
പ്രശസ്ത  ഛായാഗ്രാഹകനും സംവിധായകനുമായ  മധു അമ്പാട്ട്  എഴുപതിന്റെ നിറവിൽ....
ആദ്യ ഫോട്ടോ 
അച്ഛൻ  കെ. ഭാഗ്യനാഥിന്റെ മാജിക് ഷോയുടെ ഭാഗമായി തിരുവനന്തപുരത്തുവന്നപ്പോൾ അമ്മയും വിധുവും ( സഹോദരിയും നടിയുമായ വിധുബാല) ഞാനും കോവളത്ത് പോയി. കുറെ കുട്ടികളുമുണ്ട് ഞങ്ങൾക്കൊപ്പം .അച്ഛന്റെ സുഹൃത്തിന്റെ കാമറയിൽ അവരുടെ ചിത്രം പകർത്തി. ആദ്യമായി പകർത്തിയ ചിത്രം അതാണ്. ഫോട്ടോഗ്രഫിയെപ്പറ്റി ഒന്നും അറിയാത്ത പ്രായം. ഫോട്ടോ എൻലാർജ് ചെയ്യാൻ പാലക്കാട് രത്ന സ്റ്റുഡിയോയിൽ പോയി. ഡാർക് റൂമിൽ കോമ്പസിഷൻ കാണാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ അനുവദിച്ചില്ല. കോമ്പസിഷൻ വരച്ചാൽ അതേപോലെ കമ്പോസ് ചെയ്യാമെന്ന് ജീവനക്കാരൻ. ഞാൻ വരച്ചുകൊടുത്തു. സുധാകരമേനോൻ എന്ന ആ ജീവനക്കാരനാണ് ഫോട്ടോഗ്രഫിയിൽ എന്റെ അഭിരുചി ആദ്യം തിരിച്ചറിഞ്ഞത്. സുധാകരമേനോൻ പിന്നീട് അടുത്ത സുഹൃത്തായി മാറി. ഞങ്ങൾ രണ്ടുപേരും ചേർന്ന്  പാലക്കാട് 'കാമറ ക്ളബ് " ആരംഭിച്ചു. അത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. 
ആദ്യ വായന 
കുട്ടിക്കാലത്ത് മാജിക്കിനോട് താത്പര്യം ഉണ്ടായിരുന്നു. ഞാനും വിധുവും ഒരുപാട് വേദികളിൽ  അച്ഛന്റെ  സഹായികളായിരുന്നു. എന്നാൽ അതിലും ഭ്രമം സിനിമയോട് തോന്നി. രണ്ടുവയസിൽ വില്ലൻ ചുമ പിടിപ്പെട്ടു. അന്നു മുതൽ ശരീരത്തിന്റെ വലതുഭാഗത്ത് ബലക്കുറവുണ്ട്. കുട്ടിക്കാലത്ത് തന്നെ വിക്കുണ്ട്. കുട്ടികൾ വിക്കൻ എന്നുവിളിച്ചു പരിഹസിച്ചു. അതിനാൽ മറ്റു കുട്ടികൾക്കൊപ്പം ഇടപെഴകാൻ കഴിഞ്ഞില്ല. ഒറ്റപ്പെട്ടപ്പോൾ വായനയെ കൂടെ കൂട്ടി . വായന ഇപ്പോഴും തുടരുന്നു. അത് അനുഗ്രഹമായി മാറുകയും ചെയ്തു. ഛായാഗ്രാഹകനായി വരാൻ കാരണം തന്നെ വായനയാണ്. ഐ.െഎ.ടിയിൽ പ്രവേശം  ലഭിച്ചിട്ടും അതിനു പോകാതെയാണ് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നത്. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാമെന്ന് കോളേജ് അദ്ധ്യാപകൻ കൂടിയായ അച്ഛൻ ഉപദേശിച്ചു. തിരഞ്ഞെടുക്കുന്നത് ഏറ്റവും മികച്ചതുതന്നെയാകണമെന്ന് അമ്മ. എന്നാൽ സിനിമയിൽ പോകുന്നതിനെ ഇളയച്ഛൻമാരിൽ ഒരാൾ എതിർത്തു. ലഹരിക്ക് അടിപ്പെടുമെന്ന തെറ്റിദ്ധാരണയാണ് കാരണം. മികച്ച ഛായാഗ്രാഹകനായി അവാർഡുകൾ വാങ്ങിയപ്പോൾ തിരഞ്ഞെടുത്ത വഴി ശരിയായിരുന്നുവെന്ന് ഇളയച്ഛൻ ഓർമ്മപ്പെടുത്തി. മദ്യപാന, പുകവലി ശീലങ്ങൾ ഇതേവരെയില്ല. ഒന്നും എന്നെ ഭ്രമിപ്പിച്ചില്ല. വേണ്ടെന്നു വച്ചതല്ല, തോന്നിയില്ല.

