
തിരുവനന്തപുരം: പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെയുളള സർക്കാർ ആശുപത്രികളിൽ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനം. താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് റഫർ ചെയ്‌ത് വരുന്ന പോസ്റ്റ് കൊവിഡ് രോഗികളെ ഇവിടെ പരിശോധിക്കും. വിദഗ്ദ്ധരായ ഡോക്‌ടർമാരുടെ സംഘത്തെ ഇവിടെ നിയോഗിക്കണം. കൊവിഡ് ഭേദമായവർ എല്ലാ മാസവും ക്ലിനിക്കൽ എത്തി പരിശോധന നടത്തണം. ഇവരിൽ ഗുരുതരമായ പ്രശ്‌നങ്ങൾ ഉളളവവർക്ക് കൊവിഡ് ആശുപത്രികളിൽ ചികിത്സ നൽകണം. ഇതു സംബന്ധിച്ച മാർഗനിർദേശം സർക്കാർ പുറത്തിറക്കി.
അതേസമയം കൊവിഡ് മരണങ്ങളും വായുമലിനീകരണവും തമ്മിൽ ബന്ധമുളളതായി സ്ഥാപിക്കുന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നു. 'കാർഡിയോളജി റിസർച്ച്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിൽ വന്ന പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയിലെ ആകെ കൊവിഡ് മരണങ്ങളിൽ പതിനേഴ് ശതമാനം ഈ രീതിയിൽ സംഭവിച്ചതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ആരോഗ്യ പ്രസിദ്ധീകരണത്തിൽ വന്ന പഠനം ഐ.സി.എം. ആർ ശരിവയ്‌ക്കുന്നുണ്ട്. വടക്കേ ഇന്ത്യയിലാണ് വായുമലിനീകരണം മൂലമുളള രോഗങ്ങൾ കൂടുതൽ കൊവിഡ് മരണങ്ങൾ സൃഷ്‌ടിച്ചതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.