
കമൽഹാസനെ മുഖ്യമന്ത്രി സ്ഥാർനാർത്ഥിയായി മക്കൾ നീതിമയ്യംപ്രഖ്യാപിച്ചു. ആദ്യ സ്ഥാനാർത്ഥി പട്ടിക ഡിസംബറിലെന്ന് കമൽ പറയുന്നു....
ഇന്ത്യൻ സിനിമയുടെ ഉലകനായകൻ കമൽഹാസൻ ലോക് ഡൗണിന് ശേഷം സിനിമയുടെ തിരക്കിലേക്ക് സജീവമായി തുടങ്ങി. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തമിഴ്നാട് സർക്കാർ മുടങ്ങിപ്പോയ ചിത്രങ്ങൾ പുനരാരംഭിക്കാനുള്ള അനുമതി നൽകിയതോടെ കമൽഹാസൻ തിരക്കിലാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ 'ഇന്ത്യൻ 2 "ന്റെ ചിത്രീകരണം ദ്രുതഗതിയിൽ നടക്കുമ്പോഴായിരുന്നു ക്രെയിൻ അപകടത്തിലായി മൂന്നുപേർ മരിച്ചത്. ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഷങ്കറിന്റെ സംവിധാനത്തിൽ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈചിത്രം 1996ൽ റിലീസായ സൂപ്പർ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണ്. അതുകൊണ്ട് തന്നെ വൻ പ്രതീക്ഷയോടെയാണ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. നിറുത്തിവച്ച ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കും. കമൽഹാസന് പുറമെ കാജൽ അഗർവാൾ, സിദ്ധാർത്ഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതോടൊപ്പം ലോകേഷ് കനകരാജിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും നടന്നു. മാസ്റ്റേഴ്സാണ് ലോകേഷിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ. തിയേറ്ററുകൾ തുറന്നാൽ ഉടൻ റിലീസ് ഉണ്ടാകും.കമൽഹാസനുമായി ലോകേഷ് കൈകോർക്കുമ്പോൾ തെന്നിന്ത്യൻ ആരാധകർ വലിയ പ്രതീക്ഷയിലാണ്. ചിത്രത്തിന്റെ പോസ്റ്ററിൽ കമലഹാസൻ അഭിനയിച്ച 'വിശ്വരൂപം" എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ 'എവൻ എന്റു നിനൈത്തായ്.."എന്ന പാട്ടിന്റെ വരി ഹാഷ് ടാഗായി ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം ഈ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ലോകേഷ് പറയുന്നത്. ഇന്ത്യൻ 2 ആദ്യം വരുമോ അതോ ലോകേഷിന്റെ സിനിമയാണോ ആദ്യം വരിക എന്ന കാത്തിരിപ്പിലാണ് ആരാധകർ.
റിയാലിറ്റി ഷോ അവതാരകൻ
ബിഗ് ബോസ് (തമിഴ് )അവതാരകനായും കമൽഹാസൻ എത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് സീസണിലും കമൽ ഹാസൻ തന്നെയായിരുന്നു പരിപാടിയുടെ അമരക്കാരനായി നിന്നിരുന്നത്. വലിയ വിജയവും നേടിയിരുന്നു.തിരക്കുകൾക്കിടയിലും എല്ലാ കാര്യങ്ങൾക്കും വേണ്ടി സമയം കണ്ടെത്തുന്ന പ്രകൃതമാണ് അദ്ദേഹത്തിന്റേത്. 2021 മേയ് മാസത്തിൽ നടക്കാൻ പോകുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്കുവേണ്ടി (മക്കൾ നീതി മയ്യം) താരം മത്സരിക്കാൻ ഒരുങ്ങിയിരിക്കുകയാണ് .സിനിമ, ടിവി ഷോകൾക്കിടയിൽ താരത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കും ? കമലിന്റെ 'മക്കൾ നീതി മയ്യം' എന്ന പാർട്ടി അടുത്ത തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമോ? ഇല്ലെങ്കിൽ സിനിമയിൽ തന്റെ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായ രജനികാന്ത് തുടങ്ങാൻ പോകുന്ന പാർട്ടിയുമായി ചേർന്ന് മത്സരിക്കുമോ? ഇങ്ങനെയുള്ള ചോദ്യങ്ങളാണ് കോളിവുഡിലും തമിഴ്നാട് രാഷ്ട്രീയ ത്തിലും ഇന്ന് പ്രസക്തമായിട്ടുള്ളത്.അതേ സമയം ഡി.എം.കെ, ഏ.ഐ.എ.ഡി.എം.കെ തുടങ്ങിയ പ്രബല രാഷ്ട്രീയ പാർടികളെ നേരിടാൻ കമലിനു കഴിയുമോ എന്ന ചോദ്യവും ബാക്കിനിൽക്കുന്നു.