ആദ്യ സിനിമ
രാമു കാര്യാട്ടിന്റെ ഡോക്യുമെന്ററിയിലൂടെയാണ് തുടക്കം. 'അവനെ ചുറ്റി" എന്ന തമിഴ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചെങ്കിലും ആ സിനിമ പുറത്തിറങ്ങിയില്ല. ഡോ. എസ്. ബാലകൃഷ്ണന്റെലൗ ലെറ്ററാണ് ആദ്യ സിനിമ. അപ്പോൾ വയസ് 23. ബ്ളാക് ആൻഡ് വൈറ്റ് സിനിമയിലൂടെ ജീവിതം ആരംഭിച്ചു. 47 വർഷത്തെ ചലച്ചിത്രജീവിതം, ഒൻപതു ഭാഷകൾ, ഇനി,ഛായാഗ്രഹണം നിർവഹിക്കുന്നത് 253-ാമത് സിനിമയാണ്. വിധു അഭിനയിച്ച ലൗലെറ്റർ, ഞാവൽപ്പഴങ്ങൾ, പിച്ചിപ്പൂവ്, അശ്വത്ഥാ മാ എന്നീ സിനിമകൾക്കും ഛായാഗ്രഹണം നിർവഹിക്കാൻ കഴിഞ്ഞു. ഛായാഗ്രഹണകലയിൽ സാങ്കേതിക വിദ്യ ദ്രുതഗതിയിൽ  മാറിക്കൊണ്ടേയിരിക്കും. അതിനൊപ്പം സഞ്ചരിക്കാൻ കഴിയണം. സാങ്കേതിക വിദ്യ വളരുന്നതിനേക്കാൾ പ്രധാനം 'ഹൗ ഡു യു വിഷ്വലൈസ് ഫിലിം" എന്നതാണ്. ആന്തരിക ഭൂപ്രകൃതിയോടാണ് എനിക്ക് പ്രിയം. അതിന്റെ ഏറ്റവും വലിയ പ്രത്യേകത ഒരാൾ ചിരിക്കുന്നതാകും സീൻ. എന്നാൽ അയാൾ ഉള്ളിൽ കരയുകയായിരിക്കും. വേദന മറച്ചുകൊണ്ടുള്ള ചിരിഏറെ പ്രധാനമാണ്. ഒരു നല്ല ഫോട്ടോഗ്രഫി എന്നത് ഒരിക്കലും ഭംഗി നിറഞ്ഞ ഫ്രെയിമല്ല. അതിനപ്പുറംകാണാൻ കഴിഞ്ഞാൽ മാത്രമേ വളരാൻ സാധിക്കൂ.സിനിമാട്ടോഗ്രഫി ബിസിനസായി മാറ്റാൻ താത്പര്യം തോന്നിയില്ല. ഒരു സിനിമ ചെയ്യാൻ ഒരുങ്ങുമ്പോൾ എന്തു സംഭാവന നൽകാൻ കഴിയുമെന്നാണ് ആദ്യം ആലോചിക്കുക.
