
കെ. ഭാഗ്യരാജിന്റെയും പൂർണിമയുടെയും സന്തുഷ്ടദാമ്പത്യത്തിന് 36 വയസ് പിന്നിടുന്നു 1984 ഫെബ്രുവരി 7 
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിവസം. അന്നാണ് ഞങ്ങളുടെ വിവാഹം. തമിഴ് ചലച്ചിത്രലോകത്ത് ആർക്കും ലഭിക്കാത്ത അപൂർവതയിൽ വിവാഹം. ആ ചടങ്ങിന് പുരട്ചി തലൈവർ എം.ജി.ആർ, നടികർ തിലകം ശിവാജി ഗണേശൻ സാർ, രണ്ടുപേരുടെയും അനുഗ്രഹം ലഭിച്ചു. അവരുടെ അനുഗ്രഹം ജീവിതത്തിൽ പിന്നീട് ഉണ്ടായ എല്ലാ നല്ല ചുവടുവയ്പിനുമുണ്ടായിരുന്നുവെന്നത് വലിയ സന്തോഷം തരുന്നു. 36 വർഷം പിന്നിടുകയാണ് സന്തോഷം മാത്രം നിറഞ്ഞ ഞങ്ങളുടെ കുടുംബ ജീവിതം. 'അന്ത ഏഴ് നാളുകൾ" എന്ന ചിത്രം  വലിയ വിജയം നേടിയിരുന്നു.തിയേറ്ററിൽ പോയി ഞാൻ സിനിമ കണ്ടു. ആ സിനിമയിൽ പാലക്കാട് മാധവൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ജീവിതത്തിൽ എന്റെ മറുപാതിയായി മാറുമെന്ന് സ്വപ്നത്തിൽ പ്രതീക്ഷിച്ചില്ല. സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. രണ്ടാമതും കണ്ടു. അപ്പോൾ എനിക്ക് നായകനടനോട് ആരാധന തോന്നി .ഒന്നു നേരിൽ കാണണമെന്നുപോലും ആഗ്രഹിച്ചു. ആ സമയത്ത് ഏറെ തിരക്കുള്ള നടനാണ് അദ്ദേഹം.ഞാൻ അപ്പോൾ സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും ഒരാൾക്കൂട്ടത്തിൽ പോലും തിരിച്ചറിയില്ല. സരിത അഭിനയയിച്ച 'അമ്മ "സിനിമയുടെ പ്രിവ്യുവിൽ അദ്ദേഹത്തെ അപ്രതീക്ഷിതമായി കണ്ടു.സന്തോഷം കൊണ്ടു ഞാൻ അടുത്തു ചെന്നു. കടുത്ത ആരാധികയാണെന്ന് പറഞ്ഞു. എന്നോട് താങ്ക്യു മാത്രം പറഞ്ഞ് അദ്ദേഹം വേഗം പോയി. അപമാനിക്കപ്പെട്ടതായി സ്വയം തോന്നി. ഒരാൾക്ക് ഇത്തരത്തിൽ പെരുമാറാൻ എങ്ങനെ സാധിക്കുന്നുവെന്ന് ഞാൻ ആലോചിച്ചു. എന്താണ് ഇങ്ങനെയെന്ന് പി.ആർ.ഒ യോട് ചോദിച്ചു. സാർ നല്ല മനുഷ്യനാണെന്ന് പി.ആർ.ഒ.  ആദ്യ കൂടിക്കാഴ്ച എനിക്ക് മോശം അനുഭവമാണ് തന്നത്. അഭിനയിക്കാൻ ചാൻസ് ചോദിച്ചു പോയതല്ല, അദ്ദേഹത്തിന്റെ ശ്രദ്ധ കിട്ടാനുമില്ല. പ്രശസ്തയല്ലെങ്കിലും ഞാൻ നടിയാണ്.

