
ആസ്വാദകരുടെ ഹൃദയത്തിൽ തൊട്ട ആയിരത്തിലധികം ഇൗണങ്ങളൊരുക്കിയ സംഗീത സംവിധായകൻ
എം. ജയചന്ദ്രൻ തുറന്നു സംസാരിക്കുന്നു......
സിനിമകളിൽ ആയിരത്തിലധികം ഈണങ്ങൾ സൃഷ്ടിച്ച്, മലയാളികളുടെ പ്രിയപ്പെട്ട സംഗീതജ്ഞൻ എം ജയചന്ദ്രന്റെ സംഗീത സപര്യയുടെ ജൈത്രയാത്ര ഇരുപത്തിയഞ്ചു വർഷത്തിലെത്തി നിൽക്കുകയാണ്...തന്റെ ജീവവായുവായ ഈണങ്ങളെ ക്കുറിച്ചും തന്റെ സംഗീത യാത്രയെക്കുറിച്ചും എം ജയചന്ദ്രൻ തുറന്നു സംസാരിച്ചു.
ആയിരത്തിലധികം ഈണങ്ങൾ , സൃഷ്ടാവിന്റെ അനുഭൂതി
നാരായണീയമാണ് ഇപ്പോൾ മനസിലേക്ക് വരുന്നത് . 'സാന്ദ്രനന്ദ വാ ബോധാത്മകം'സാന്ദ്രമായ ആനന്ദത്തിന്റെ അവബോധം. അത് സംഗീതം. അതുകൊണ്ട് തന്നെ അത് ഈശ്വരൻ.ഞാൻ ഒരു മാധ്യമമാണ്. റേഡിയോ പോലെ.റേഡിയോ ഒന്നും സ്വയമായി സൃഷ്ടിക്കുന്നില്ല.പ്രക്ഷേപണം ചെയ്യുകയാണ്. ദൈവം തരുന്ന ഈണങ്ങൾ എന്നിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്നു അതാണ് പരമമായ സത്യം.
ഒരു പാട്ട് ജനിക്കുന്ന പ്രക്രിയ
തിരക്കഥയ്ക്ക് വലിയൊരു പങ്കുണ്ട് .പാട്ടിന്റ ഓരോ കഥാ സന്ദർഭങ്ങളെക്കുറിച്ച് സംവിധായകനുമായി സംസാരിക്കാറുണ്ട്. സൂഫിയും സുജാതയുടെയും തിരക്കഥ സംവിധായകൻ ഷാനവാസ് തന്നെയാണ് എഴുതിയത്. ഷാനവാസ് എന്നെ ആ കഥയിലേക്ക് കൊണ്ടുപോകുകയായിരുന്നു.അങ്ങനെയാണ് ആ മനോഹര ഗാനം ജനിക്കുന്നത്.

വാതുക്കല്  വെള്ളരി പ്രാവ് ....
നിർമാതാവ് വിജയ് ബാബുവാണ് സൂഫിയും സുജാതയുടെയും സംഗീതം ചെയ്യാൻ ആദ്യം എന്നെ ബന്ധപ്പെട്ടത്.അതിൽ രണ്ടു പാട്ടിനുള്ള സാധ്യതയാണുണ്ടായിരുന്നത് എന്നാൽ ഞാൻ പറഞ്ഞു അഞ്ചു പാട്ടെങ്കിലും വേണമെന്ന്. അതൊരു ചെറിയ സിനിമയായതുകൊണ്ട് അതിന്റെതായ പരിമിതികളുണ്ടായിരുന്നു അവർക്കും. അതുകൊണ്ട് തന്നെ ഉള്ള രണ്ടുപാട്ടുകൾ മനോഹരമാക്കണമെന്ന് തോന്നി.എക്കാലവും എല്ലാവരിലും നിറഞ്ഞു നിൽക്കുന്ന പാട്ടുവേണമെന്ന തോന്നലിലാണ് ആ ഗാനങ്ങൾ ജനിക്കുന്നത്.
ഹരിനാരായണനായിരുന്നു സൂഫിയും സുജാതയുടെ സംഗീതത്തിന് വരികൾ എഴുതിയത് .റൂമിയുടെ ഒരു വാചകമുണ്ട് 'You are not a drop in the ocean. You are the entire ocean in a drop" ('ഒരു കടലിലെ തുള്ളിയല്ല ഒരു കടലിന്റെ മുഴുവനും ചേർന്ന ഒരു തുള്ളിയാണ് നീ "...) .ഇത് പല്ലവിയിൽ വേണമെന്ന് ഞാൻ നിർബന്ധം പറഞ്ഞിരുന്നു.അപ്പോൾ ഹരി എഴുതിയ വരികളായിരുന്നു ''തുള്ളിയാമെൻ ഉള്ളില് വന്നു നീയാം കടല് ...""എനിക്ക് അത്ഭുതം തോന്നിയില്ല കാരണം ഹരി നാരായണൻ അത്രയ്ക്ക് ജീനിയസായ കലാകാരനാണ്. സംവിധായകൻ ഈ ഗാനം ശ്രേയ ഘോഷലിനെകൊണ്ട് പാടിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഞാനാണ് പറഞ്ഞത് ഇതൊരു പുതിയ ശബ്ദത്തിൽ വേണമെന്ന്. അങ്ങനെയാണ് നിത്യാ മാമനിലേക്ക് എത്തുന്നത്.എന്റെ പ്രിയ സുഹൃത്ത് രവിശങ്കറാണ് നിത്യയുടെ പേര് സൂചിപ്പിച്ചത്.ഒപ്പം അർജുൻ കൃഷ്ണയും ,സിയാ ഉൽ ഹഖും ചേർന്നാണ് ആ ഗാനം അനശ്വരമാക്കിയത്. പാട്ടു ഹിറ്റായപ്പോൾ സന്തോഷം തോന്നി. ഏറ്റവും കൂടുതൽ കവർ വെർഷനുണ്ടായ സിനിമ ഗാനമെന്ന റെക്കോർഡും വാതുക്കല് വെള്ളരിപ്രാവിനാണ്.