ആദ്യ ഡിജിറ്റൽ
സിനിമയിൽ എന്റെ ഗോഡ്ഫാദറാണ് കെ.എസ്. സേതുമാധവൻ സാർ. ജീവിതത്തിൽ എന്തു കാര്യംചെയ്യുമ്പോഴും ആദ്യം സാറിനോടാണ് പറയുക. തിരക്കഥ വായിച്ച് അഭിപ്രായം പറയുന്നത് കേൾക്കാൻ കാക്കാറുണ്ട്. മൂന്നു സിനിമകളിൽ സേതുമാധവൻ സാറിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. സാറിന്റെ സൗകര്യാർത്ഥം നോക്കിയാണ് എന്റെ സിനിമയുടെ പ്രിവ്യു. ഭരതനോട് ഏറെ ആത്മബന്ധമുണ്ടായിരുന്നു. ഭരതന്റെ വേർപാടിനു ശേഷം പന്ത്രണ്ടുവർഷം മലയാളത്തിൽ സിനിമ ചെയ്തില്ല. എന്നാൽ ആ സമയത്ത് തമിഴ്, തെലുങ്ക്, കന്നട സിനിമകൾ ചെയ്തു. ഭരതന്റെ 'ചുരം" കഴിഞ്ഞു ചെയ്യുന്നത് ആദാമിന്റെ മകൻ അബു ആണ്.എന്റെ ആദ്യ ഡിജിറ്റൽ സിനിമ ആണ് അബു. രണ്ട് ശരീരവും ഒരേ മനസുമാണ് സലീം അഹമ്മദുമായുള്ള ബന്ധം. അബുവിന്റെ കഥ പറഞ്ഞപ്പോൾ തന്നെ സലീമിന്റെ കഴിവ് തിരിച്ചറിയാൻ സാധിച്ചു. കഥ പറയുന്ന രീതി സലീമിന് കൃത്യമായി അറിയാം. 

ആദ്യ പുത്രൻ
മക്കൾക്ക് മധു, വിധു എന്ന് പേരിടണമെന്ന് അച്ഛനും അമ്മയും വിവാഹസമയത്തുതന്നെ നിശ്ചയിച്ചതാണ്. ആദ്യം ജനിക്കുന്നത് പെൺകുട്ടിയെങ്കിൽ മധുബാല. കടിഞ്ഞൂൽ സന്തതി മധു എന്നു പേരുകാരനോ പേരുകാരിയോ ആയിരിക്കും. വിധു ആൺകുട്ടിയായിരുന്നെങ്കിൽ വിധുശേഖർ എന്നും.എന്നേക്കാൾ അഞ്ചുവയസിന് ഇളയതാണ് വിധു. അൻപതു വർഷം അച്ഛനും അമ്മയും മധുവിധു ആഘോഷിച്ചു. അൻപതാം വിവാഹ വാർഷികത്തിന് പിറ്റേവർഷം അച്ഛൻ മരിച്ചു. അഞ്ചു വർഷം മുൻപ് അമ്മയും. അച്ഛൻ തൃശൂരിലെ കോമരത്ത് കുടുംബത്തിലെ അംഗമാണ്. 
