
അച്ഛന്റെ സിനിമയ് ക്ക് മകൻ ഛായാഗ്രാഹകൻ ആകുന്നു. അച്ഛൻ മേജർ രവിയുടെയും മകൻ അർജുൻ  രവിയുടെയും ആദ്യ ഒത്തുചേരലിന്റെ വിശേഷങ്ങൾ......
മുപ്പത്തിയൊന്ന് വർഷം മുൻപ് ഒക്ടോബർ 28 . ശ്രീലങ്കയിൽ നിന്ന് ഒരാഴ്ച അവധിക്ക് എ.കെ. രവീന്ദ്രൻ എന്ന പട്ടാളക്കാരൻ തിരുവനന്തപുരത്ത് എത്തി. കോസ്മോപൊളിറ്റൻ ആശുപത്രിയിൽ ഭാര്യ അനിതയുടെ പ്രസവ തീയതി 22ന് ആണ് നിശ്ചയിച്ചിട്ടുള്ളത്. അന്ന് മൊബൈൽ ഫോൺ സൗകര്യമില്ല. താൻ അച്ഛനായി എന്നു ഉറപ്പിച്ചാണ് രവീന്ദ്രന്റെ വരവ് .എന്നാൽ വീട്ടിൽ എത്തിയപ്പോഴാണ് അറിയുന്നത് ഭാര്യയുടെ കടിഞ്ഞൂൽ പ്രസവം കഴിഞ്ഞില്ലെന്ന്. ആശ്വാസവാക്കുകൾ പറഞ്ഞു ഭാര്യയുടെ അരികത്തിരുന്നു. 29ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസം ഉച്ചയ്ക്ക് 12.30ന് രവീന്ദ്രനും അനിതയും ഒരാൺകുഞ്ഞിന്റെ അച്ഛനും അമ്മയുമായി.നഴ്സിന്റെ കൈയിൽ നിന്ന് കുഞ്ഞിനെ വാങ്ങുമ്പോൾ രവീന്ദ്രൻ മകന് പേര് നിശ്ചയിച്ചിരുന്നു. അർജുൻ. അപ്പോൾ ബന്ധുക്കളിലാരോ പറഞ്ഞു: വിശാഖം നക്ഷത്രം .ഒരു യുദ്ധഭൂമിയിൽ നിന്ന് വന്നു ഭാര്യയുടെ പ്രസവം നടത്തി രവീന്ദ്രൻ നവംബർ 2ന് മടങ്ങിപ്പോയി. ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്സ് സംഘടിപ്പിക്കുന്ന പരിശീലനത്തിന് രവീന്ദ്രനാണ് നേതൃത്വം നൽകുന്നത്. അടുത്ത ദിവസം എത്തിച്ചേരേണ്ട സാഹചര്യമായതിനാൽ കുഞ്ഞിനെ ഒരു നോക്കു കാണാനേ കഴിഞ്ഞുള്ളൂ. 

ജീവിതത്തിൽ ആദ്യമായി അച്ഛനാകുന്ന നിമിഷം അവിടെയുണ്ടാകുക എന്നത് ഒരു പട്ടാളക്കാരന്റെ ജീവിതത്തിലെ ഏറ്റവും സുന്ദര മുഹൂർത്തമാണ്. പലർക്കും ഇതു സാധിക്കാറില്ല. ഇക്കാര്യത്തിൽ രവീന്ദ്രൻ എന്ന പട്ടാളക്കാരൻ ഭാഗ്യവാനാണ്. ആ സുന്ദര നിമിഷം കാത്തിരുന്ന പട്ടാളക്കാരായ എത്രയോ അച്ഛൻമാരെ മിലിട്ടറി പശ്ചാത്തലത്തിൽ ഒരുങ്ങിയ ഒരുപിടി സിനിമകളിൽ കണ്ട് പ്രേക്ഷകരുടെ ഹൃദയവും സന്തോഷത്താൽ തുടിച്ചു. ആ സിനിമകളുടെ ടൈറ്റിൽ കാർഡിൽ അപ്പോൾ മേജർ രവി എന്നാണ് എ.കെ. രവീന്ദ്രന്റെ പേര്. മേജർ രവിയുടെ പതിനൊന്നാമത് സിനിമയാണ് ഇനി വരാൻ പോകുന്നത്. സുരേഷ് ഗോപിയും ആശ ശരത്തുമാണ് പ്രധാന വേഷത്തിൽ. പേരിടാത്ത ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അച്ഛൻ ആക്ഷൻ പറയുമ്പോൾ മകൻ അർജുൻ രവി ഛായാഗ്രാഹകനായി ദൃശ്യങ്ങൾ പകർത്തും എന്നതാണ്. സംവിധായകനായ ഈ അച്ഛനും, ഛായാഗ്രാഹകനായ മകനും ഒന്നിക്കുന്നത് ഇതാദ്യം.
അർജുൻ എന്ന പേരിടുമ്പോൾ മകൻ  തന്നെപ്പോലെപട്ടാളക്കാരനായി മാറുമെന്ന് കരുതിയോ?
അർജുൻ എന്ന പേരിടാൻ ഒരു കാരണമുണ്ട്. 1988 ഒക്ടോബർ മാസം ആണ് ദൂരദർശനിൽ 'മഹാഭാരതം "സീരിയൽ തുടങ്ങിയത്. അന്ന് ഞായറാഴ്ച ആണ്. ആ ദിവസമാണ് ഞാൻ അനിതയെ പെണ്ണുകാണാൻ പോകുന്നത്. ഹൈദരാബാദിലാണ് ആ സമയത്ത് അനിതയും കുടുംബവും. 'മഹാഭാരതം" സീരിയൽ തുടർച്ചയായി കണ്ടു. അർജുന്റെ വേഷം  അവതരിപ്പിച്ച നടന്റെ പൗരുഷവും നോട്ടവും ചലനവുമെല്ലാം ആകർഷിച്ചു.ഒരു മകൻ ജനിച്ചാൽ അർജുൻ എന്നു പേരിടണമെന്ന് മനസിൽ കരുതി. മാതാപിതാക്കൾക്ക് ആവശ്യമുള്ളത് കുട്ടികളിൽ അടിച്ചേല്പിക്കുന്നതിൽ വിശ്വസിക്കുന്നില്ല. പലേടത്തും ഇതു പാളിപ്പോകുന്നത് കണ്ടിട്ടുണ്ട്. സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാതെ വരുകയും അത് മക്കളിൽ കൂടി കാണാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ ലക്ഷ്യം കാണില്ല. സ്വന്തം ഇഷ്ടം സ്വീകരിക്കാൻ മകന് സ്വാതന്ത്ര്യം നൽകി. യൂണിഫോം ധരിച്ചു കുട്ടിക്കാലത്ത് അവൻ എന്നെ കണ്ടില്ല. കമാൻഡോ യൂണിറ്റിൽ പോയശേഷമാണ് ബ്ളാക് ക്യാറ്റ് യൂണിഫോം ധരിക്കുക. അതിനാൽ അവന്റെ ആഗ്രഹത്തിൽ ഒരിക്കലും പട്ടാളക്കാരൻ സ്ഥാനം പിടിച്ചില്ല. ആഗ്രഹം തിരിച്ചറിഞ്ഞപ്പോൾ ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ഒരുക്കി കൊടുത്തു.

പി.കുട്ടിശങ്കരൻനായർ എന്ന പട്ടാളക്കാരന്റെ മകൻ ആ പാത പിന്തുടർന്നു രാജ്യസേവകനാകുകയും ചെയ്തു ?
കുട്ടിക്കാലത്ത് നല്ല വികൃതിക്കാരനായിരുന്നു ഞാൻ. അച്ഛൻ ശിക്ഷിച്ചു വളർത്തിയതിൽ അഭിമാനമുണ്ട്. അന്നത്തെ അച്ഛൻ, മകൻ സ്നേഹം ഇന്നത്തെ തലമുറയിൽ ഉണ്ടോയെന്ന് അറിയില്ല. അച്ഛന്റെ കൈയിൽ നിന്ന് അടി വാങ്ങിയശേഷം മാറിനിന്ന് ശപിക്കുമായിരുന്നു. ആ ശാപം ഏല ്ക്കില്ല. വളർന്നപ്പോൾ ഇതേക്കുറിച്ച് ആലോചിച്ചു. പെരുമാറ്റത്തിലെ ലാളിത്യവും സത്യസന്ധതയും ആത്മാർത്ഥയും എല്ലാം അച്ഛനിൽ നിന്ന് പഠിച്ചതാണ്. രാജ്യസ്നേഹം കാട്ടാൻ ഒരു പട്ടാളക്കാരന് മാത്രമേ അവസരം ലഭിക്കൂ. അച്ഛനിൽ നിന്ന് ലഭിച്ച പ്രചോദനമാണ് പട്ടാളക്കാരനാകുക എന്നത്. എന്റെ മുന്നിൽ മറ്റു വഴിയുമില്ലായിരുന്നു.
