
മികച്ച ചിത്രം ' വാസന്തി" വന്ന കഥ വെളിപ്പെടുത്തി  സംവിധായകരായ റഹ്മാൻ  ബ്രദേഴ്സ്....
ഷിനോസ് റഹ്മാനും, സജാസ് റഹ്മാനും ചേരുന്നതാണ് റഹ്മാൻ ബ്രദേഴ്സ്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ വാസന്തിയുടെ സംവിധായകർ.  രണ്ടുപേരും സ്വതന്ത്ര സിനിമയുടെ ഓരത്ത് നിൽക്കുന്നവർ. ബിരുദ പഠനശേഷം ഷിനോസ് റഹ്മാൻ സിനിമയുടെ എഡിറ്റിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ മേഖലയിൽ എത്തി. അനുജൻ സജാസ് റഹ്മാൻ ഒപ്പം ചേർന്നു. ആദ്യ ചിത്രം കളിപ്പാട്ടക്കാരന്റെയും, വാസന്തിയുടെയും എഡിറ്റിംഗ്, കളറിംഗ് ജോലികളും ചേട്ടൻ റഹ്മാൻ തന്നെ നിർവഹിച്ചു. തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിൽ ബിരുദാനന്തര ബിരുദം നേടിയ സജാസ് റഹ്മാൻ സജീവ നാടക പ്രവർത്തകനായാണ് അറിയപ്പെടുന്നത്. അവിടെ സംവിധായകന്റെയും പരിശീലകന്റെയും കുപ്പായം അണിയാറുണ്ട്. മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരവും റഹ്മാൻ ബ്രദേഴ്സിനു വാസന്തി സമ്മാനിച്ചു. പ്രശസ്ത തമിഴ് എഴുത്തുകാരനായ ഇന്ദിരപാർത്ഥസാരഥിയുടെ പോർവെ പോർത്തിയ ഉടൽകൾ എന്ന കൃതിയിലെ കഥാപാത്രമാണ് വാസന്തി. 2015ൽ ഷിനോസ് ഇതിന്റെ വിവർത്തനത്തിന് കൂടെയുണ്ടായിരുന്നു. സജാസ് ഇതു മലയാള നാടകമായി സംവിധാനം ചെയ്തു. അപ്പോഴാണ് സിനിമയുടെ സാദ്ധ്യത തെളിയുന്നത്.കളിപ്പാട്ടക്കാരൻ ഒരുക്കുന്നതിനുമുൻപേ സ്വതന്ത്ര സിനിമയുടെ പാതയിലുണ്ട് റഹ്മാൻ ബ്രദേഴ്സ് . ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂർ കാമ്പിലവളപ്പിൽ അബ്ദുൾ റഹ്മാന്റെയും പരേതയായ ഫാത്തിമയുടെയും മക്കളാണ്.

ആരാണ്  വാസന്തി
ഒരു കടപ്പുറത്ത് അവതരിപ്പിക്കുന്ന നാടകത്തിലെ നടിയുടെ കഥാപാത്രത്തിന്റെ പേരാണ് വാസന്തി. നാടകത്തിലൂടെ സ്വന്തം കഥ വാസന്തി വെളിപ്പെടുത്തുന്നു അവൾ പരിചയപ്പെടുന്ന പുരുഷ കഥാപാത്രങ്ങളുണ്ട്. സിനിമയുടെ ഉള്ളിലെ നാടകത്തിലെ കഥാപാത്രമായ വാസന്തിയിലൂടെ സ്വാസിക നല്ല അഭിനയം കാഴ്ചവച്ചു. സുകു, ചന്തു എന്നീ സുഹൃത്തുക്കളായ കള്ളൻമാരുടെ വേഷമാണ് സിജു വിത്സനും ശബരീഷ് വർമ്മയ്ക്കും.ശിവജി ഗുരുവായൂരും നിരവധി നാടക പ്രവർത്തകരും അഭിനേതാക്കളായുണ്ട്. നാലുവർഷം മുൻപ് ചിത്രീകരണം ഏകദേശം പൂർത്തിയായതാണ്.പോസ്റ്റ് പ്രൊഡക്ഷന്റെ സമയത്താണ് സിജു നിർമ്മാണം ഏറ്റെുത്തത്തത്. സിജു ഞങ്ങൾക്ക് എല്ലാവിധ സ്വാതന്ത്ര്യവും തന്നു.ചാവക്കാട് കടപ്പുറം, രാജക്കാട്, കൊച്ചിയിലെ പഴയ അന്ധകാര കോളനി, ആലുവ മാർക്കറ്റ് പരിസരം, കൊല്ലംങ്കോട് എന്നിവിടങ്ങളാണ് ലൊക്കേഷൻ. ഓരോ ലൊക്കേഷനിലെയും ചിത്രീകരണത്തിന് ഇടവേള ഉണ്ടായിട്ടുണ്ട്. ഛായാഗ്രാഹകൻ അഭിലാഷ് ശങ്കറിന്റെ ആദ്യ സിനിമയാണിത്. ജയപ്പൂർ ഇന്ത്യൻ നാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രദർശിപ്പിച്ചത്. ഇതുവരെ നാല് പ്രദർശനം.തിയേറ്റുകൾ തുറന്നശേഷം പ്രദർശിപ്പിക്കണമെന്നുണ്ട്. എന്നാൽ പരീക്ഷണ സിനിമയോട് അവഗണനയാണ്. സർക്കാർ തിയേറ്റർ പോലും പിന്തുണയ്ക്കാറില്ല.

