bjp

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ജനപ്രിയരും പൊതുസമ്മതരുമായ വ്യക്തികളെ സ്ഥാനാർത്ഥികളാക്കാൻ ലക്ഷ്യമിട്ട് ബി ജെ പി. നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് വിവിധ രാഷ്ട്രീയപ്പാർട്ടികളിൽനിന്നുള്ള പ്രമുഖരെ പാളയത്തിലെത്തിച്ച് പലയിടങ്ങളിലും ഭരണം പിടിക്കാനാണ് ബി.ജെ.പിയുടെ പദ്ധതി. ഇതിനോടനുബന്ധിച്ച് ഘടകകക്ഷികളോട് ഉദാരസമീപനം സ്വീകരിച്ചേക്കും.

പ്രധാനഘടകകക്ഷിയായ ബി ഡി ജെ എസിന് നിലവിൽ ബി ജെ പിയോട് അതൃപ്‌തിയൊന്നുമില്ല. ഇടഞ്ഞു നിൽക്കുന്ന പി സി തോമസിനെ ചില സ്ഥാനമാനങ്ങൾ നൽകി കഴിഞ്ഞാൽ കൂടെത്തന്നെ നിറുത്താകുമെന്ന പ്രതീക്ഷയും സംസ്ഥാന നേതൃത്വത്തിനുണ്ട്. ജയസാധ്യതയുള്ള പൊതുസ്ഥാനാർത്ഥികളെ രംഗത്തിറക്കിയാകും മറ്റു രണ്ടുമുന്നണികളെയും എൻ.ഡി.എ. നേരിടുക. പരമാവധി സീറ്റിൽ താമരചിഹ്‌നത്തിൽത്തന്നെ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും.

തലസ്ഥാനത്ത് കൂട്ടലും കിഴിക്കലുമായി മുന്നണികൾ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും നഗരസഭാ വാർഡുകളിലെ സ്ഥാനാർത്ഥി നിർണയ ചർച്ച പുരോഗമിക്കുകയാണ്. സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുന്നണികൾ ഏദേശ ധാരണയിലെത്തിയിട്ടുണ്ട്. നഗരസഭ ഡെപ്യൂട്ടി മേയർ സ്ഥാനം ആർക്ക് നൽകണമെന്ന തീരുമാനത്തിലെത്തിയിട്ടില്ല.

മേയർ സ്ഥാനം ഇത്തവണ വനിതാ സംവരണമായതിനാൽ ഡെപ്യൂട്ടി മേയർ സ്ഥാനം ജനറൽ വിഭാഗത്തിന് ലഭിക്കും. ആ സ്ഥാനത്തേക്ക് പുരുഷൻമാരെ പരിഗണിക്കാനാണ് സാദ്ധ്യത. ഇടതുമുന്നണിയിൽ മേയർ സ്ഥാനം സി.പി.എമ്മിനായതിനാൽ ഡെപ്യൂട്ടി മേയർ സ്ഥാനം സി.പി.ഐക്കാണ്. വെട്ടുകാട് സോളമന്റെ പേരാണ് ഉയരുന്നത്. സോളമന്റെ ശംഖുംമുഖം വാർഡ് ഇത്തവണ സ്ത്രീ സംവരണത്തിലേക്ക് മാറിയതിനാൽ മറ്റെവിടെയെങ്കിലും മത്സരിച്ചേക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നിലവിലെ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ വഴുതക്കാട് നിന്നും ഇത്തവണയും ജനവിധി തേടുന്നുണ്ട്. മറ്റാരും അവകാശവാദം ഉന്നയിച്ചില്ലെങ്കിൽ രാഖി രവികുമാറിനെത്തന്നെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാദ്ധ്യതയുണ്ട്.

യു.ഡി.എഫിൽ സീറ്റ് വിഭജനത്തെപ്പറ്രി ചർച്ചകൾ നടന്നുവരുന്നതേയുള്ളൂ.ഡെപ്യൂട്ടി മേയർ സ്ഥാനം ഘടകകക്ഷികൾക്ക് കൊടുക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുത്താൽ മാത്രമേ ചിത്രം തെളിയൂ.

ബി.ജെ.പിയിൽ മുതിർന്ന നേതാവ് ബി.അശോക് കുമാർ,കൗൺസിലർമാരായ എം.ആർ ഗോപൻ, വി.ഗിരികുമാർ എന്നിവർ മത്സരരംഗത്തുണ്ടാകുമെന്ന് പറയപ്പെടുന്നു. ഇവരിലാരെയെങ്കിലും പരിഗണിച്ചേക്കാം.

മൂന്ന് മുന്നണികളും ഡെപ്യൂട്ടി മേയർ സ്ഥാനം ആർക്കെന്ന കാര്യത്തിൽ വ്യക്തമായ സൂചന നൽകിയിട്ടില്ല. ഇക്കാര്യം പിന്നീട് ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന ധാരണയിലാണ് മുന്നണികൾ.