ്. രാജ്യതലസ്ഥാനത്ത് പുതുതായി 5,000 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.