റിയാലിറ്റി ഷോകൾ ഒരുപാട് ടാലന്റുകളെ പുറത്തുകൊണ്ടു വരുന്നു
റിയാലിറ്റി ഷോകളെ ക്കുറിച്ച് പല വാദങ്ങൾ ഉണ്ടെങ്കിലും എനിക്ക് റിയാലിറ്റി ഷോകൾ നല്ലൊരു പ്രവണതയായാണ് തോന്നിയിട്ടുള്ളത്. കുട്ടികളെ കൊണ്ട് കല്ലെടുപ്പിക്കുന്നുവെന്ന വാദങ്ങളെല്ലാം കേട്ടിട്ടുണ്ട്. പക്ഷേ കുട്ടികൾക്കതെല്ലാം വളരെ ലളിതമായ കാര്യമാണ്. കാണുന്നവർ അതിനെ പല രീതിയിൽ വിമർശിക്കുകയാണ്.റിയാലിറ്റി ഷോകളിൽ വിസ്മയിപ്പിക്കുന്ന ഒരുപാട് ടാലന്റുകൾ കാണാൻ സാധിച്ചു.പുതിയ ടാലന്റുകൾ ഒരുപാടുണ്ട്.അതിലൊരാളാണ് അർജുൻ കൃഷ്ണ.അവനൊരു പ്രോഡിജിയാണ്.

ഇപ്പോൾ വേദിയുണ്ട്
ഇന്ന് അവസരങ്ങൾ ഒരുപാടുണ്ട് കഴിവുകൾ തുറന്നു കാണിക്കാൻ. പക്ഷേ മുൻപ് അങ്ങനെയൊരു അവസ്ഥയല്ല. ശ്രീറാം ഏട്ടൻ (ജി .ശ്രീറാം )കാറ്റേ ..കാറ്റേ...എന്ന ഗാനം പാടുന്നത് അമ്പത് വയസിന് ശേഷമാണ്. ഒരു ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുമ്പുതന്നെ അദ്ദേഹം അസാധ്യമായി പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. അന്ന് അവസരങ്ങൾ കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. അതുപോലെ മറഞ്ഞു നിൽക്കുന്ന എല്ലാ കഴിവുകളെയും വെളിച്ചത്തിലേക്ക് കൊണ്ട് വരണമെന്നാണ് ആഗ്രഹം. അതിന് കൈത്താങ്ങാവാൻ സാധിക്കുകയാണെങ്കിൽ അതും ഈശ്വരാനുഗ്രഹമായാണ് കാണുന്നത്.
റിയാലിറ്റി ഷോകളിൽ കുട്ടികൾ പാടുന്നതിൽ വലിയൊരു പങ്കുംപഴയ പാട്ടുകളാണ്, ജയചന്ദ്രന്റെ പാട്ടുകളും പാടുന്നു.പുതിയകാലത്തെ പാട്ടുകൾ വലിയതോതിൽ ഇപ്പോഴുള്ള കുട്ടികൾ പാടുന്നുണ്ടോ ?
റിയാലിറ്റി ഷോകളിലെ മത്സരാർത്ഥികൾ പാട്ടുകൾ തിരഞ്ഞെടുക്കുമ്പോൾ അതിൽ എന്ത് പാടാനുണ്ട് എന്ന ഒരു കാര്യമുണ്ട്.പഴയ പാട്ടുകളിൽ പാടാനുണ്ട്. ഇന്നത്തെ പാട്ടുകളിൽ ഒരുപക്ഷേ അത്രയധികം പാടാനില്ല. മത്സരമായതുകൊണ്ട് തന്നെ പാടാനുള്ള പാട്ടുകളാണ് കുട്ടികൾ തിരഞ്ഞെടുക്കുക.പണ്ടത്തെ സിനിമകളിൽ നിന്ന് ഇന്നത്തെ സിനിമകളുടെ ഗ്രാമർ മാറിയിട്ടുണ്ട്. ഇന്ന് റിയലിസ്റ്റിക്ക് സിനിമകളാണ് കൂടുതൽ ഉണ്ടാവുന്നത്. ചില ഭാഗങ്ങളെ മനസിലാക്കാൻ വേണ്ടിയായിരിക്കും പുതിയ സിനിമകളിലെ പാട്ടുകൾ. ആ പാട്ട് സിനിമയോട് നീതി പുലർത്തും പക്ഷേ അതിൽ എത്ര സംഗീതം ഉണ്ടാകുമെന്ന കാര്യത്തിൽ ചില ആശയകുഴപ്പങ്ങളുണ്ട്. പണ്ട് നസീർ സാർ ഒരു സിത്താർ എടുത്ത് പാടുകയാണ്  ''താമസമെന്തെ വരുവാൻ...""അവിടെ ഒരു നിമിഷം കൊണ്ട് പാടുകയാണ്. മറ്റൊന്നും ചിന്തിക്കുന്നില്ല. ''ഉത്തരാ സ്വയംവരം കഥകളി കാണുവാൻ .."" മറ്റൊരു മനോഹര ഗാനം.ഇന്നത്തെ ഗാനങ്ങൾക്ക് ലൈഫ് കുറവാണെന്ന് തോന്നിയിട്ടുണ്ട്.

