
തിരുവനന്തപുരം: ചെകുത്താനും നടുക്കടലിനും ഇടയിൽ എന്ന് പറയേണ്ടിവരും കേരളത്തിലെ നിലവിലെ സി പി എമ്മിന്റെ അവസ്ഥയെ. എം ശിവശങ്കറിന്റെ അറസ്‌റ്റിനെ എങ്ങനെ ന്യായീകരിക്കും എന്ന് തലപുകയ‌്ക്കുന്നതിനിടെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ‌്തത്. ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ ഇഡി കസ്‌റ്റഡിയിലെടുത്തതും മണിക്കൂറുകൾക്കുള്ളിൽ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
എൽ ഡി എഫ് സർക്കാരിന്റെ ഭരണകാലത്ത് എന്നും വിവാദ നായകനായിരുന്നു ബിനീഷ് കോടിയേരി. വിവാദങ്ങൾ ഉയരുമ്പോൾ മക്കൾ പാർട്ടി അംഗങ്ങളല്ലെന്നും മക്കൾ ചെയ്യുന്ന പ്രവർത്തിക്ക് മാതാപിതാക്കൾ ഉത്തരവാദികളല്ലെന്ന പതിവു ന്യായീകരണവും ഉയരാറുണ്ട്. എന്നാൽ ഇത്തവണ അത്തരം ന്യായീകരണങ്ങൾ ഒന്നും തന്നെ പാർട്ടിക്കോ സർക്കാരിനോ ഒരുതരത്തിലും സഹായകരമാവില്ല. സി പി എമ്മിൽ ചുമതലകളൊന്നുമില്ലെങ്കിലും പാർട്ടി സമ്മേളനങ്ങളിൽ ബിനീഷ് മുടങ്ങാതെ പങ്കെടുക്കാറുണ്ട്. ഇടക്കാലത്ത് പല സിനിമകളിലും തല കാണിച്ച ബിനീഷ് ഗൾഫ് കേന്ദ്രീകരിച്ചുളള പ്രവാസി വ്യവസായികളുമായുളള ബന്ധങ്ങളുടെ പേരിലും വാർത്തകൾ സൃഷ്ടിച്ചിട്ടുണ്ട്.
സ്വർണക്കടത്തുകേസിൽ സ്വപ്ന അറസ്റ്റിലായ ജൂലായ് 10 ന് ബിനീഷ് കോടിയേരി തന്നെ വിളിച്ചുവെന്നാണ് മയക്കുമരുന്ന് കേസിലെ മുഖ്യ പ്രതി അനൂപ് മുഹമ്മദിന്റെ മൊഴി. അനൂപുമായി ബന്ധമുണ്ടെന്നും ഹോട്ടൽ തുടങ്ങാൻ പണം വാങ്ങിയിരുന്നുവെന്നും ബിനീഷും സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞതവണത്തെ ചോദ്യം ചെയ്യലിൽ, അനൂപ് മുഹമ്മദിന് പണം നൽകിയവരിൽ ഭൂരിഭാഗവും ബിനീഷ് കോടിയേരിയുമായി ബന്ധമുള്ളവരാണെന്ന വിവരം പുറത്തുവന്നിരുന്നു.
ബംഗളൂരു ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള പണമിടപാടുകളെപ്പറ്റി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദ് അടക്കമുള്ളവരെ ചോദ്യം ചെയ്തത്. അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ബിനീഷിലേയ്‌ക്കെത്തിയത്.
കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ മകന്റെ പേരിലുളള പല ക്രിമിനൽ കേസുകളും പിൻവലിച്ചതായി ആക്ഷേപമുയർന്നിരുന്നു.
സ്വർണ്ണക്കടത്ത് വിവാദത്തിൽ ആരോപണ ശരങ്ങളേറ്റ സർക്കാരിനെയും സി.പി.എമ്മിനേയും ബിനീഷിനെതിരായ പുതിയ ആരോപണം കുരുക്കിലേക്ക് നയിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.