ഇന്ത്യൻ 2
സംവിധായകൻ ഷങ്കറും കമൽഹാസനും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു 'ഇന്ത്യൻ." 1996ൽ റിലീസായ ഈ ചിത്രത്തിൽ സർക്കാർ ഓഫീസുകളിൽ നടക്കുന്ന കൈക്കൂലിയെയും അഴിമതികളെയും ചൂണ്ടിക്കാട്ടി അതിനോട് എങ്ങനെ പ്രതികരിക്കണം? എന്തു ശിക്ഷ നൽകണം ? എന്നൊക്കെ ചർച്ച ചെയ്യുന്ന പ്രമേയമായിരുന്നു ആ ചിത്രത്തിന്റേത്. 23 വർഷം മുൻപ് പുറത്തുവന്ന ഈ ചിത്രത്തിന്റെ പ്രമേയത്തെത്തന്നെ ആസ്പദമാക്കി ഇന്ന് നാട്ടിൽ നടക്കുന്ന അന്യായങ്ങളെയും അഴിമതികളെയും അക്രമങ്ങളെയും വെളിച്ചത്തുകൊണ്ടുവരാനാണ് ഷങ്കറും കമൽഹാസനും ഇന്ത്യൻ 2 ലൂടെ ശ്രമിക്കുന്നതെന്നാണ് അറിയുന്നത്.

'ഇന്ത്യൻ 2" അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യണമെന്നായിരുന്നു ആദ്യം തീരുമാനം . കാരണം ഈ ചിത്രം പറയാനുദ്ദേശിക്കുന്ന വിഷയങ്ങൾ തന്റെ രാഷ്ട്രീയ ഭാവിക്ക് പിന്തുണ നൽകുമെന്നായിരുന്നു കമൽ ഹാസൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി 'ഇന്ത്യൻ 2"ഷൂട്ടിംഗിൽ ഉണ്ടായ അപകടം, കൊവിഡ് മഹാമാരി ഉണ്ടാക്കിയ ലോക്ക് ഡൗൺ എന്നീ കാരണങ്ങളാൽ  തിരഞ്ഞെടുപ്പിന് മുൻപേ റിലീസ് ചെയ്യാൻ സാധിക്കുമോ എന്ന കാര്യം സംശയമാണ്. ഷങ്കർ സംവിധാനം ചെയ്യുന്ന എല്ലാ സിനിമകൾക്കും ദിവസങ്ങൾ ആവശ്യമായി വരാറുണ്ട്. ലോകേഷ് കനകരാജിന്റെ ഇതിനു മുൻപുള്ള ചിത്രങ്ങളായ മാ നഗരവും കൈദിയും മാസ്റ്റേഴ്സുമെല്ലാം ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്. അതുകൊണ്ടാണ് കമൽ ഹാസൻ ലോകേഷുമായി പുതിയ ചിത്രത്തിന് കൈകോർത്തെന്ന തരത്തിലുള്ള വാർത്തകളും പുറത്തു വരുന്നുണ്ട്. ഇതോടൊപ്പം കമൽ ഹാസൻ തന്നെ സംവിധാനം ചെയ്തു അഭിനയിച്ച ചിത്രം 'തലൈവൻ ഇരുക്കിന്റാൻ" എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചിത്രം തമിഴിനു പുറമെ ഹിന്ദിയിലും റിലീസ് ചെയ്യും. ടി .കെ .രാജീവ് കുമാറിന്റെ 'സബാഷ് നായിഡു"എന്ന ചിത്രവും കമൽഹാസന്റേതായിട്ടുണ്ട്. കമൽഹാസനെ വച്ച് വർഷങ്ങൾക്കു മുൻപ് 'ചാണക്യൻ" എന്ന മലയാള ചിത്രത്തെ സംവിധാനം ചെയ്തിട്ടുണ്ട് ടി .കെ .രാജീവ് കുമാർ. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത് മുതൽ പ്രതിസന്ധികളായിരുന്നു. ടി .കെ .