ഈണത്തിനടിയിൽ പാട്ടിന്റെ വരികൾ അടിഞ്ഞു പോവുന്നതായി ഗാന രചയിതാക്കൾ പലരും വിമർശിക്കാറുണ്ട്. താങ്കൾ വരികൾക്ക് പ്രാധാന്യം നൽകുന്നയാളുമാണ്?
ബഹുമാനത്തോടുകൂടി തന്നെ വിയോജിക്കുകയാണ്. എന്റെ പാട്ടുകളിൽ അങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെന്ന് തോന്നിയിട്ടില്ല. ഞാൻ വരികൾക്ക് പ്രാധാന്യം നൽകിത്തന്നെയാണ് ഈണം നൽകുന്നത്.മറ്റുള്ളവർ എങ്ങനെ കാണുന്നുവെന്നതിനെ വിമർശിക്കാൻ ഞാൻ ആളല്ല.
സങ്കേതികതയുടെ അതിപ്രസരം വരികളുടെ പ്രാധാന്യം കുറച്ചുവെന്നു തോന്നിയിട്ടുണ്ടോ ?
ആരാണ് മാസ്റ്റർ ? ആരാണ് അടിമ ?എന്ന ഒരു കാര്യമുണ്ട് ഇതിൽ. എപ്പോഴും സംഗീതമായിരിക്കണം മാസ്റ്റർ. സങ്കേതികത എപ്പോഴും നമ്മളുടെ അടിമ തന്നെയായിരിക്കണം. അതിനെ മാസ്റ്ററാക്കാൻ ശ്രമിക്കരുത്. അടിമയാവുമ്പോൾ അവിടെ നിൽക്ക് എന്ന് പറയുമ്പോൾ അവിടെ നിൽക്കാൻ കഴിയണം. സംഗീതത്തെ ഭരിക്കാൻ സങ്കേതികതയെ അനുവദിക്കരുത്. പലയിടത്തും സങ്കേതികത മാസ്റ്ററാവുമ്പോൾ സംഗീതത്തിന്റെ ഹൃദയം കാണാൻ സാധിക്കില്ല. സിനിമയുടെ സാഹചര്യമനുസരിച്ച് അങ്ങനെ എനിയ്ക്കും ചെയ്യേണ്ടി വന്നിട്ടുണ്ട്. അങ്ങനെ പിറന്ന പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടിട്ടുമില്ല.
സംഗീത സംവിധായകന്റെ കൈയിലെഉപകരണമാണോ ഗായകൻ?എ.ആർ.റഹ്മാനൊക്കെ അങ്ങനെ കാണുന്നുണ്ടെന്ന് പറയാറുണ്ട്?
എനിക്കങ്ങനെ തോന്നിയിട്ടില്ല. സംഗീത സംവിധായകർ മാസ്റ്ററാവുന്നതിൽ ഒരു തെറ്റുമില്ല. അതുകൊണ്ടാണല്ലോ ദേവരാജൻ മാസ്റ്ററെന്നും രാഘവൻ മാസ്റ്ററെന്നും ദക്ഷീണാമൂർത്തി സ്വാമിയെന്നും നമ്മൾ പറയുന്നത്. അവരെയെല്ലാം  ഇൗശ്വരന്മാരെപോലെയാണ് തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് അവരെയെല്ലാം മാസ്റ്ററെന്നും സ്വാമിയെന്നുമൊക്കെ നമ്മൾ വിളിക്കുന്നത്. അതുപോലെ തന്നെയാണ് യേശുദാസ് . അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ ഒരുപാട് സംഗീത സംവിധായകരുണ്ട്.ടൂളാണ് എന്ന ഒരു വാക്ക് ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നില്ല. ഒരു സംഗീതം ജനിക്കുക എന്നാൽ ഒരു ടീമിന്റെ വിജയമാണ്.
ഞാൻ ഒരു ഗാനം ചിട്ടപ്പെടുത്തുമ്പോൾ ആ കഥാപാത്രത്തെ ഉൾകൊണ്ടുകൊണ്ടായിരിക്കും അപ്പോൾ ഗായകൻ അതിൽ വല്ല ഇംപ്രവൈസേഷനും നടത്താൻ ഞാൻ അനുവദിക്കാറില്ല.സംഗീത സംവിധായകനിൽ നിന്ന് ഒരു ഈണം ജനിക്കുമ്പോൾ ഗായകൻ അതിന് ശബ്ദം നൽകുന്നു.സംഗീത സംവിധായകൻ എന്തണോ പറയുന്നത് അതെല്ലാം ഉൾകൊണ്ട് വൈവിധ്യമാർന്ന സ്വരസംക്രമം നടത്തി വികാര ഭാവങ്ങൾ ഒരുമിപ്പിച്ച് പാടുകയാണ് ഒരു ഗായകൻ ചെയ്യേണ്ടത് .അപ്പോഴാണ് ആ പാട്ടുകൾക്ക് ജീവൻ ലഭിക്കുന്നത്.

സംഗീത സംവിധാനം താങ്കൾ തപസനുഷ്ഠിക്കുന്നപോലെയാണ് ചെയ്യുന്നത്. സഹപ്രവർത്തകരും അങ്ങനെയായാവണമെന്ന് ആഗ്രഹിക്കാറുണ്ടോ ?
തീർച്ചയായും.ആ കാര്യത്തിൽ ഒരു രീതിയിലുള്ള വിട്ടുവീഴ്ചയ്ക്കും ഞാൻ തയ്യാറാവില്ല.സ്റ്റുഡിയോയിൽ ഞാൻ പറയുന്ന കാര്യമാണ് 'നോ ഗോസിപ്പിംഗ് ' .ആരെക്കുറിച്ചും ഇവിടെ സംസാരിക്കാൻ പാടില്ല. സംഗീതം മാത്രമാണ് നമുക്കിടയിലെ സംസാരമെന്ന്. അതിന് അതിർ വരമ്പുകൾ വയ്ക്കണമെന്നില്ല. സ്റ്റുഡിയോ ക്ഷേത്രം പോലെയാണ്. ആ ശ്രീകോവിലിൽ സംഗീത പൂജകൾ നടത്തുക. അവിടുത്തെ മന്ത്രങ്ങൾ സംഗീതമാണ് . അത്രത്തോളം അർപ്പണബോധത്തോടെ ചെയ്യേണ്ടതാണ്. എന്റെ ഗുരുക്കന്മാരായ ദേവരാജൻ മാസ്റ്ററായാലും നെയ്യാറ്റിൻകര മോഹനചന്ദ്രൻ മാഷായാലും എം .ബി ശ്രീനിവാസൻ സാറായാലും പെരുമ്പാവൂർ സാറായാലും അങ്ങനെയാണ് സംഗീതത്തെ കാണുന്നത് . ആ പവിത്രത കണ്ടാണ് ഞാനും പഠിച്ചത്.
ആ പവിത്രത ഇന്നത്തെ തലമുറയിൽ നിന്ന് കിട്ടുന്നുണ്ടോ ?
തീർച്ചയായും.പുതിയ കുട്ടികളുടെ കൂടെ ജോലി ചെയ്യുമ്പോഴും അവർ സംഗീതത്തോട് കാണിക്കുന്ന അർപ്പണബോധം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വാതുക്കല് വെള്ളരിപ്രാവ് എന്ന ഗാനം അർജുനും സിയയും പാടിയതും അത്ര തന്നെ ഹൃദ്യമായി എനിയ്ക്ക് തോന്നിയിട്ടുണ്ട്. ഞാൻ ഉദ്ദേശിച്ചതിന്റെ അപ്പുറം അവർക്ക് പാടാൻ കഴിഞ്ഞിട്ടുണ്ട്.
ഒരു പാട്ടിന് ഒരീണം മാത്രമെ നൽകാറുള്ളോ? അതോ ഒന്നിലധികം ഈണങ്ങൾ തയ്യാറാക്കുമോ?
ചില പാട്ടുകൾക്ക് ഉണ്ടാവും.വാതുക്കല് വെള്ളരിപ്രാവ് പോലെയുള്ള പാട്ടുകൾക്ക് ഒറ്റ ഈണമേ ഉണ്ടായിരുന്നുള്ളു.

'അമ്മ മഴക്കാറിന് കൺനിറഞ്ഞു?
അമ്മയ്ക്ക് വേണ്ടി ചെയ്ത സംഗീതമാണ് മാടമ്പിയിലെ 'അമ്മ മഴക്കാറിന് കൺനിറഞ്ഞു എന്ന് തുടങ്ങുന്ന ഗാനം.'അമ്മ മഴക്കാറിന് ഒറ്റ ഈണം മാത്രമേ ഉണ്ടായിട്ടുള്ളൂ.ആ ചിത്രത്തിന്റെ സംവിധായകൻ ഉണ്ണികൃഷ്ണൻ ചേട്ടൻ മ്യൂസിക് സെൻസുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ ആ ഗാനം ചിട്ടപ്പെടുത്താൻ എളുപ്പമായിരുന്നു.ഞാൻ ചെയ്ത എല്ലാ വർക്കിലും എനിക്ക് അങ്ങനെയൊരു ഭാഗ്യം കിട്ടിയിട്ടുണ്ട് . സംവിധായകരുടെ അടുത്ത് നിന്ന് എനിക്ക് അങ്ങനെയൊരു സ്പേസ് കിട്ടാറുണ്ട്.
ആ പാട്ട് അമ്മമാരും അമ്മയുള്ള എല്ലാവരും ഏറ്റെടുത്തു?
'അമ്മ മഴക്കാർ എന്ന ഗാനം ഏറ്റെടുത്തത് ഇവിടെയുള്ള എല്ലാ അമ്മമാരുമാണ്. എനിക്കിപ്പോൾ ഒരുപാട് അമ്മമാരുണ്ട്.
അച്ഛനു വേണ്ടിയുള്ള പാട്ടായിരുന്നോ ഇന്നലെ എന്റെ നെഞ്ചിലെ എന്നു തുടങ്ങുന്ന ഗാനം?
എന്റെ സംഗീതത്തിന്റെ ആധാരം അച്ഛനാണ്. അച്ഛൻ പാടിയ നീലാംബരികളും ഷഹാനകളും കേട്ടാണ് ഞാൻ വളർന്നത്....''ചെന്താർമീഴി'' ഈ ഗാനം അച്ഛൻ പാടിയ ഷഹാനയിൽ നിന്നുണ്ടായതാണ്. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം എപ്പോഴുമുണ്ട്.
ഇപ്പോഴത്തെ ഗായകർക്ക് പാട്ടിനൊപ്പം അഭിനയിക്കാനും താത്പര്യമാണല്ലോ?