ആദ്യ  നിരക്കാർ
ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകൻമാരിൽ അധികവും മലയാളത്തിൽ നിന്നാണ് .മനോഹരമായ ഒരു ഭൂപ്രദേശമാണ് കേരളത്തിന്റേത്. കുട്ടിക്കാലം മുതൽ ഇതു കണ്ടു വളരുന്നതിനാൽ കാമറയോടും ചിത്രങ്ങളോടും ഇഷ്ടം തോന്നുക സ്വാഭാവികം. ഛായാഗ്രാഹകരായ ഞങ്ങൾക്കിടയിലെ സഹകരണവും ഒരു കാരണമാകാം. സന്തോഷ് ശിവനും രവി കെ. ചന്ദ്രനും വേണുവും രാജീവ് മേനോനും ഇപ്പോഴും ഒരു സംശയം ഉണ്ടായാൽ എന്നെ വിളിക്കും. എനിക്ക് സംശയം ഉണ്ടായാൽ അവരെ ഏതു സമയത്തും വിളിക്കാം. ഈ കൂട്ടായ്മ ഗുണം മാത്രമാണ് ചെയ്യുന്നത്.സിനിമയുടെ മറ്റിടങ്ങളിൽ ഇങ്ങനെയാകണമെന്നില്ല.എന്റെ ഒപ്പം പ്രവർത്തിക്കാൻ രാജീവ് മേനോൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. എന്നാൽ എന്നെ ഗുരുസ്ഥാനീയനായി കാണുന്നു.അഞ്ചു വയസു മുതൽ സന്തോഷിനെ കാണുന്നതാണ്.സന്തോഷിന്റെ അച്ഛൻ ശിവൻ എന്റെ പ്രിയസുഹൃത്താണ്. എന്റെ ശിഷ്യനായി സന്തോഷ് ജോലി ചെയ്തില്ല. 'മകരമഞ്ഞ്" സിനിമയിൽ സന്തോഷ് ആണ് നായകൻ. പലർക്കും ആകാംക്ഷയുണ്ടായിരുന്നു രണ്ട് ഛായാഗ്രാഹകൻമാർ ഒത്തുചേരുമ്പോൾ എങ്ങനെയായിരിക്കുമെന്ന്. കാമറയുടെ മുൻപിൽ സന്തോഷിനെ കാണാൻ കഴിഞ്ഞു .മധു ചേട്ടൻ എന്നു അപൂർവം പേരേ വിളിക്കാറുള്ളു. അതിൽ ഒരാളാണ് സന്തോഷ്. 

ആദ്യ നോവൽ
 'ഡെത്ത് ഒഫ് മധു അമ്പാട്ട് ", എന്ന ആദ്യ നോവൽ അടുത്ത വർഷം പുറത്തിറങ്ങും. യാഥാർത്ഥ്യത്തിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. രണ്ടാമത് നോവൽ 'ബ്ളാക് മൂണും പൂർത്തിയായി. എഴുത്ത് വേദനാജനകമായ അവസ്ഥയ്ക്ക് ഇടയാക്കുമെങ്കിലും പൂർത്തിയായപ്പോൾ സംതൃപ്തി ലഭിച്ചു. നോവലുകൾ എഴുതാൻ മൂന്നുവർഷം വേണ്ടിവന്നു. എന്നാൽ തിരക്കഥ എഴുതാൻ 40 ദിവസം മതി. 1: 1.6 ആൻ ഒാഡ് ടു ലോസ്റ്റ് ലൗ ആണ് സംവിധാനം ചെയ്ത ആദ്യ സിനിമ.പതിനേഴുവർഷത്തിനുശേഷം അടുത്ത സിനിമ ഹിന്ദിയിൽ ചെയ്യാൻ ഒരുങ്ങുന്നു. തർപ്പയാമീ എന്ന ചിത്രത്തിൽ അതുൽ കുൽക്കർണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആദ്യ ഛായാഗ്രഹണ കുട്ടുകെട്ട്
ഞാനും ഷാജി എൻ. കരുണും ചേർന്ന് മധു - ഷാജി എന്ന പേരിൽ ലഹരി, മനുഷ്യൻ, ഞാവൽപ്പഴം എന്നീ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു. ഇതിനുശേഷമാണ് ഷാജിയുടെ വിവാഹവും കെ .എസ്. എഫ് .ഡി.സി യിൽ ജോലി ലഭിക്കുന്നതും.
