knife

ന്യൂഡൽഹി: ശല്യമാകുന്ന തരത്തിൽ ഉച്ചത്തിൽ പാട്ട് കേൾപ്പിച്ചതിനെ ചോദ്യം ചെയ്‌ത യുവാവിനെ അയൽക്കാർ കൊലപ്പെടുത്തി. ഡൽഹി മഹേന്ദ്ര പാർക്ക് മേഖലയിലെ 29 വയസുകാരനായ സുശീൽ ചന്ദ് ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരങ്ങളായ സുനിലിനും അനിലിനും കുത്തേ‌റ്റു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

ഉച്ചത്തിൽ പാട്ട് വച്ചിരിക്കുന്നത് നിർത്തണമെന്ന് യുവാക്കൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അയൽക്കാരനായ സത്താർ നിർത്തിയിരുന്നില്ല. തുടർന്ന് തർക്കം രൂക്ഷമാകുകയും സത്താർ കത്തിയുമായെത്തി സുശീലിനെയും സുനിലിനെയും അനിലിനെയും പലതവണ കുത്തുകയായിരുന്നു. തുടർന്ന് ഇവരെ അടുത്തുള‌ള ബാബു ജഗ്ജീവൻ റാം ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും സുശീൽ മരണമടഞ്ഞിരുന്നു. ആക്രമണം നടത്തിയ അബ്‌ദുൾ സത്താറിന്റെ ഭാര്യ ഷാജഹാനും സംഭവത്തിനിടെ പരിക്കേ‌റ്റു.

ആക്രമത്തിനിരയായ സുനിലിന്റെ മൊഴിയെ തുടർന്ന് കേസ് രജിസ്‌റ്റർ ചെയ്‌തതായും സത്താറിനെയും രണ്ട് മക്കളെയും അറസ്‌റ്റ് ചെയ്‌തതായും പൊലീസ് അറിയിച്ചു. സംഭവത്തിലെ രണ്ട് പ്രതികൾ ഒളിവിലാണ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മരണമടഞ്ഞയാളുടെ വീട്ടിലെത്തി സർക്കാർ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.