
തിരുവനന്തപുരം: മണ്ണന്തലയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്ന കടുത്ത കുടിവെള്ള ദൗർലഭ്യത്തിന് പരിഹാരമായി നഗരസഭ മലിനജലം ശുദ്ധീകരിച്ചെടുക്കുന്ന പുനരുപയോഗ പ്ളാന്റ് നിർമ്മിച്ചു. മണ്ണന്തലയിലെ വയമ്പച്ചിറ കുളത്തിന് സമീപത്താണ് പ്ളാന്റ് നിർമ്മിച്ചത്. കുളത്തിലെ ജലം ശുദ്ധീകരിച്ച് താങ്ങാനാവുന്ന നിരക്കിൽ പ്രദേശവാസികൾക്ക് ജലം എത്തിക്കുന്നതിനാണ് പ്ളാന്റിലൂടെ ലക്ഷ്യമിടുന്നത്.
ചെലവ് 75 ലക്ഷം
കുടുംബശ്രീക്ക് കീഴിലുള്ള ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി 75 ലക്ഷം രൂപ ചെലവിട്ടാണ് പ്ളാന്റ് നിർമ്മിച്ചത്. നഗരസഭയാണ് പദ്ധതിക്ക് പണം മുടക്കുന്നത്. മണിക്കൂറിൽ 5000 ലിറ്റർ മലിനജലം ശുദ്ധീകരിക്കാൻ പ്ളാന്റിന് കഴിയും. കടുത്ത ജലദൗർലഭ്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള റിവേഴ്സ് ഓസ്മോസിസ് പ്ളാന്റുകൾ നിർമ്മിക്കാൻ നഗരസഭ പദ്ധതിയിടുന്നുണ്ട്. എന്നിരിക്കിലും വേനൽക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന കുളങ്ങൾക്കോ ജലായശങ്ങൾക്ക് സമീപത്തോ ഇത്തരത്തിലുള്ള പ്ളാന്റുകൾ സ്ഥാപിക്കാൻ കഴിയില്ല. എന്നാൽ, മണ്ണന്തലയിലെ കുളത്തിൽ വർഷം മുഴുവൻ വെള്ളം ഉണ്ടാകുമെന്നതിനാലാണ് അവിടെ പ്ളാന്റ് സ്ഥാപിച്ചത്. അതേസമയം ജലസ്രോതസിന് ഹാനികരമാകാത്ത രീതിയിൽ ആയിരിക്കും വെള്ളം സംഭരിക്കുക. മണ്ണന്തലയിലെ ചില പ്രദേശങ്ങളിൽ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.
ആർക്കും വെള്ളം വാങ്ങാം, നിരക്ക് തീരുമാനിച്ചില്ല
മണ്ണന്തലയിലെ പ്ലാന്റിൽ നിന്ന് ആർക്കും വെള്ളം വാങ്ങാം. വെള്ളത്തിനുള്ള നിരക്ക് എത്രയെന്ന് നിശ്ചയിച്ചിട്ടില്ല. കുടുംബശ്രീയാണ് പ്ളാന്റിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത് എന്നതിനാൽ തന്നെ ജലവിൽപനയിലൂടെ സ്ഥാപനത്തിന് വരുമാനവും ലഭിക്കും.
ഉള്ളൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വയമ്പച്ചിറ കുളം 1.55 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിദത്തമായ ഭൂഗർഭ ജലം കൂടാതെ ചെറിയ നീരുറവകളും ഇവിടെയുണ്ട്. എന്നാൽ, അവയിൽ ചില നീരുറവകൾ അടഞ്ഞതോടെ ജലദൗർലഭ്യം അനുഭവപ്പെട്ടു തുടങ്ങി. തുടർന്ന് ഉപയോഗിക്കാതെ കിടന്ന കുളം നഗരസഭ മുൻകൈ എടുത്താണ് പുനരുജ്ജീവിപ്പിച്ചത്. കൈയേറ്റം തടയുന്നതിനായി മതിലും നിർമ്മിച്ചിരുന്നു.