seetharam-yechury

ന്യൂഡൽഹി/തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനീഷിനെ സംബന്ധിച്ച കാര്യങ്ങളിൽ സംസ്ഥാന സെക്രട്ടറിയായ കോടിയേരി തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടേയെന്നും യെച്ചൂരി പറഞ്ഞു.

ബിനീഷിന്റെ അറസ്റ്റ്‌ സി.പി.എമ്മിനെ സംബന്ധിച്ച് ധാർമ്മിക പ്രശ്‌നമാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. വിനാശകരമായ കാര്യങ്ങളിൽ ഇടപെടുന്നത് ന്യായീകരിക്കാനാകില്ല. ഇത്രയും കാലം ഭരണത്തിൽ വരുമ്പോൾ ബിനീഷിന് എതിരായ കേസുകൾ സൗകര്യപൂർവ്വം ഒതുക്കുകയായിരുന്നു. സി പി എം പോലുളള തൊഴിലാളി വർഗ പാർട്ടിയിൽ ഇതൊക്കെ നടക്കുന്നതിന് കേന്ദ്ര നേതൃത്വം മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ഒരു പാർട്ടിയെ സംബന്ധിച്ച് ഏറ്റവും പരിതാപകരമായ അവസ്ഥയാണ് ഇതെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ പറഞ്ഞു. ഒന്നിലധികം ആളുകൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സ്വർണക്കടത്ത് സംഘത്തെ സഹായിച്ചിട്ടുണ്ട്. ഇതിന് സമാന്തരമായി പാർട്ടി സെക്രട്ടറിയുടെ മകൻ മയക്കുമരുന്ന് സംഘവുമായി ഇടപെടുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.