ആരാണ്  കളിപ്പാട്ടക്കാരൻ
ആറുവർഷം മുൻപാണ് കളിപ്പാട്ടക്കാരൻ സംഭവിക്കുന്നത്. ചവറുകൂനയിൽ നിന്ന് പ്ളാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് ചെറിയ കളിപ്പാട്ടങ്ങൾ ഉണ്ടാക്കി എവിടെയെങ്കിലും വിറ്റ് ജീവിക്കുന്ന കളിപ്പാട്ടക്കാരൻ. തൃശൂർ ലാലൂരിൽ മാലിന്യകൂനയിൽ നിന്ന് പാഴ്വസ്തുക്കൾ ശേഖരിച്ച്  'അഹിംസ കളിപ്പാട്ടങ്ങൾ" ഒരുക്കിയ സുബിത് എന്ന ചെറുപ്പക്കാരന്റെ സ്വഭാവം പകർത്തിയാണ് ഞങ്ങൾ കഥാപാത്രത്തെ രൂപപ്പെടുത്തിയത്. ഒരു കളിപ്പാട്ടക്കാരന്റെ ഒാർമ്മകൾ, പ്രണയം, സൗഹൃദം, ഏകാന്തത, മരണം, അതിജീവനം അതാണ് പ്രമേയം. ഫിലിം ഫെസ്റ്റിവെലുകളിലും ഫിലിം സൊസൈറ്റികളിലമുമായിരുന്നു പ്രദർശനം. മുംബയ് ജാഗ്രൻ ഫിലിം ഫെസ്റ്റിവൽ, കൊറിയൻ എക്സ്പാക്ട് ഫിലിം ഫെസ്റ്റിവൽ, ഇറ്റലി ലൂമിയർ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും പ്രദർശിപ്പിച്ചു. നെറ്റ് ഫ്ളിക്സിന്റെ ആദ്യ സൗത്ത് ഇന്ത്യൻ സ്വതന്ത്ര സിനിമകളുടെ നിരയിൽ കളിപ്പാട്ടക്കാരനുണ്ട്. ആ പണം കൊണ്ടാണ് വാസന്തിയുടെ നിർമാണ തുടക്കം.
കളിപ്പാട്ടക്കാരന്റെ സ്ക്രീനിംഗ് അവസാനിച്ചിട്ടില്ല. ഡൽഹി ഡിപെൻഡൻസ് സിനിമയുടെ ഒ.ടി.ടി പ്ളാറ്റ് ഫോമിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. ഒരുമാസം കളിപ്പാട്ടക്കാരനെ അവിടെ കാണാൻ കഴിയും.കഥകൾക്ക് പഞ്ഞമില്ല. കടൽത്തീരവും  ആരും വരാത്ത പൂന്തോട്ടവും ഒരു അപ്പൂപ്പന്റെ ജീവിതവുമാണ് അടുത്ത സിനിമയുടെ പ്രമേയം.ജാസ് മിൻ ആണ് ഷിനോസ് റഹ്മാന്റെ ഭാര്യ. 
സജാസ് റഹ്മാന്റെ ഭാര്യ സുനിത. മകൾ മഴ.