
അഹമ്മദാബാദ്: ഗുജറാത്തിലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കേശുഭായ് പട്ടേൽ അന്തരിച്ചു. 92 വയസായിരുന്നു. രണ്ട് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായിട്ടുണ്ട്. കൊവിഡ് രോഗ ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ മാസം അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീട് തിരികെ വീട്ടിലെത്തിയ അദ്ദേഹത്തിന് ഇന്ന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു.
ആറ് തവണ ഗുജറാത്ത് നിയമസഭാംഗമായ അദ്ദേഹം 1995ലും 1998മുതൽ 2001 വരെയും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. 2001ൽ അദ്ദേഹം രാജിവച്ചതിനെ തുടർന്നാണ് നരേന്ദ്രമോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായത്. 2012 ൽ ബിജെപിയിൽ നിന്നും പുറത്തുപോയ പട്ടേൽ ഗുജറാത്ത് പരിവർത്തൻ പാർട്ടി എന്ന സ്വന്തം രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ചു. എന്നാൽ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതോടെ പാർട്ടി മഹാഗുജറാത്ത് ജനതാ പാർട്ടിയിൽ ലയിച്ചു. പിന്നീട് ഈ പാർട്ടി പിരിച്ചുവിട്ട ശേഷം 2014ൽ കേശുഭായ് പട്ടേൽ തിരികെ ബിജെപിയിലെത്തി.