രാജീവ് കുമാറിന് ശാരീരിക അസ്വാസ്ഥ്യം മൂലം സംവിധാനത്തിൽ നിന്നും പിൻമാറേണ്ടിവന്നു. പിന്നീട് കമൽഹാസൻ ആ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കാമെന്ന് തിരുമാനിക്കുകയും അദ്ദേഹത്തിന്റെ സംവിധാനത്തിൽ  ചിത്രീകരണം ലോസ് ആഞ്ചലസിൽ കുറച്ചുദിവസം നടക്കുകയും ചെയ്തു. അതിനുശേഷം ചെന്നൈയിലേക്ക് തിരിച്ചുവന്ന കമൽഹാസൻ വീണതിനെ തുടർന്ന് കാലിൽ പരിക്കേറ്റ് ചികിത്സയിലായപ്പോൾ സബാഷ് നായിഡുവിന്റെ ചിത്രീകരണം നിറുത്തിവയ്ക്കുകയായിരുന്നു. പിന്നിട് സബാഷ് നായിഡു പുനരാരംഭിക്കുകയുണ്ടായില്ല. അതുപോലെ തന്നെയാണ് ഇന്ത്യൻ 2 ന്റെ ചിത്രീകരണം തുടങ്ങിയതു മുതൽ തടസങ്ങളായിരുന്നു.
കമലിന്റെ രാഷ്ട്രീയ പ്രയാണം
2019 ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ 'മക്കൾ നീതി മയ്യം" പാർട്ടി തമിഴ്നാട്ടിലുള്ള 39 മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു. എന്നാൽ ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഈ പാർട്ടിക്ക് ഒരു മണ്ഡലത്തിൽപ്പോലും വിജയം നേടാൻ സാധിച്ചില്ല. എന്നാൽ ഒരു പുതിയ രാഷ്ട്രീയപാർട്ടി എന്ന നിലയിൽ 3.72 ശതമാനം വോട്ടുകൾ വാങ്ങി പാർട്ടിയുടെ സാന്നിദ്ധ്യം തെളിയിക്കാൻ കഴിഞ്ഞു. കമൽ രാഷ്ട്രീയ പാർട്ടി ആരംഭിച്ചതുമുതൽ സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാർ ചെയ്യുന്നതായി കരുതുന്ന തെറ്റുകളെ അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും ചുണ്ടികാണിക്കുന്നുണ്ട് .ജനങ്ങളുടെ ആവശ്യങ്ങളെ ജനപ്രതിനിധികളിലേക്ക് എത്തിക്കാൻ കമൽ ഹാസനും അദ്ദേഹത്തിന്റെ പാർട്ടിയും ശബ്ദമുയർത്തുന്നുണ്ട്. തമിഴ് നാടിനെ ഇതുവരെ ഭരിച്ച രണ്ട് രാഷ്ട്രീയ ദ്രാവിഡ കക്ഷികളും ജനങ്ങളുടെ നന്മയ്ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും തമിഴ്നാടിനെ രണ്ട് കക്ഷികളും നശിപ്പിക്കുകയാണ് ചെയ്തതെന്നും കമൽ പറയുന്നു.

'മക്കൾ നീതി മയ്യം" എന്ന രാഷ്ട്രീയപാർട്ടി മൂലം കമൽ ഹാസനെകൊണ്ടോ അല്ല ഇനിയും രാഷ്ട്രീയ പാർട്ടിയെക്കുറിച്ച് ഒഫിഷ്യൽ പ്രഖ്യാപനം നടത്താത്ത രജനീകാന്തിനെ കൊണ്ടോ തമിഴ്നാട്ടിൽ രാഷ്ട്രീയ മാറ്റം ഉണ്ടാക്കാൻ കഴിയുമോ എന്ന ചോദ്യം തമിഴകത്ത് ഉയരുന്നുണ്ട് . തമിഴ്നാട്ടിൽ ഭരണമാറ്റം കൊണ്ടുവരണമെന്നുള്ളതിൽ കമൽഹാസനുള്ള അതേ നിലപാടാണ് സൂപ്പർസ്റ്റാർ രജനീകാന്തിനുമുള്ളത്. കമൽഹാസന്റെ പോലെ രജനികാന്തും തമിഴ്നാട്ടിൽ നടക്കുന്ന അനീതികൾക്ക് എതിരായി ശബ്ദം ഉയർത്താറുണ്ട്. ഇതിലൂടെ കമൽഹാസനെപ്പോലെ രജനീകാന്തും ഭരണ കർത്താക്കളുടെ വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും വിധേയരാകാറുണ്ട്.
