
ചെന്നൈ: തമിഴ്‌നാട്ടിലെ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ തന്റെ രാഷ്‌ട്രീയ പ്രവേശനത്തെ കുറിച്ച് പുനർവിചിന്തനം നടത്തുകയാണെന്ന് വ്യക്തമാക്കി രജനീകാന്ത്. ഉചിതമായ സമയത്ത് തന്റെ രാഷ്‌ട്രീയ പ്രവേശനം ഉണ്ടാകുമെന്നാണ് സൂപ്പർതാരം ഇപ്പോൾ വ്യക്തമാക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കത്ത് തന്റേതല്ലെന്നും എന്നാൽ ആ കത്തിലെ തന്റെ ആരോഗ്യത്തെ കുറിച്ചും ഡോക്‌ടർമാരുടെ ഉപദേശങ്ങളെ പറ്റിയും പറയുന്ന വിവരങ്ങൾ ശരിയാണെന്നും രജനീകാന്ത് പ്രസ്‌താവനയിൽ അറിയിച്ചു.
'രജനീ മക്കൾ മൻട്രവുമായി ചർച്ച ചെയ്‌ത് ഉചിതമായ സമയത്ത് എന്റെ രാഷ്‌ട്രീയ നിലപാട് അറിയിക്കും.' രജനീകാന്ത് പ്രസ്‌താവിച്ചു. രണ്ട് വർഷത്തോളമായി വിവിധ രാഷ്‌ട്രീയ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച രജനീകാന്ത് വരുന്ന തിരഞ്ഞെടുപ്പിൽ രാഷ്‌ട്രീയ അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതിയിരുന്നത്. പുറത്തുവന്ന കത്തിൽ കൊവിഡ് രോഗമാണ് രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനത്തിന് തടസമായി പറഞ്ഞിരുന്നത്. വൃക്ക രോഗബാധയെ തുടർന്ന് ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരം വിശ്രമത്തിലാണ് രജനീകാന്ത്. കൊവിഡ് രോഗബാധയുണ്ടായാൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം എന്നതിനാൽ പൊതു സമ്പർക്കം ഒഴിവാക്കണമെന്ന് ഡോക്‌ടർമാരുടെ നിർദ്ദേശമുണ്ട്. വൃക്ക മാറ്റിവയ്‌ക്കപ്പെട്ടതിനാൽ കൊവിഡ് വാക്‌സിൻ സ്വീകരിക്കാൻ ശരീരശേഷി അദ്ദേഹത്തിനുണ്ടോ എന്ന കാര്യത്തിൽ ഡോക്‌ടർമാർക്ക് സംശയമുണ്ട്. മുൻപ് മാർച്ച് മാസത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും മുഖ്യമന്ത്രിയാകാനില്ലെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു.