
ടെൻഷനടിച്ച്  ജോർജ്കുട്ടിയും റാണിയും  മെലിഞ്ഞു ദൃശ്യം 2ന്റെ  റിലീസ്  അടുത്തവർഷം....
2013ൽ തൊടുപുഴ വഴിത്തല മാടത്തിൽപ്പറമ്പിൽ വീട് ഒരു മോഹൻലാൽ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി അതിന്റെ ഉടമസ്ഥനായ ജോസഫ് വിട്ടുകൊടുത്തപ്പോൾ ആ സിനിമ മലയാള സിനിമയുടെ ചരിത്രത്തിൽ സ്ഥാനം പിടിച്ച 'ദൃശ്യം" എന്ന മെഗാ ഹിറ്റ് സിനിമ ആകുമെന്ന് അവർ കരുതിയിരിക്കില്ല.ഇന്ന്, ഏഴ് വർഷങ്ങൾക്കിപ്പുറം 'ദൃശ്യം 2"ന് വേണ്ടി ജീത്തു ജോസഫ്, ജോർജ് കുട്ടിയെയും കുടുംബത്തിനെയും വീണ്ടും അതേ വീട്ടിലേക്ക് എത്തിക്കുമ്പോൾ കാലം പല വ്യത്യാസങ്ങളും ഈ കുടുംബത്തിന് വരുത്തിയിട്ടുണ്ട്. 'ദൃശ്യം 2"ന്റെ ലൊക്കേഷനിൽ  സംവിധായകൻ ജീത്തു ജോസഫ് ഫ്ളാഷ് മൂവീസിനോട് സംസാരിക്കുകയാണ്.ഷൂട്ടിംഗ് വളരെ നന്നായിട്ട് മുന്നോട്ട് പോകുന്നു. മുമ്പുള്ള ഷൂട്ടും ഇപ്പോഴത്തേതും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്നാൽ കുറച്ചു വേഗത കുറഞ്ഞുവെന്നതാണ്. ഇതുവരെ കുഴപ്പമൊന്നുമില്ലാതെ പോകുന്നുണ്ട്. ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകും എന്ന് തന്നെയാണ് പ്രതീക്ഷയും.

സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളിൽ നിന്ന്. 'ദൃശ്യം 2" ന്റെ കഥ സിദ്ധിഖ് വെളിപ്പെടുത്തിയോ ?
ഒരു മാദ്ധ്യമത്തിന്റെ പ്രതിനിധി 'ദൃശ്യം 2"ന്റെ കഥ എന്താണെന്ന് സിദ്ധിഖേട്ടനോട് ചോദിച്ചു, അവരെ പറ്റിക്കാൻ മനസിൽ വന്ന ഒരു കഥ അദ്ദേഹം പറഞ്ഞു. അവർ അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അപ്പോൾ തോന്നിയ ഒരു കഥ അങ്ങ് പറഞ്ഞു എന്നേയുള്ളുവെന്നായിരുന്നു സിദ്ധിഖേട്ടനോട് ഞാൻ ചോദിച്ചപ്പോൾ  ചിരിച്ചു കൊണ്ട് പറഞ്ഞത് . ശരിക്കും ആറേഴ് വർഷം മുൻപ് നടന്ന ഒരു കൊലപാതക കേസും അതുമായി ബന്ധപ്പെട്ട ആ കുടുംബത്തിന്റെ ട്രോമയുമാണ് 'ദൃശ്യം 2" ന്റെ കഥയുടെ ഇതിവൃത്തം. അല്ലാതെ ഇതിൽ പുതിയൊരു കൊലപാതകവും അതിന്റെ അന്വേഷണവും ഒന്നുമില്ല. ഇവരോടുള്ള പൊലീസിന്റെയും നാട്ടുകാരുടെയും മറ്റും കാഴ്ച്ചപ്പാട്, അങ്ങനെയുള്ള രണ്ടു മൂന്ന് ആംഗിളുകളിലാണ് സിനിമ മുന്നോട്ട് പോകുന്നത്. സിനിമയിൽ അതിന്റേതായ ടെൻഷൻ ഒക്കെ ഉണ്ടാകും.

