
വജ്രാഭരണങ്ങൾ ആഡംബരമല്ലാതെയായി മാറിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ പേർ താത്പര്യം കാണിച്ചു തുടങ്ങിയതോടെ സ്വർണ്ണക്കടകൾക്കൊപ്പം വജ്രാഭരണക്കടകളും വന്നു തുടങ്ങി. വ്യത്യസ്തമായ ഒരു ഡയമണ്ട് മോതിരം നിർമ്മിച്ച് ശ്രദ്ധേയനായിരിക്കുകയാണ് ഹൈദരാബാദിലെ ഒരു സ്വർണ വ്യാപാരി. ഏറ്റവും കൂടുതൽ ഡയമണ്ട് കല്ലുകൾ പതിപ്പിച്ച മോതിരം നിർമ്മിച്ച് ഗിന്നസ് റെക്കോഡ് നേടിയിരിക്കുകയാണ് ഹൈദരാബാദിലെ സ്വർണ വ്യാപാരിയായ കോട്ടി ശ്രീകാന്ത്. 'ദ ഡിവൈൻ- 7801 ബ്രഹ്മ വജ്ര കമലം" എന്നാണ് മോതിരത്തിന് നാമകരണം ചെയ്തിരിക്കുന്നത്.
7801 വജ്രകല്ലുകളാണ് മോതിരത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. മതപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്ന അപൂർവ പുഷ്പമായ ബ്രഹ്മ കമലത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് മോതിരം നിർമ്മിച്ചിരിക്കുന്നത്. ബ്രഹ്മകമലത്തിന് വളരെയേറെ ഔഷധഗുണങ്ങളുള്ളതായി പുരാണ ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.
2018 ലാണ് ഇങ്ങനെയൊരു മോതിരം നിർമ്മിക്കുന്നതിനെ പറ്റി ആദ്യം ആലോചിച്ചത്. 11 മാസത്തെ പരിശ്രമത്തിന്റെ ഫലമായാണ് മോതിര നിർമ്മാണം പൂർത്തിയാക്കിയത്. എട്ട് ദളങ്ങൾ വീതമുള്ള ആറ് പാളികളായാണ് മോതിരം തയ്യാറാക്കിയിരിക്കുന്നത്. മോതിരത്തിന്റെ നിർമ്മാതാക്കൾ കഴിഞ്ഞ വർഷമാണ് ഗിന്നസ് റെക്കോർഡ് നേടുന്നതിനായി മോതിരം സമർപ്പിച്ചത്. വിവിധ ഘട്ടങ്ങളിലായുള്ള പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ‘ഏറ്റവും കൂടുതൽ വജ്രങ്ങൾ ഘടിപ്പിച്ച മോതിരം’എന്ന ബഹുമതി ഡിവൈൻ ബ്രഹ്മവജ്രകമലത്തിന് ലഭിച്ചത്. സ്വാഭാവിക വജ്രക്കല്ലുകൾ ഉപയോഗിച്ചാണ് ഈ മോതിരം നിർമ്മിച്ചിട്ടുള്ളത്.