
ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ഒൻപതോളം ഇടങ്ങളിൽ എൻ.ഐ.എ റെയ്‌ഡ് നടത്തുന്നു. കാശ്‌മീരിൽ ഏഴിടത്തും ഡൽഹിയിൽ രണ്ടിടത്തുമുളള വിവിധ എൻ.ജി.ഒകളുടെയും ട്രസ്‌റ്റുകളുടെയും ഓഫീസിലാണ് ദേശീയ അന്വേഷണ സംഘത്തിന്റെ റെയ്‌ഡ്. ഇന്ത്യയിലും വിദേശത്തുമായി ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിനെന്ന പേരിൽ ലഭിക്കുന്ന പണം ജമ്മു കാശ്‌മീരിലെ വിവിധയിടങ്ങളിൽ ഭീകരവാദ പ്രവർത്തനം നടത്തുന്ന വിഘടനവാദികൾക്ക് ലഭിച്ചിരുന്നുവെന്നാണ് എൻ.ഐ.എയ്‌ക്ക് ലഭിച്ച വിവരം.
കാശ്‌മീരിലെ നൗഗാമിലുളള ഫലഹ്-ഇ-ആം ട്രസ്‌റ്റിന്റെ ഓഫീസ് റെയിഡ് നടത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റും നടത്തുന്ന സംഘടനയാണിത്. ഇതിന് പുറമേ ചാരിറ്റി അലൈൻസ്,ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ജെകെ യത്തീം ഫൗണ്ടേഷൻ, സാൽവേഷൻ മൂവ്മെന്റ് , ജെ ആന്റ് കെ വോയിസ് ഓഫ് വിക്‌റ്റിംസ് എന്നിവിടങ്ങളിലാണ് റെയിഡ് നടക്കുന്നത്.
വിവിധ വിഘടനവാദികൾ പ്രതിയായ തീവ്രവാദ പണസ്വരൂപണ കേസിൽ അന്വേഷണത്തിനിടെയാണ് സംഘടനകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നതായി എൻ.ഐ.എയ്‌ക്ക് വിവരം ലഭിച്ചത്. ഒരു എൻജിഒയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിയുടെ അക്കൗണ്ടിൽ കോടിക്കണക്കിന് രൂപ എത്തിയതാണ് അന്വേഷണം നടത്താൻ കാരണമായത്. കാശ്‌മീരിനു വേണ്ടിയും അവിടെയുളള വനിതകൾക്കും കുട്ടികൾക്കും വേണ്ടിയും അവരുടെ ആരോഗ്യത്തിനും പഠനത്തിനും എന്ന പേരിലാണ് പണം സ്വരൂപിച്ചിരുന്നത്.
മാവോയിസ്‌റ്റുകളുടെ പ്രവർത്തനരീതി തന്നെയാണ് ഈ സംഘടനകൾ സ്വീകരിച്ചിരുന്നതും പ്രാദേശികമായി നല്ല ബന്ധമുണ്ടാക്കുക, സർക്കാരിനെതിരെ ഇവരിൽ വികാരമുണ്ടാക്കുക എന്നതായിരുന്നു ഇവരുടെ രീതി. ആയുധത്തിന് പകരം തൂലിക ഉപയോഗിച്ചാണ് ആശയപ്രചാരണം നടത്തിയിരുന്നതെന്ന് പിടിയിലുളള വിഘടനവാദികൾ അറിയിച്ചു.
കഴിഞ്ഞ ദിവസവും എൻ.ഐ.എ കാശ്‌മീരിലും ബാംഗ്ളൂരുമായി പത്തോളം ഇടങ്ങളിൽ റെയ്‌ഡ് നടത്തിയിരുന്നു. പലവിധ രേഖകളും ആയുധങ്ങളും ഈ റെയ്ഡിൽ പിടിച്ചെടുത്തതായി എൻ.ഐ.എ അറിയിച്ചിരുന്നു. ജെ ആന്റ് കെ പൗരസമൂഹ കൂട്ടായ്‌മയുടെ കോ-ഓർഡിനേറ്റർ ഖുറം പർവേസിന്റെയും ഇയാളുടെ സഹപ്രവർത്തകരായ പർവേസ് അഹമ്മദ് ബുഹാരി, പർവേസ് അഹമ്മദ് മട്ട,ബംഗളുരുവിലുളള സ്വാതി ശേഷാദ്രി, അസോസിയേഷൻ ഓഫ് പാരന്റ്സ് ഓഫ് ഡിസപ്പിയേർഡ് പേർസൺസ് ചെയർപേഴ്‌സൺ പർവീണ അഹൻഗെർ എന്നിവരുടെ വീടുകളിലും റെയ്‌ഡ് നടന്നു. ഇവർ പേര് പുറത്ത് പറയാത്ത ആളുകളിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്.
ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുഎപിഎ ഉൾപ്പടെ നിയമ പ്രകാരം ഇവർക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതായി ദേശീയാന്വേഷണ ഏജൻസി വൃത്തങ്ങൾ അറിയിച്ചു.