പട്ടാളത്തിൽ ചേരണമെന്ന ലക്ഷ്യത്തിൽ അഭിനയമോഹം ഉപേക്ഷിച്ചു. സംവിധാനം എപ്പോഴാണ് കയറിവന്നത്?
ഉള്ളിൽ ഒരു സിനിമാക്കാരനുണ്ടെന്ന് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. മോഹൻലാൽ , പ്രിയദർശൻ, സന്തോഷ് ശിവൻ ഇവരെ പരിചയപ്പെടുന്നതും സുരേഷ് ബാലാജിയുടെ കുടുംബവുമായുള്ള ബന്ധവും എന്റെ ഉള്ളിലെ സിനിമാക്കാരനെ ഉണർത്തിയിട്ടുണ്ടാകും. സിനിമയിൽ എന്തു ചെയ്യണമെന്ന് അപ്പോഴും അറിയില്ലായിരുന്നു. സംവിധായകനാകണമെന്ന ചിന്ത ഒരിക്കലും ഉണ്ടായില്ല. താരങ്ങളെ കാണുമ്പോൾ സിനിമയിൽ അഭിനയിക്കണമെന്ന് മറ്റുള്ളവരെപ്പോലെ എനിക്കും തോന്നി. അഭിനയം എളുപ്പമാണെന്നും കരുതി. തുടക്കത്തിലെ താങ്ക്സ് കാർഡ് മുതൽ റോളിംഗ് ടൈറ്റിൽ വരെ മനസിൽ വയ്ക്കുകയും എല്ലാം ഏകോപിപ്പിക്കുകയും ചെയ്യുന്നത് പറ്റുന്ന ജോലിയല്ലെന്ന് അറിയാവുന്നതിനാൽ അതു ആദ്യമേ ഉപേക്ഷിച്ചു. എന്നാൽ കഥയുമായി ഒരു സംവിധായകൻ വന്നു. മോഹൻലാലിന്റെ മകൻ അഭിനയിക്കണമെന്നാണ് ആവശ്യം. മോഹൻലാലിന്റെ കുടുംബവുമായി അന്നും ബന്ധമുണ്ട്. അപ്പുവിനോട് (പ്രണവ് മോഹൻലാൽ) കഥ പറഞ്ഞു.

ആ സിനിമയുടെ ചിത്രീകരണം പട്ടാമ്പിയിൽ ആരംഭിച്ചു. ഒരു ലൈൻ പ്രൊഡ്യൂസറുടെ വേഷത്തിൽ ഞാൻ . നിശ്ചയിച്ച സമയത്ത്  ആ ബഡ്ജറ്റിൽ ചിത്രീകരണം പൂർത്തിയാകില്ലെന്ന് തോന്നിയപ്പോൾ ഒന്നിച്ചു ചെയ്യാമെന്ന് സംവിധായകൻ രാജേഷ് അമനകരയോട് പറഞ്ഞു. അതിനു മുൻപ് പ്രിയേട്ടന്റെ കൂടെ പരസ്യചിത്രത്തിൽ സഹസംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. അപ്പു അഭിനയിച്ച ആ സിനിമയാണ് പുനർജനി. രണ്ടു സംസ്ഥാന അവാർഡും ലഭിച്ചു. സംവിധാനത്തിലേക്ക് ഇറങ്ങണമെന്നും നല്ല ക്രാഫ്ട് മാനാണെന്നും സിനിമ കണ്ട ഷാജി എൻ. കരുൺ സാർ പറഞ്ഞ വാക്കുകൾ നൽകിയ ഊർജ്ജത്തിലാണ് കീർത്തിചക്രയുടെ കഥ എഴുതുന്നത്. നാലു വർഷം വേണ്ടിവന്നു ആ സിനിമ ഉണ്ടാകാൻ. കീർത്തിചക്ര വലിയ വിജയം നേടി.അതിന്റെ ചേരുവ കൃത്യമായിരുന്നേക്കാം. മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. അതും ഒരു നിമിത്തം. സംവിധായകനായി മാറുന്നതിനു പിന്നിൽ ഒരുപാട് ആളുകളുടെ പിന്തുണയും പ്രോത്സാഹനവുമുണ്ട്.അഭിനയിക്കണമെന്നാഗ്രഹവും സാധിച്ചു.
മേജർ രവിയുടെ ചിത്രങ്ങൾ പട്ടാള സിനിമകളാണെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു?
എന്റെ മേഖലയായതും ഇവിടെ അത് ആളുകൾ കാണാത്ത ഇടംമായതിനാലുമാണ് പട്ടാള സിനിമകൾ ഉണ്ടായത്. കീർത്തിചക്ര കഴിഞ്ഞു വേറൊരു കഥ തിരഞ്ഞെടുത്തിരുന്നെങ്കിൽ മറ്റൊരു സിനിമയായി മാറുമായിരുന്നു. കർമ്മയോദ്ധ സിവിൽ സബ്ജക്ടാണ്. എന്നാൽ അതിൽ പൊലീസുകാരൻ ഉള്ളതിനാൽ പട്ടാളം സ് റ്റെൽ എന്ന നിലയിൽ പ്രേക്ഷകർ കണ്ടു. കീർത്തിചക്ര എന്റെ അനുഭവമാണ്. അതിലൂടെ ഞാൻ ജീവിച്ചതാണ്. പട്ടാള സിനിമകളുടെ സംവിധായകൻ എന്ന ബഹുമതി പ്രേക്ഷകർ തന്നതിൽ അഭിമാനിക്കുന്നു.അടുത്ത സിനിമ പട്ടാള ചിത്രമല്ല. കുട്ടിക്കാലത്ത് ഞാൻ കണ്ട കാഴ്ചയിലൂടെയും അനുഭവങ്ങളിലൂടെയുമാണ് ആ സിനിമ. ഗ്രാമീണ പശ്ചാത്തലം. അധികം െെവകാതെ മേജർ മഹാദേവനായി ലാലേട്ടൻ വീണ്ടും വരും.

വള്ളുവനാട്ടിൽനിന്നാണ് എപ്പോഴും നായിക കഥാപാത്രങ്ങൾ വരുന്നത്?
പട്ടാമ്പി ആണ് നാട്. കണ്ടതും അനുഭവിച്ചതുമായ മേഖലയിലൂടെയാണ് കഥ പറയുന്നത്. അപ്പോൾ എഴുതാൻ സുഖമുണ്ട്. എന്റെ സിനിമയിലെ നായികമാർ വള്ളുവനാടുകാരി തന്നെയാകണം. നായികയെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അവിടേക്ക് പോകും. എന്റെ അമ്മ സംസാരിച്ചത് വള്ളുവനാടൻ ഭാഷയാണ്. ആ വേഷം ആരു ചെയ്താലും അവിടത്തെ ഭാഷയായിരിക്കും. അതിൽ എനിക്ക് ഒരുസുഖമുണ്ട്. എന്റെ എല്ലാ സിനിമയിലും പാലക്കാട് ജില്ലയുടെ ഏതെങ്കിലും ഭാഗം ഉണ്ടാകും. ആ ഭൂപ്രദേശം കാണാനും കാണിക്കാനുമാണ്.അതിലും എനിക്ക് ഒരു സുഖമുണ്ട്.
മേജർ മഹാദേവൻ നാലാം പോരാട്ടത്തിന്  ഇനി എപ്പോഴാണ് വരിക?
മഹാദേവൻ സർവീസിലുണ്ട്. ഇനിയും ഏറെദൂരം യാത്ര ചെയ്യാനുണ്ട്. കഥാപാത്രം ഇത്രമാത്രം നാഴികക്കല്ലാകുമെന്ന് വിചാരിക്കാതെയാണ് ആ പേര് നൽകിയത്. അത് ബ്രാന്റ് ചെയ്തു. കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തതിൽ മാത്രമല്ല, ആ പേര് കേൾക്കുമ്പോൾതന്നെ ഉള്ളിന്റെ ഉള്ളിൽ അഭിമാനം തോന്നും. രാജ്യസ് നേഹത്തിന്റെ പ്രതീകമായി മാറിയ മേജർ മഹാദേവൻ അടുത്ത തന്നെ വരും.
പത്താം ക്ളാസ് തോറ്റു പതിനാറു രൂപയുമായി നാടുവിട്ടു ബോംബേയിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്ത നാളുകൾ ഇടയ്ക്ക് ആലോചിക്കാറുണ്ടോ?