ജോർജ് കുട്ടിക്കും റാണിക്കും പ്രായം കുറഞ്ഞോ ?
ആദ്യത്തെ സ്റ്റീൽസ് പുറത്തു വന്നപ്പോൾ കേട്ട ചോദ്യമാണിത്. അവർ ടെൻഷൻ അടിച്ച് മെലിഞ്ഞു പോയതാണ്. പ്രൊഫഷണൽ ക്രിമിനൽസ് അല്ലല്ലോ അവർ. കുടുംബത്തിന് വേണ്ടിയിട്ടാണെങ്കിലും ഏഴ് വർഷമായി ഒരു കുറ്റം ചെയ്ത് അത് മറച്ചു പിടിച്ചിരിക്കുകയല്ലേ. മനപ്പൂർവ്വമല്ലെങ്കിൽ കൂടി ഒരു കൊലപാതകം ചെയ്തില്ലേ. സ്വാഭാവികമായും അത് അവരെ വേട്ടയാടും. അവരുടെ മാനസികമായ സംഘർഷങ്ങളും ബുദ്ധിമുട്ടുകളും തന്നെയാണ് ഈ സിനിമയുടെ ഇതിവൃത്തം. പൂർണമായും ഒരു കുടുംബ ചിത്രമായിരിക്കും. മുരളി ഗോപിയും ഗണേഷ് കുമാറും  അവതരിപ്പിക്കുന്ന പുതിയ ചില കഥാപാത്രങ്ങൾ 'ദൃശ്യം 2"ൽ ഉണ്ട്.
ജോർജ് കുട്ടിക്കും റാണിക്കും ഒപ്പം ജീത്തു ജോസഫും മെലിഞ്ഞു കണ്ടു ?
അത് ടെൻഷൻ കൊണ്ട് മെലിഞ്ഞതല്ല. ഡയറ്റ് ചെയ്ത് മനപ്പൂർവം മെലിഞ്ഞതാണ്. ലോക് ഡൗൺ സമയത്ത് സംഭവിച്ചതാണ് ഈ ഡയറ്റിങ്.

സെറ്റിൽ മോഹൻലാലിനെ കാണാൻ  സന്ദർശകർ എത്താറുണ്ടോ?
രണ്ടു ദിവസം മുമ്പേ കൊവിഡ് ടെസ്റ്റ് ചെയ്ത്  നെഗറ്റീവ് ആയാൽ മാത്രമേ സിനിമയുമായി ബന്ധപ്പെട്ട ആൾക്കുപോലും സെറ്റിലേക്ക് പ്രവേശം  അനുവദിക്കുകയുള്ളൂ. 'ദൃശ്യം 2" ഒരു നല്ല സിനിമ ആയിരിക്കും ഒരു ത്രില്ലർ ആകുമോ എന്ന് അറിയില്ല. 'ദൃശ്യം" ഒരുക്കിയത് തന്നെ ഒരു ഫാമിലി ഡ്രാമ ആയിട്ടാണ്. പിന്നീട് അത് ഒരു ഫാമിലി ത്രില്ലർ ആയി മാറുകയും വലിയ വിജയമായി മാറുകയുമായിരുന്നു. 'ദൃശ്യം 2"ഒരു നല്ല സിനിമയായിരിക്കും എന്ന ആത്മവിശ്വാസമുണ്ട്. എന്നാൽ അത് എത്രമാത്രം  തിയേറ്ററുകളിൽ ഓടും എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. 'ദൃശ്യ"വും 'മെമ്മറീസും" എല്ലാം അങ്ങനെ തന്നെ ആയിരുന്നു. ഒരു രണ്ടാം ഭാഗം ചെയ്യാൻ വേണ്ടി മാത്രം ചെയ്യുന്ന സിനിമ അല്ല 'ദൃശ്യം 2". മൂന്നാലു വർഷമായി ഇങ്ങനെ ഒരു സിനിമ ചെയ്യാനുള്ള സാധ്യത ഉണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. ഒരു സാധ്യത വന്നു. അങ്ങനെ എഴുതി. പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടെന്ന് അറിയാം. അതിനു വേണ്ടി നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ല.
'ദൃശ്യം 2"തിയേറ്റർ റിലീസോ ഒ. ടി. ടി പ്ലാറ്റ്ഫോമിലോ ?
തിയേറ്റർ റിലീസിന് തന്നെയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. നമ്മൾ പ്ലാൻ ചെയ്തത് പോലെ നടന്നാൽ നവംബർ പകുതിയാകുമ്പോൾ ഷൂട്ട് പൂർത്തിയാകും. 2021ൽ പ്രേക്ഷകർക്കു മുന്നിലെത്തും.