രജനിയും കമലും കൈകോർക്കുമോ?
ഒരിക്കൽ കമൽഹാസനോട് രജനിയുമായി ചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടാൻ സാധ്യതയുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് കമൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'തമിഴ്നാടിന്റെ വളർച്ചയ്ക്കും നന്മയ്ക്കുവേണ്ടി അങ്ങനെ നടക്കാൻ സാദ്ധ്യത ഇല്ലാതില്ല. എന്നെപ്പോലെ തമിഴ് മക്കൾ നെഞ്ചിലേറ്റിയ രജനീകാന്തും തമിഴ്നാട്ടിൽ ഭരണ സംവിധാനം ശരിയല്ല എന്നു പറയുന്നതിനോടൊപ്പം ദ്രാവിഡ കക്ഷികൾക്ക് പകരമായി പുതിയ ഭരണമാറ്റം വരണമെന്നും പറയാറുണ്ട്. അതിനാൽ സിനിമയിൽ ഞങ്ങൾ ഒരുമിച്ചതുപോലെ രാഷ്ട്രീയത്തിലും ഒരുമിച്ചാൽ എന്താണ് തെറ്റ്?' എന്നായിരുന്നു  മറുപടി.
ഇതേ ചോദ്യം രജനീകാന്തിനോട് ആവർത്തിച്ചപ്പോൾ അദ്ദേഹത്തതിന്റെ ഉത്തരം കമൽ ഹാസൻ പറഞ്ഞത് തന്നെയായിരുന്നു.തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു ഭരണമാറ്റം വരണമെങ്കിൽ കമലും രജനിയും ഒന്നിച്ചുനിന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ മാത്രമേ അത് സാധ്യമാവുകയുള്ളൂ എന്ന് വിജയ് യുടെ അച്ഛൻ എസ്.എ ചന്ദ്രശേഖർ  ഒരിക്കൽ  പറഞ്ഞു.

അനുഭാവികൾ എതിര്
കമലഹാസനോടൊപ്പം കൂട്ടുചേർന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നതിൽ രജനി അനുഭാവികൾക്ക് തെല്ലും താത്പര്യമില്ല. ഇതിനുകാരണം രണ്ടുപേരുടെയും രാഷ്ട്രീയ നയങ്ങൾ ഒത്തുപോകുമോ എന്ന ആശങ്കയാണ്. ഈയിടെ രജനികാന്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോൾ തന്റെ പാർട്ടി തിരഞ്ഞെടുപ്പിൽ ജയിച്ചാലും താൻ മുഖ്യമന്ത്രിപദവി സ്വീകരിക്കുന്നതായിരിക്കില്ല എന്നും തന്നേക്കാൾ അറിവും അനുഭവവുമുള്ള ഒരാളെ ആ പദവി നിർവഹിക്കാൻ ഏൽപ്പിക്കുമെന്നും പറഞ്ഞിരുന്നു.രജനി ഇങ്ങനെ പറയുവാനുണ്ടായ മുഖ്യകാരണം ഇനി തമിഴ്നാടിനെ ഭരിക്കാൻ തമിഴനെ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും അന്യസംസ്ഥാന ആളുകളെ മുഖ്യമന്ത്രി പദവിയിൽ ഇരിക്കാൻ അനുവദിക്കില്ലെന്നും ചില രാഷ്ട്രീയ പാർട്ടിക്കാരും തമിഴ് പ്രാദേശിക വാദികളും സംസാരിച്ചിരുന്നതിനാലാകാം. എന്നാൽ രജനികാന്ത് തന്നെ മുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കണമെന്നതാണ് അദ്ദേഹത്തിന്റെ പാർട്ടി അനുഭാവികളും ആരാധകരും ആഗ്രഹിക്കുന്നത്. ഈ വിഷയത്തിൽ എന്ത് തീരുമാനമാണ് അദ്ദേഹം എടുക്കാൻ പോകുന്നത് എന്ന് അറിയാൻ ക്ഷമയോടെ കാത്തിരിക്കുക തന്നെ വേണം. മുഖ്യമന്ത്രി പദവി സ്വീകരിക്കാൻ താത്പര്യമില്ലാതെ രജനി കമലിന്റെ കൂടെ സഖ്യം ചേരുകയാണെങ്കിൽ അത് കമൽഹാസന് ഒരു വലിയ നേട്ടംതന്നെയായിരിക്കും. എന്നാൽ രജനിയുടെ അനുഭാവികളും ആരാധകരും ഇതിനെ എത്രത്തോളം പിന്തുണ നൽകുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്നു വൻവിജയം നേടിയ എം.ജി.ആർ, ജയലളിത എന്നിവരെപ്പോലെ കമൽഹാസൻ, രജനീകാന്ത് എന്നിവർക്ക് രാഷ്ട്രീയത്തിൽ ശോഭിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ തമിഴ് ജനതയ്ക്ക് സംശയമുണ്ട്. ഇതിനുകാരണം ഇവർ രണ്ടുപേരും സോഷ്യൽ മീഡിയ വഴിയാണ് അധികവും തങ്ങളുടെ അഭിപ്രായങ്ങളെയും നയങ്ങളെയും പൊതുജനങ്ങളുടെ മുന്നിൽ എത്തിക്കാറുള്ളത് എന്നതിനാലാണ്. അല്ലാതെ എന്തു പ്രശ്നങ്ങളുണ്ടായാലും നേരിൽ വന്ന് ആ പ്രശ്നം തീർക്കാൻ ശ്രമിക്കാറില്ല.
കൊവിഡ് എന്ന മഹാമാരിയിൽ നിന്ന് തമിഴ് ജനതയെ രക്ഷിക്കാൻ തമിഴ്നാട് സർക്കാർ മറന്നുപോയി എന്ന് കമൽഹാസൻ പരസ്യമായി പറഞ്ഞിരുന്നു. ഇതിന് തമിഴ്നാട് നിയമസഭയിൽ ഒരു മന്ത്രി മറുപടി നൽകിയത്, 'കൊവിഡ് മഹാമാരി വന്ന് അഞ്ചു മാസങ്ങൾ കഴിയുന്നു . ഈ അഞ്ചു മാസകാലത്തിൽ ഏതെങ്കിലും ഒരുദിവസം കമലഹാസൻ തന്റെ വീട്ടിൽനിന്നും പുറത്തുവന്ന് പൊതുജനങ്ങളെ സന്ദർശിച്ച് അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ? ബിഗ് ബോസ് വീടിനുള്ളിൽ ഇരിക്കുന്നതുപോലെ തന്റെ വീട്ടിനുള്ളിൽ ഇരുന്നുകൊണ്ട് സർക്കാരിനെ വിമർശിക്കുകയല്ലാതെ പൊതുജനങ്ങൾക്ക് വേണ്ടി കമൽഹാസൻ എന്താണ് ചെയ്തത്?" എന്നായിരുന്നു ചോദ്യം.

സിനിമയിൽ വിജയങ്ങൾ കൊയ്ത കമൽഹാസനും രജനീകാന്തിനും രാഷ്ട്രീയത്തിൽ വിജയം നേടാൻ സാധിക്കുമോ? എം.ജി.ആറിനും ജയലളിതയ്ക്കും ശേഷം സിനിമയിൽ നിന്ന് വരുന്ന ഈ സൂപ്പർതാരങ്ങളെ തമിഴ്നാട്  ഭരിക്കാൻ തമിഴ് മക്കൾ അനുവദിക്കുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുകയാണ് . തമിഴ് രാഷ്ട്രീയത്തിലെ സങ്കീർണമായ ചേരിതിരിവുകൾ കലങ്ങിത്തെളിയണമെങ്കിൽ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടിവരും.