
കവിയും ഗാനരചയിതാവും  പത്രപ്രവർത്തകനും  മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായ  പ്രഭാവർമ്മ  തനിക്ക്  പ്രിയപ്പെട്ട 10 പാട്ടുകൾ  ഫ്ളാഷ് മൂവീസ്  വായനക്കാർക്കു വേണ്ടി തിരഞ്ഞെടുക്കുന്നു......
1 ആത്മവിദ്യാലയമേ...
ഹരിശ്ചന്ദ്ര എന്ന ചിത്രത്തിനുവേണ്ടി തിരുനയനാർ കുറിച്ചി എഴുതി ബ്രദർ ലക്ഷ്മൺ ഇൗണമിട്ട് കമുകറ പുരുഷോത്തമൻ പാടിയ ഗാനം. മരണത്തെക്കുറിച്ച് ദാർശനികമായ തലത്തിൽ പ്രതിപാദിക്കുന്ന ഗാനമാണ്. ജീവിതത്തിന്റെ ക്ഷണികതയെ ഓർമ്മിപ്പിച്ചുകൊണ്ട് മനസിനെ പരിപാകം വരുത്തുന്ന സർഗാത്മകമായ ഒരു ഇടപെടൽ നടത്തുന്ന ഗാനം.
2 കണ്ണു തുറക്കാത്ത ദൈവങ്ങളേ...
അഗ്നിപുത്രിക്കുവേണ്ടി വയലാർ രാമവർമ്മ എഴുതി എം.എസ്. ബാബുരാജ് ഇൗണമിട്ട് പി. സുശീല പാടിയ ഗാനം ഒരു നിരാശ്രയ അവസ്ഥയിൽ എല്ലാമർപ്പിച്ച് ആശ്വാസം നേടാൻ സാധാരണ മനുഷ്യർ ആശ്രയിക്കുന്ന ദൈവങ്ങൾപോലും ആശ്രയമറ്റ ബിംബങ്ങൾ മാത്രമാണെന്ന് പറയുന്ന വ്യതിരിക്തമായ ഒരു ഗാനമാണ്. ഒപ്പം തന്നെ നിരാശ്രയവും നിന്ദിതവുമായ സ്ത്രീത്വത്തിന്റെ നിലവിളികൾ ദൈവത്തിലെത്താതെ പോകുന്നതിന്റെ ആകുലതകൾ ആവിഷ്കരിക്കുന്ന ഗാനം.
3 തങ്കത്തളികയിൽ പൊങ്കലുമായ് വന്ന...
ഗായത്രി എന്ന സിനിമയ്ക്കുവേണ്ടി വയലാർ എഴുതി ദേവരാജൻ ഇൗണമിട്ട് യേശുദാസ് പാടിയ ഇൗ ഗാനത്തിൽ സൗന്ദര്യസങ്കല്പം കടഞ്ഞെടുത്ത ഒരു പ്രണയിനിയുടെ വാങ്മയ ചിത്രം അവതരിപ്പിക്കുന്നുണ്ട്. മറ്റേത് സിനിമാഗാനത്തേക്കാളുമുയരത്തിൽ വാക്കുകൾ കൊണ്ട് ചിത്രം വരച്ച് കാട്ടുന്ന ഗാനം. തമിഴ് സംസ്കാരത്തോട് താദാത്മ്യം പ്രാപിച്ച് നിൽക്കുന്ന ഒരു സ്ത്രീ രൂപമാണ് ഇൗ ഗാനത്തിലവതരിപ്പിക്കുന്നത്.
4 താമസമെന്തേ വരുവാൻ...
പി. ഭാസ്കരൻ എഴുതി എം.എസ്. ബാബുരാജ് ഇൗണമിട്ട ഭാർഗ്ഗവിനിലയത്തിലെ താമസമെന്തേ വരുവാൻ... മലയാള ചലച്ചിത്ര സംഗീത രംഗം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഗാനമാണ്. രചന കൊണ്ടും സംഗീതം കൊണ്ടും ആലാപനം കൊണ്ടും ആസ്വാദക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ഗാനം. അന്തരീക്ഷ സൃഷ്ടികൊണ്ട് ഒപ്പം തിരഞ്ഞെടുത്ത പദങ്ങളുടെ ഭാവാത്മകമായ ചേരുവകൊണ്ട് മനസിനെ അസ്വസ്ഥമാക്കുന്ന ഗാനം. പാതിരാക്കാറ്റിൽ നിന്റെ പട്ടുറുമാലിളകിയല്ലോ... എന്ന വരി ആരെയും തങ്ങളുടെ കൗമാരപ്രണയ ഘട്ടത്തിലേക്ക് കൊണ്ടുപോകും.
5 മഞ്ഞണിപ്പൂനിലാവ്  പേരാറ്റിൻകടവത്ത്...
നഗരമേ നന്ദി എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരൻ എഴുതി കെ. രാഘവൻ ഇൗണമിട്ട് എസ്. ജാനകി പാടിയ ഗാനം. സംസ്കൃതപദ സ്പർശമില്ലാതെ പച്ച മലയാളവാക്കുകൾ കോർത്ത് പാട്ടുണ്ടാക്കുന്നതിൽ അന്യാദൃശ്യമായ കഴിവാണ് ഭാസ്കരൻ മാഷിനുള്ളത്. മലയാളത്തിന്റെ മണവും നിറവും കനിവും രുചിയും നിറഞ്ഞുനിൽക്കുന്ന  ഭാവസുന്ദരമായ ഗാനമാണിത്.
6 ചിരിക്കുമ്പോൾ  കൂടെ ചിരിക്കാൻ...
കടൽ എന്ന സിനിമക്ക് വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി എം.ബി. ശ്രീനിവാസൻ ഇൗണമിട്ട് എസ്. ജാനകി പാടിയ പാട്ട് ജീവിതത്തെക്കുറിച്ചും അതിന്റെ സങ്കീർണ്ണ സമസ്യകളെക്കുറിച്ചുമുള്ള മൂല്യവത്തായ വലിയൊരു പാഠം മുന്നോട്ട് വയ്ക്കുന്നു. തത്വചിന്താപരമായ തലത്തിൽ വ്യാപരിക്കുമ്പോൾത്തന്നെ സൗന്ദര്യാത്മകമായ ഭാഷയിൽ അത് മനസിനോട് സംവാദിക്കുന്നു,
7അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നുഞാൻ...
നീയെത്ര ധന്യയ്ക്കുവേണ്ടി ഒ.എൻ.വി. കുറുപ്പ് എഴുതി ദേവരാജൻ ഇൗണമിട്ട് യേശുദാസ് പാടിയ ഗാനം.
ഒരുകാലത്ത് ചലച്ചിത്ര ഗാനങ്ങൾ നമ്മുടെ സാഹിത്യബോധത്തോടാണ് സംവദിച്ചിരുന്നത്. അതിനെ മാറ്റി മനസിനോട് സംവദിക്കുന്ന വികാരത്തിന്റെ ഭാഷയിലേക്ക് പരിവർത്തിപ്പിച്ചെടുത്തതിൽ പ്രമുഖനാണ് ഒ.എൻ.വി. അതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തങ്ങളിലൊന്നാണ് അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ എന്ന ഗാനം.
8 ഇന്ദുപുഷ്പം ചൂടി  നില്ക്കും രാത്രി...
വൈശാലിക്കുവേണ്ടി ഒ.എൻ.വി. കുറുപ്പ് എഴുതി രവിബോംബെ ഇൗണമിട്ട് കെ.എസ്. ചിത്ര പാടിയ ഗാനം. രാത്രിയെ വശീകരണ വിദ്യുക്തയായ കാമിനിയായി സങ്കല്പിക്കുന്നു. അംബോപദേശം പോലെയുള്ള പഴയ വശീകരണ തന്ത്രസ്വഭാവത്തിലുള്ള കൃതികളുടെ ജനുസിൽപ്പെടുന്ന ഗാനമാണിത്. ഋശ്യശൃംഗനെ വശീകരിക്കാൻ മകളെ ഒരുക്കി അയക്കുുന്ന  സന്ദർഭത്തിലെ അമ്മയുടെ ഉപദേശ സ്വഭാവത്തോടുകൂടിയ ഗാനം.
9 തെക്കിനിക്കോലായ  ചുവരിൽ...
സൂഫി പറഞ്ഞ കഥയിലെ കെ.എസ്. ചിത്ര പാടിയ ഇൗ ഗാനം റഫീക്ക് അഹമ്മദിന് മികച്ച ഗാനരചയിതാവിനും മോഹൻസിതാരയ്ക്ക് മികച്ച സംഗീത സംവിധായകനുമുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു.
ഒതുക്കിപ്പിടിച്ച പ്രണയത്തിന്റെ സൗന്ദര്യ സാരസ്വതത്തെ യാകെ ഒരേ സമയം ഹൈന്ദവവും ഇസ്ളാമികവുമായ സാംസ്കാരിക പശ്ചാത്തലത്തിൽ പകർന്ന് വച്ചിരിക്കുകയാണ്. മനോഹരമായ രചന, ആർദ്രമായ സംഗീതം.
10 ഏത്  സുന്ദര സ്വപ്ന  യവനിക നീക്കി നീ വന്നൂ...
നടൻ എന്ന സിനിമയ്ക്കുവേണ്ടി ഞാനെഴുതിയ ഇൗ പാട്ടിന് ഇൗണമിട്ടത് ഒൗസേപ്പച്ചനാണ്. നജീം അർഷാദും ശ്വേതമോഹനും ചേർന്ന് പാടിയ ഒരു പ്രണയഗാനം. ആയിരം ചന്ദ്രോദയം പോലെ മനസ് തെളിയിക്കുന്ന ഒരുനുഭവമായി പ്രണയം മാറുന്നതിന്റെ ഒരു അന്തരീക്ഷം ആ പാട്ടിലും. ഇല്ല നീയെന്നാകിലില്ല ഞാനും ഇൗ വാഴ്വും. പിന്നെയെന്തുണ്ടാവും ഇരുളും മൃതിയുമല്ലാതെ... എന്ന ആ പാട്ടിലെ വരികൾ എനിക്ക് വളരെ പ്രിയപ്പെട്ടതാണ്.
തയ്യാറാക്കിയത് എസ് .അനിൽ കുമാർ