വിജയ് (വിജയ് യേശുദാസ് )തന്നെ നായകനായും വില്ലനായിട്ടും അഭിനയിച്ചിട്ടുണ്ടല്ലോ. മൾട്ടി ടാലന്റുകൾ ഉള്ളത് വളരെ നല്ലതാണ്. എന്റെ ആദ്യത്തെയും അവസാനത്തെയും മുൻഗണന സംഗീതമാണ്. എന്നെ ഈയിടയ്ക്ക് ഒരു സീരിയലിൽ അഭിനയിക്കാൻ വിളിച്ചിരുന്നു. എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് ഞാൻ തുറന്നു പറഞ്ഞിട്ടുണ്ട്. പെരുമഴക്കാലത്തിൽ പാടി അഭിനയിച്ചിട്ടുണ്ട്.അത് ഒത്തു വന്നതാണ്. വി .കെ .പിയുടെ റോക്ക്സ്റ്റാറിൽ അഭിനയിക്കാൻ ശ് രമിച്ചതോടുകൂടിയാണ് അഭിനയം എനിയ്ക്ക് വഴങ്ങുന്ന ജോലിയല്ലായെന്ന് തിരിച്ചറിഞ്ഞത്. അത് സ്ക്രീനിൽ കണ്ടപ്പോൾ എനിയ്ക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. വീട്ടുകാരടക്കം ആ പരിപാടി നിർത്തിക്കോളാനാണ് പറഞ്ഞത്.

എം .ബി . ശ്രീനിവാസനെ കാണുംവരെയും ഗായകനാകാനായിരുന്നു താങ്കളുടെ ആഗ്രഹം?അതെങ്ങനെ മാറി?
സർഗ്ഗബോധം എന്നത് അഹം എന്ന ബോധത്തിനു മുകളിലുള്ള ഒരു ബോധമാണ്. സ്വയം മറക്കുന്ന ഒരു ബോധത്തിൽ നമ്മൾ ആരാണോ നമുക്ക് എന്താണോ ചിട്ടപ്പെടുത്തേണ്ടത് അതെല്ലാം മറന്നു മറ്റൊരു ലോകത്തിൽ നമ്മൾ എത്തുന്ന ആ ഒരു നിമിഷമാണ് ഏറ്റവും മനോഹരം. സ്വയം മറക്കാനുള്ള ഒരു സാധനയാണ് സർഗ്ഗധനം .ഗായകനാകണമെന്ന ആഗ്രഹം എം .ബി .എസ് എന്ന സൃഷ്ടാവിനെ അടുത്തറിഞ്ഞപ്പോൾ മാറുകയായിരുന്നു.എനിയ്ക്കും സംഗീതം ചിട്ടപ്പെടുത്തുന്ന ഒരാളാവണമെന്ന തീരുമാനത്തിൽ അങ്ങനെ എത്തുകയായിരുന്നു.
ഗുരുവായൂരപ്പനാണ് എനിക്ക്  ഈണം നൽകുന്നത്
ഗുരുവായൂരപ്പന്റെ നടയിൽ സമയമുള്ളപ്പോഴെല്ലാം പോകാറുണ്ട്. ഒരോ ഈണങ്ങളും എന്നിലേക്ക് എത്തിക്കുന്നത് ഗുരുവായൂരപ്പനാണെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ''ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ ...""ഏറ്റവും പ്രിയപ്പെട്ട ഭക്തിഗാനമാണ് ഇത്.
ഒ.എൻ .വി -ദേവരാജൻ, വയലാർ ദേവരാജൻ,വയലാർ- സലിൽ ചൗധരി മുമ്പുള്ളതുപോലെ കോമ്പിനേഷൻ ഈ കാലത്തുണ്ടോ?
ഗിരീഷേട്ടനുമായി (ഗിരീഷ് പുത്തഞ്ചേരി )അങ്ങനെയൊരു കോമ്പിനേഷനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേർപാട് വലിയ വേദനയുണ്ടാക്കിയിട്ടുണ്ട്.കൈതപ്രം സാറുമായി ഒരുപാട് നല്ല വർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. മാപ്പിള പാട്ടിന്റെ സൗന്ദര്യമുള്ള പാട്ടുകളെല്ലാം ഞാനും കൈതപ്രം സാറുംകൂടി ചെയ്തതാണ്.'ഓ സൈനബ ..,കല്ലായി കടവത്തെ ...,റംസാൻ നിലാവത്തെ പെണ്ണല്ലേ ...തുടങ്ങിയ മനോഹരമായ മാപ്പിള പാട്ടുകളെല്ലാം അദ്ദേഹവുമായി ചേർന്ന് ചെയ്യാൻ സാധിച്ചിട്ടുണ്ട് .അതുപോലെ രമേശൻ സാറുടെ(കവി) കൂടെ ജോലി ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ റഫീഖ് ജിയുമായി (റഫീഖ് അഹമ്മദ് )അങ്ങനെയൊരു കോമ്പിനേഷനുണ്ട്. അത്രയും കഴിവുള്ള കലാകാരനാണ് റഫീഖ് ജി.
പാട്ടിന് ഈണം പകരുമ്പോൾ വരികളോട് പ്രണയം തോന്നാറുണ്ടോ ?
തീർച്ചയായും എനിക്ക് മലയാളത്തോട് വല്ലാത്തൊരു സ്നേഹമുണ്ട് .അതുകൊണ്ട് തന്നെ എന്റെ പാട്ടുകളിൽ മലയാളം തുളുമ്പി നിൽക്കാറുണ്ട്. എന്നെ മലയാളം പഠിപ്പിച്ചത് പരമേശ്വരൻ പിള്ള സാറാണ്. അദ്ദേഹത്തിന്റെ വീട്ടിൽ ട്യൂഷനാണ് പോകാറുള്ളത്. പോകുമ്പോൾ അഞ്ചു പേജ് പകർത്തി എഴുതി കൊണ്ടുപോകണം. അതും വരയിടാത്ത പേജിൽ. അന്ന് അദ്ദേഹത്തോട് ദേഷ്യം തോന്നിയിരുന്നുവെങ്കിലും ഇപ്പോൾ നോക്കുമ്പോൾ മലയാളവുമായി ഇത്തരത്തിൽ ഒരു അടുപ്പം ഉണ്ടാവുന്നതിൽ അതും കാരണമായിട്ടുണ്ട്.അതുപോലെ ഗിരീഷേട്ടന്റെ കൂടെ ജോലി ചെയ്യുമ്പോൾ ഒരുപാട് സമകാലിക ചെറുകഥകളിലൂടെയും കവിതകളിലൂടെയും സാഹിത്യത്തിലൂടെയെല്ലാം കടന്നു പോകാൻ സാധിച്ചിട്ടുണ്ട്.

കച്ചേരികളിൽ നിറസാന്നിദ്ധ്യമായി കണ്ടിട്ടില്ല ?
കച്ചേരി ഒരു സാധനയാണ് .സംഗീതവും കച്ചേരിയും ഒരേപോലെ കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്. എന്റെ മുൻഗണന എപ്പോഴും സിനിമ സംഗീതത്തിനാവുമ്പോൾ കച്ചേരിയ്ക്ക് പ്രാധാന്യം കൊടുക്കാൻ സാധിക്കില്ല.കച്ചേരി വല്ലപ്പോഴും എനിക്ക് ഇഷ്ടപ്പെട്ട വേദികളിൽ അവതരിപ്പിക്കുമെന്ന് മാത്രം.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തെക്കുറിച്ച് ?
അവാർഡ് എന്ന് പറയുന്നത് എപ്പോഴും ജൂറിയുടെ കാഴ്ചപ്പാടാണ്. അതിനെ ഒരിക്കലും ഞാൻ വിമർശിക്കില്ല.എന്റെ കാഴ്ചപ്പാട് ഞാൻ പറയാം.അത് ജൂറിയെ കുറ്റപ്പെടുത്തലല്ല.ഞാൻ അടുത്തിടെ കേട്ടതിൽ എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ട് അമ്പിളിയിലെ 'ആരാധികേ...."" എന്ന പാട്ടാണ്. വിഷ്ണു വിജയ് ആണ് ആ ഗാനം ഒരുക്കിയത്. ഞാൻ ജൂറിയിലാണെങ്കിൽ ചിലപ്പോൾ ആ മനോഹര ഗാനത്തിനാവും അവാർഡ് കൊടുക്കുന്നത്. അതുപോലെ ഇപ്പോൾ അവാർഡ് നേടിയ സുശീൻ ശ്യാം ഈ തലമുറയിലെ ഏറ്റവും കഴിവുള്ള കമ്പോസറാണ്. അദ്ദേഹത്തിന്റെ കുമ്പളങ്ങിനൈറ്റ്സിലെ ബാക്ക്ഗ്രൗണ്ട് സ്കോർ അസാദ്ധ്യമാണ് . പാശ്ചാത്തല സംഗീതത്തിന് സുശിനും സംഗീതത്തിന് വിഷ്ണു വിജയിനും ഞാൻ അവാർഡ് നൽകിയേനെ. അതുപോലെ 'നീ മുകിലോ.."എന്ന പാട്ട്.ഗോപി സുന്ദറിന്റെ സംഗീതം സിതാരയുടെ ആലാപനം.അതും ഗംഭീരമാണ്.ഞാനീപ്പറയുന്നതുകൊണ്ട് അവാർഡ് കിട്ടിയവരാരും അതിന് യോഗ്യരല്ലെന്ന് കരുതരുത്. അവരെല്ലാം മിടുക്കരാണ്.
കല്ലറ ഗോപൻ ചേട്ടന്റെ മകൾ നാരായണി പ്രതീക്ഷയാണ്
പത്തൊൻപതാം നൂറ്റാണ്ടിൽ കല്ലറ ഗോപൻ ചേട്ടന്റെ മകൾ നാരായണി പാടിയിട്ടുണ്ട്. നാളെത്തേയ്ക്ക് പ്രതീക്ഷിക്കാവുന്ന അനുഗ്രഹീത കലാകാരിയാണ് അവർ. അതുപോലെ നിരവധിപേരുണ്ട്. അതുപോലെ ആ സിനിമയിൽ എന്റെ സുഹൃത്ത് പന്തളം ബാലനും പാടിയിട്ടുണ്ട്. അതെന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. ഇവിടെ തമസ്ക്കരിക്കപ്പെട്ട എല്ലാ കലാകാരന്മാരെയും മുൻനിരയിലേക്ക് കൊണ്ടുവരണം.
വേണ്ടരീതിയിൽ ഉപയോഗിക്കപ്പെടാത്ത ഒരു കലാകാരനല്ലേ കല്ലറ ഗോപൻ ?
തീർച്ചയായും.

 ശ്രേയ ഘോഷാലിന് കൂടുതൽ അവസരങ്ങൾ നൽകിയെന്ന പേരിൽ പഴി ഒരുപാട് കേട്ടിട്ടുണ്ടല്ലോ? ഗായത്രിയെപ്പോലൊരു ഗായികയെ ഓടിച്ചു വിട്ടുവെന്നും ആക്ഷേപമുണ്ട്?
എനിക്ക് ഇതെല്ലാം കേൾക്കുമ്പോൾ തമാശയായാണ് തോന്നുന്നത്. എ .ആർ .റഹ്മാൻ സാറും ഇളയരാജ സാറുമെല്ലാം ശ്രേയയെ വച്ച് പാടിപ്പിച്ചിട്ടുണ്ട് അവരെയൊന്നും ആരും കുറ്റപ്പെടുത്തുന്നില്ല. മലയാളത്തിൽ അൽഫോൻസാണ് ശ്രേയയെ കൊണ്ട് ആദ്യം പാടിപ്പിച്ചത് അദ്ദേഹത്തിനെ ആരും കുറ്റപ്പെടുത്തുന്നതായി കണ്ടിട്ടില്ല.പഴയകാലത്ത് മലയാള പാട്ടുകൾ പാടിയവരാണ് സുശീലാമ്മ ,മാധുരിയമ്മ ,ജാനകിയമ്മ , വാണിജയറാം, പി .വസന്താമ്മ ഇവരാരും മലയാളികളല്ല .അവരെല്ലാം പാടിയതുകൊണ്ട് ഇവിടെ സൗവർണ്ണ മുഖമുള്ള സൗന്ദര്യമുള്ള ഒരുപാട് പാട്ടുകൾ കാലത്തിനപ്പുറം ഇവിടെ നിൽക്കുന്നുണ്ട് . നമ്മുടെ ചിത്ര ചേച്ചി തമിഴിൽ പാടി ''നാൻ ഒരു സിന്ത്  "". ആ ഗാനത്തിന് ദേശിയ അവാർഡ് വരെ കിട്ടി. ഇളയരാജ സാർ അവിടെ മറ്റൊന്നും നോക്കിയില്ല.അന്ന് ജാനകിയമ്മയും വാണിയമ്മയും ഒക്കെ ഉള്ള കാലമായിരുന്നു.ഒരു സംഗീത സാംവിധായകന്റെ തീരുമാനമാണ് തന്റെ പാട്ടിന് എത് രീതിയിലുള്ള ശബ്ദം വേണമെന്നത്.ശ്രേയ ജീനിയസ് കലാകാരിയാണ്. അതുപോലെ ഗായത്രിയെ ഞാൻ എങ്ങനെ ഓടിച്ചുവിടും. അവരെല്ലാം അവരുടെ തലങ്ങളിൽ സൂരക്ഷിതരായി നിൽക്കുന്നുണ്ട് .എന്നോടൊപ്പം വർക്ക് ചെയ്യുന്നില്ലെന്നല്ലാതെ എന്ത് പ്രശ്നം.
പി .ജയചന്ദ്രന്റെ ശൈലി
ജയേട്ടന്റെ ശൈലി ജയേട്ടന്റെ മാത്രമാണ്. ഒന്നിനും ഇടപെടാതെ തന്റെതായ സിംഹാസനം കണ്ടുപിടിച്ച ഗായകനാണ് അദ്ദേഹം. ചിത്ര ചേച്ചി എന്റെ ഇഷ്ടപ്പെട്ട ഗായികയാണ്. ചേച്ചിയുടെ പോലെയൊരു ഗായികയെ ഞാൻ കണ്ടിട്ടില്ല. ജാനകിയമ്മയുമായും ലതാജിയുമായും വർക്ക് ചെയ്യാൻ സാധിച്ചിട്ടില്ല. ലതാജിയെക്കണ്ട് പാദനമസ്ക്കാരം ചെയ്യണമെന്നുണ്ട്. ലതാജിയും മദൻമോഹനുമായുള്ള ഗാനങ്ങൾ മിക്ക രാത്രികളിലും ഞാൻ കേൾക്കാറുണ്ട്. അതുകൊണ്ട് തന്നെ അവരെല്ലാം എന്റെ കൂടെ തന്നെയുണ്ട്.
ദേവരാജൻ മാസ്റ്ററെക്കുറിച്ച്
''കൈതപ്പുഴ കായലിലെ ..ഒഹോ ..ഒഹോ ..ആ പാട്ടു കേൾക്കുമ്പോൾ തന്നെ നമ്മൾ കേരളത്തിൽ എവിടെയോ ആണെന്ന തോന്നൽ വരും. ''പാമരം പളുങ്കുകൊണ്ട് ..""ഇന്ദ്രവല്ലരി പൂ ചൂടി വരും ..''സംഗമം ...സംഗമം ..""അദ്ദേഹത്തിന്റെ ഗാനങ്ങളെല്ലാം ഗൃഹാതുരമായ അനുഭവങ്ങളാണ്. മലയാളത്തിന്റെ പാട്ടിന്റെ വഴി എങ്ങനെയായിരിക്കണമെന്ന് കാട്ടിത്തന്നത് ദേവരാജൻ മാസ്റ്ററാണ്.

എസ് .പി .ബി യെക്കൊണ്ട് പാടിപ്പിക്കാൻ കഴിഞ്ഞു
ശിക്കാറിലും കിണറിലും അദ്ദേഹത്തിനെക്കൊണ്ട് പാടിപ്പിക്കാൻ സാധിച്ചുവെന്നത് ദൈവാനുഗ്രഹമായാണ് കാണുന്നത്. അദ്ദേഹത്തിന്റെ ലളിതമായ പെരുമാറ്റം എനിക്ക് ഒരു അത്ഭുതമായി തോന്നിയിട്ടുണ്ട് ശിക്കാറിലെ ഗാനത്തിന് വേണ്ടി അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ ഓകെയെന്ന് പറഞ്ഞു. പക്ഷേ അദ്ദേഹത്തിന് ആദ്യം ഗാനം കേൾക്കണമെന്ന് പറഞ്ഞു. അപ്പോൾ എനിക്ക് ചെറുതായൊന്നു ഈഗോ വർക്ക് ചെയ്തു എന്തിനാണ് അദ്ദേഹത്തെ വിളിച്ചതെന്നുപോലും തോന്നി. പിറ്റേന്ന് അദ്ദേഹം വരുന്നു. സ്റ്റുഡിയോയുടെ മുന്നിൽ ഷൂ റാക്കറ്റിൽ ഷൂകൾ അലസമായി കിടക്കുകയാണ്. അവിടെ അദ്ദേഹം ചെരുപ്പൂരി കൈകൊണ്ട് ഷൂ റാക്കറ്റിൽ വച്ചു. എന്നേം വിളിച്ചു ഉള്ളിലേക്ക് കയറി. പാട്ടിന്റെ ട്രാക്ക് കേൾക്കണമെന്ന് പറഞ്ഞത് തന്റെ ഇപ്പോഴത്തെ പരിമിതികളിൽ ജയചന്ദ്രന്റെ പാട്ട് മോശമാകരുതെന്ന ചിന്തയിലാണെന്ന് പറഞ്ഞു. അപ്പോൾ എന്റെ മനസിൽ നേരുത്തെ തോന്നിയ കാര്യങ്ങൾ പങ്കുവയ്ക്കുകയും അദ്ദേഹത്തിന്റെ കാലിൽതൊട്ട് വന്ദിക്കുകയും ചെയ്തു.
മറ്റു ഭാഷകളിൽ നൽകുന്നതിന്റെ അഞ്ചു ശതമാനം പോലും ലഭിക്കുന്നില്ല
സിനിമയിൽ സംഗീത സംവിധായകർക്കും ഗായകർക്കുംതുച്ഛമായ പ്രതിഫലമാണോ ലഭിക്കുന്നത്?
സിനിമാ സംഗീത വിഭാഗം സാമ്പത്തികമായി തമസ്കരിക്കപ്പെടുകയാണ്.പണ്ടും അങ്ങനെതന്നെയായിരുന്നു.ദേവരാജൻ മാസ്റ്ററുടെ കൈയ്യിലുള്ള ഒരു ബോക്സിൽ മടങ്ങിയ ചെക്കുകളുടെ ശേഖരം ഞാൻ കണ്ടിട്ടുണ്ട്.വലിയ വലിയ ക്രിയേഷനുകൾ നടത്തിയ അവരൊക്കെ എത്ര ബുദ്ധിമുട്ടിയിരുന്നു.ബാബുക്കാ (എം.എസ്.ബാബുരാജ് ) യൊക്കെ വളരെ പ്രയാസപ്പെട്ടാണ് ജീവിച്ചതു തന്നെ.രവീന്ദ്രൻ മാസ്റ്ററും,ജോൺസേട്ടനുമൊക്കെ ഇതേ അവസ്ഥയിലൂടെ കടന്നു പോയവരാണ്. എന്നാൽ അവർ സൃഷ്ടിച്ച ഈണങ്ങൾക്കനുസൃതം പാട്ടുകൾ പാടിയവർ വലിയ ധനികരാവുകയും ചെയ്തു.നവീന കാലത്തുപോലും സിനിമയിൽ ഏറ്റവും കുറഞ്ഞ പ്രതിഫലം കിട്ടുന്നവർ സംഗീത സംവിധായകരാണ്. ഗായകർ വന്ന് രണ്ടോ മൂന്നോ മണിക്കൂർ പാടി പ്രതിഫലവും വാങ്ങി മടങ്ങും.എന്നാൽ സംഗീത സംവിധായകർ മൂന്നും നാലും മാസമാണ് ഒരു സിനിമയ്ക്കുവേണ്ടി ചെലവഴിക്കുന്നത് .ഗഡുക്കളായിട്ടായിരിക്കും പലപ്പോഴും പ്രതിഫലം ലഭിക്കുക.

ഗായകർക്കും പ്രതിഫലം കുറവാണെന്ന് വിജയ് യേശുദാസ് പറഞ്ഞുവെന്ന് വാർത്ത വന്നിരുന്നു?
അതിനോട് ഞാൻ പ്രതികരിക്കുന്നില്ല.വിജയ് അങ്ങനെ പറഞ്ഞിട്ടുണ്ടാവുമെന്നും കരുതുന്നില്ല.ഇവിടെ എസ്റ്റാബ്ളിഷ്ഡ് ആയ എല്ലാ ഗായകർക്കും ചോദിക്കുന്ന പ്രതിഫലം കിട്ടുന്നുണ്ട്.എന്നോടൊപ്പം പാടിയപ്പോഴൊക്കെ വിജയ് ചോദിച്ച പ്രതിഫലം കൊടുത്തിട്ടുണ്ട്.ഒരിക്കലും കുറച്ചുതരുമോയെന്ന് ഞാൻ ചോദിച്ചിട്ടില്ല.അതിപ്പോൾ പുതുതായി വന്ന ഹരിശങ്കറായാലും അങ്ങനെതന്നെ. അർഹതയുള്ളവർക്കെല്ലാം ആ രീതിയിൽത്തന്നെ നൽകുന്നുണ്ട്.മലയാളം സിനിമയിൽ ഇപ്പോൾ സംഗീതം എന്ന കമ്മോഡിറ്റിക്ക് വാണിജ്യ സാധ്യത വലുതായിട്ടില്ല.പണ്ടത്തെപ്പോലെ സി.ഡിയോ ,കാസെറ്റോ ഒന്നും വിറ്റുപോവില്ല .യൂ ട്യൂബിനാണല്ലോ പ്രാധാന്യം.നിർമ്മാതാക്കൾക്ക് വലിയ രീതിയിൽ അത് പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല.അതുകൊണ്ട് അവരെ കുറ്റം പറയുന്നതിലും അർത്ഥമില്ല.മറ്റു ഭാഷകളിൽ സംഗീത സംവിധായകന് ലഭിക്കുന്നതിന്റെ അഞ്ചുശതമാനം പോലും മലയാളത്തിലെ സംഗീത സംവിധായകർക്കു കിട്ടുന്നില്ല.അതാണ് സത്യം.