
തിരുവനന്തപുരം: സ്വർണക്കടത്തുകാരെ സംരക്ഷിക്കാൻ ശിവശങ്കർ ഇറങ്ങി പുറപ്പെട്ടത് മുഖ്യമന്ത്രിയുടെ താത്പര്യ പ്രകാരമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശിവശങ്കറിന് മാത്രമല്ല സ്വർണക്കടത്തുമായി ബന്ധമുളളത്. മുഖ്യമന്ത്രിയുടെ അടുപ്പക്കാരായ രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ട്. വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാന തസ്‌തികകളിൽ ഇരിക്കുന്ന രണ്ടു പേർ നിരന്തരമായി സ്വർണക്കടത്ത് സംഘവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. സ്വർണക്കടത്ത് കേസ് പ്രതികൾ നിരവധി തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ സന്ദർശനം നടത്തിയത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെയാണ് താൻ ഇത് പറയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
രണ്ട് മന്ത്രിമാർ തുടർച്ചയായി സ്വർണക്കടത്ത് സംഘവുമായി നിരന്തരം സംസാരിച്ചിട്ടുണ്ട്. ഇത് നിഷേധിക്കാൻ തയ്യാറാണോയെന്ന് മുഖ്യമന്ത്രി പറയണം. ശിവശങ്കറിന് പറയാനുളളത് എന്താണെന്ന് അറിയാനാണ് ഇനി കേരളം കാത്തിരിക്കുന്നത്. കളളക്കടത്ത് സംഘത്തെ മുഖ്യമന്ത്രി നേരിട്ട് സഹായിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരായ രണ്ട് മന്ത്രിമാരെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.