ജീവിതത്തിൽ എല്ലാ വിധ സുഖസൗകര്യങ്ങൾ നേടാൻ കഴിഞ്ഞെങ്കിലും ഇപ്പോഴും അവിടേക്ക് നോക്കാറുണ്ട്.ട്രെയിനിലെ സെക്കൻഡ് ക്ളാസ് കമ്പാർട്ട് മെന്റിൽ ടൊയ്ലറ്റിനു മുന്നിലിരുന്നാണ് യാത്ര ചെയ്തത്.വർഷങ്ങൾകഴിഞ്ഞു യു എസിനു പോയപ്പോൾ ബിസിനസ് ക്ളാസ് യാത്രക്കാരനായിരുന്നു. നാടുവിട്ടു ബോംബേയിൽ എത്തിയപ്പോൾ അമ്മാവന്റെ അവഗണന, ഒന്നും മിണ്ടിയില്ല.മടങ്ങി പോകാൻ റെയിൽവേ സ്റ്റേഷനിൽ പോയി. പ്ളാറ്റ്ഫോമിൽ ഉറങ്ങി.പൈപ്പ് വെള്ളം കുടിച്ചു. മൂന്നു ദിവസം പഴം മാത്രം കഴിച്ചു. അതിനുശേഷം ബന്ധുവിന്റെ ഹോട്ടലിൽ പോയി. ആ ഹോട്ടലിൽ തൊഴിലാളിയായി.'ആരുടെയെങ്കിലും ഒൗദാര്യം പറ്റുന്നുണ്ടെങ്കിൽ അതു തിരികെ കൊടുക്കണമെന്ന് " അമ്മ പറയുമായിരുന്നു. മൂന്നുനേരം ഭക്ഷണം തരുന്നതിന്റെ കൂലിയായി വെയ്റ്റർ ജോലി ചെയ്തു. മറ്റു തൊഴിലാളികൾക്കൊപ്പം പാത്രം കഴുകി. ഇപ്പോൾ ഒാർക്കുമ്പോൾ അതു സുഖമുള്ള ഒാർമയാണ്.പാവപ്പെട്ട ആളുകളെ കാണുമ്പോൾ സഹതാപം തോന്നാറുണ്ട്.ജീവിതത്തിൽ കഷ്ടപ്പാട് അനുഭവിച്ചതുകൊണ്ടാകാം സാമൂഹ്യപ്രവർത്തനങ്ങൾ ചെയ്യാൻ മനസ് പാകപ്പെട്ടത്. വന്ന വഴി ഒാർക്കണം.എല്ലാം മറക്കുന്ന നിമിഷമാണ് മനുഷ്യൻ അഹങ്കാരിയാകുന്നത്.

ഹോട്ടൽ മാനേജ്മെന്റ്  വഴി സിനിമ
ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം അർജുൻ വീട്ടിൽ അറിയിച്ചപ്പോൾ കാമറ വാങ്ങി തരാമെന്ന് മേജർ രവി പറഞ്ഞു . ഹോട്ടൽ മാനേജ്മെന്റ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ചെന്നൈ ഹിന്ദുസ്ഥാൻ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ വിഷ്വൽ കമ്മ്യൂണിക്കേഷന് ചേരുന്നത്. തിരു , സന്തോഷ്  ശിവൻ, ജോമോൻ ടി. ജോൺ, പ്രദീപ് നായർ എന്നിവരുടെ ശിഷ്യനായി . എബ്രിഡ് ഷൈനിന്റെ ദ കുങ് ഫ്യു മാസ്റ്റർ ആണ് സ്വന്തന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യചിത്രം. കാവ്യ പ്രകാശിന്റെ വാങ്ക്, ജോഷിന്റെ ജില്ലം പേപ്പറെ എന്നിവയാണ് മറ്റു ചിത്രങ്ങൾ. നാലാമത് സിനിമ അച്ഛനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിന്റെ സന്തോഷത്തിലാണ് അർജുൻ.
''എട്ടു വർഷം പ്രവർത്തിച്ച് ആത്മവിശ്വാസം വന്നപ്പോഴാണ് സ്വതന്ത്ര ഛായാഗ്രാഹകനായത്.അച്ഛനാണ് എന്റെ മാർഗദർശി.
അച്ഛൻ എന്ന സംവിധായകന്റെ രീതികൾ പിക്കറ്റ് 43 ൽ അസിസ്റ്റന്റ് കാമറമാനായി പ്രവർത്തിച്ചപ്പോൾ കണ്ടു.എന്റെ ഗുരുക്കൻമാരെ പോലെ അച്ഛനും നല്ല അദ്ധ്യാപകൻ. അച്ഛനും എനിക്കും പിന്നിൽ എപ്പോഴും അമ്മയുണ്ട്.""അർജുൻ രവി പറഞ്ഞു.