രാജാ രവിവർമയുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി സംവിധാനം ചെയ്യുന്ന സിനിമയുടെ ഛായാഗ്രാഹകനായി എന്നെ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ആ പ്രോജക്ട് നടന്നില്ല. ഷാജി സംവിധാനം ചെയ്ത സിനിമയ്ക്ക് ഛായാഗ്രഹണം നിർവഹിക്കാൻ എനിക്ക് കഴിഞ്ഞില്ല.മണിരത്നത്തിന്റെ അഞ്ജലി, രാജ്കുമാർ സന്തോഷിയുടെ ലഞ്ജ, മനോജ് െെനറ്റ് ശ്യാമളന്റെ പ്രെയിംഗ് വിത്ത് ആംഗർ, സലീം അഹമ്മദിന്റെ ആദാമിന്റെ മകൻ അബു, പവിത്രത്തിന്റെ യാരോ ഒരാൾ, ഗോപിയുടെ ഗ്രീഷ്മം, ഭരതന്റെ വൈശാലി, അമരം എന്നിവയാണ് സംതൃപ്തി നൽകിയ സിനിമകൾ.ഛായാഗ്രാഹകൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലയിൽ മധു അമ്പാട്ട് സ്വയം വിലയിരുത്താറില്ല. സിനിമയെയാണ് സ്നേഹിക്കുന്നത് . ഇനിയും നല്ല സിനിമയുടെ ഭാഗമാകാനാണ്  എഴുപതാം വയസിലും ആഗ്രഹം. ചെന്നൈ മഹാലിംഗപുരത്താണ് താമസം. രാവിലെ നടത്തമുണ്ട്. യോഗ, മെഡിറ്റേഷൻ,വർക്കൗട്ട് എന്നിവയ്ക്ക് മുടക്കമില്ല. രണ്ടുവർഷമായി സസ്യാഹാരം മാത്രം. ഹോം തിയേറ്ററിൽ ദിവസം രണ്ട് സിനിമ കാണും. ഭാര്യ ലത. മൂത്ത മകൻ ദർശൻ,സ്വതന്ത്ര ഛായാഗ്രാഹകനാകാൻ ഒരുങ്ങുന്നു. ഇളയ മകൻ റിത്വിൻ ഡെൽ കംപ്യൂട്ടർ കമ്പനിയിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലിചെയ്യുന്നു. റിത്വിൻ സാൽസ നൃത്തരൂപത്തിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

വിപിൻ അറിയാത്ത ഒരു രഹസ്യവും ജീവിതത്തിലില്ല
അഞ്ചുവയസു മുതൽ വിപിൻ മോഹൻ സുഹൃത്താണ്. ഛായാഗ്രാഹകനായി വിപിൻ വരാൻ കാരണം ഞാനാണ്. കുറെ സിനിമകളിൽ എന്റെ ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്. എന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് വിപിൻ. ജീവിതത്തിൽ എന്നെ ബ്ളാക്ക് മെയിൽ ചെയ്യാൻ വിപിന് മാത്രമേ കഴിയൂ. എനിക്ക് അധികം ശിഷ്യന്മാരില്ല. അസിസ്റ്റന്റായി ചേർന്നാൽ സ്വതന്ത്ര ഛായാഗ്രാഹകനായി മാറുന്നതുവരെ ഒപ്പം നിറുത്തുന്നതാണ് എന്റെ രീതി. ഹോളിവുഡിലെ മനോജ് നൈറ്റ് ശ്യാമളനാണ് എന്നെ ഏറെ വിസ്മയിപ്പിച്ച സംവിധായകൻ.  മനോജിന്റെ ആദ്യ ചിത്രമായ പ്രെയിംഗ് വിത്ത് ആംഗറിന് ഛായാഗ്രഹണം നിർവഹിച്ചു. 'അഞ്ജലി"യിൽ മണിരത്നം, 'ലഞ്ജ"യിൽ രാജ്കുമാർ സന്തോഷി, 'ശ്രീനഗരത്തിൽ" ശാരദ രാമനാഥൻ അത്ഭുതപ്പെടുത്തിയ ആ നിര ഇങ്ങനെ.