1982 നവംബർ 14
ഡാർലിംഗ് ഡാർലിംഗ്  ഡാർലിംഗ് സിനിമയിൽ നായികയായി അഭിനയിക്കാൻ വിളിച്ചു. അന്നത്തെ അനുഭവം മനസിൽ മായാതെയുണ്ട്. അത്തരമൊരു ആളിനൊപ്പം എങ്ങനെ അഭിനയിക്കാൻ കഴിയുമെന്ന് ആലോചിച്ചു . എന്നാൽ നായികയായി അഭിനയിക്കാൻ വിളിച്ചപ്പോൾ അത്ഭുതമാണ് തോന്നിയത്. ഡാർലിംഗ് ഡാർലിംഗിന്റെ കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു.അഭിനയം എന്റെ ജോലിയുമാണ്. അതിനാൽ അഭിനയിക്കാൻ തീരുമാനിച്ചു. എന്നാൽ ലൊക്കേഷനിൽ കണ്ടത് മറ്റൊരാളെയാണ്. ലാളിത്യം നിറഞ്ഞ പെരുമാറ്റം .ഇത്ര എളിമയോടെ സംസാരിക്കുന്ന ആളിനെ ജീവിതത്തിൽ മുൻപും പിൻപും കണ്ടില്ല. ചിരിതൂവി മാത്രമാണ് സംസാരം. ഈ മനുഷ്യനെയാണോ തെറ്റിദ്ധരിച്ചതെന്ന് തോന്നി. ഏറെ സന്തോഷത്തോടെയാണ് ഡാർലിംഗ് ഡാർലിംഗിൽ അഭിനയിച്ചത്. ചിത്രീകരണം കഴിഞ്ഞ് മടങ്ങാൻ നേരം ചോദിച്ചു, കടുത്ത ആരാധികയാണെന്ന് ഏറെ സന്തോഷത്തിൽ അറിയിച്ചപ്പോൾ സാർ, ഒരു താങ്ക്യു മാത്രം പറഞ്ഞു പോയി. അപ്പോൾ അതിന്റെ മറുപടി ഇങ്ങനെ:നീ, മുബെയിൽ നിന്ന് വരുന്ന പെണ്ണ്. സംസാരിക്കുന്നത് ഇംഗ്ളീഷ്. എനിക്ക് ഇംഗ്ളീഷ് അറിയില്ല. എന്റെ ഇംഗ്ളീഷ് വാക്കുകൾ ഉറപ്പായും തെറ്റും. എനിക്ക് ഇംഗ്ളീഷ് സംസാരിക്കാൻ അറിയില്ലെന്ന് തിരിച്ചറിയുകയും ചെയ്യും. അതിലും നല്ലത് അവിടെനിന്നു മാറുന്നതാണെന്നു തോന്നി. എന്റെ സിനിമകൾ ഇഷ്ടമാണെന്നും പറഞ്ഞു.മനസ് തുറന്നുള്ള സംസാരം. ആ പെരുമാറ്റവും ഇഷ്ടപ്പെട്ടു. ആരാധന ഇഷ്ടമായി വേഗം മാറി. 1982 നവംബർ 14ന് തിയേറ്ററിൽ എത്തിയ ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ് ചരിത്ര വിജയം നേടി. വെള്ളിത്തിരയിൽ ഞങ്ങൾ സൂപ്പർ നായകനും നായികയുമായി. ഭാഗ്യരാജ് എന്ന മനുഷ്യന്റെ വ്യക്തിത്വമാണ് ഇഷ്ടം. ഭർത്താവ്, അച്ഛൻ, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് തുടങ്ങി എല്ലാ നിലയിലും ഒരേപോലെ നിറഞ്ഞ നിൽക്കുന്ന ആൾ. എന്നാൽ കൂടുതൽ ഇഷ്ടം ഭാഗ്യരാജ് എന്ന ഭർത്താവിനെയാണ് . ആദ്യമായി കണ്ട അന്നുമുതൽ ഞാൻ വിളിക്കുന്നത് സാർ എന്നാണ്. ആ വിളി ഇതേവരെ മാറ്റിയില്ല.

1983 ജൂലായ് 22
നല്ല കാര്യം ചെയ്താൽ ആ നിമിഷം പ്രശംസിക്കുന്ന ആളാണ്. എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന പ്രകൃതമല്ലെങ്കിലും ആ മനസ് എനിക്ക് അറിയാം. ഒരു നോട്ടം കൊണ്ടു തിരിച്ചറിയാൻ കഴിയുന്നു. ചെറിയ പിണക്കം ഇടയ്ക്ക് ഉണ്ടാവാറുണ്ട്. ഇഷ്ടപ്പെടാത്ത കാര്യമാണെകിൽ മുഖത്തു നോക്കി പറയുന്നതാണ് അദ്ദേഹത്തിന്റെരീതി.പരസ്പരം തിരിച്ചറിയാൻ ഞങ്ങൾ രണ്ടുപേർക്കും കഴിയുന്നു. ശന്തനുവും ശരണ്യയും കുട്ടികളായ സമയത്ത് അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാൽ കിട്ടുന്ന സമയത്ത് വീട്ടിൽ തന്നെയുണ്ടാവും. സിനിമാ ജീവിതത്തിൽ നടൻ എന്നതിലുപരി സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിലാണ് അദ്ദേഹം ഏറെ തിളക്കം കാഴ്ചവച്ചത്. താരങ്ങൾക്ക് കഥ മനോഹരമായി പറഞ്ഞുകൊടുക്കാൻ അറിയാം. ഒരു പ്രാവശ്യം കേൾക്കുമ്പോൾ തന്നെ കഥാപാത്രത്തെപ്പറ്റി മനസിലാവും. സിനിമയുടെ തിരക്കഥ സുന്ദരമാക്കിയതുപോലെ ജീവിതത്തിന്റെ തിരക്കഥയും മികച്ചതാക്കി മാറ്റാൻ സാധിച്ചു. കുടുംബ ബന്ധങ്ങൾക്ക് മൂല്യം കല്പിക്കുന്നതാണ് അദ്ദേഹത്തിന്റെ സിനിമകൾ.

പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതമാണ് . അടുത്ത നിമിഷം ശാന്തനായി സ്നേഹത്തിൽ സംസാരിക്കും. ഡാർലിംഗ് ഡാർലിംഗ് സിനിമയുടെ ലൊക്കേഷനിൽ എന്നോട് ദേഷ്യപ്പെട്ടു. ഒരു സീനിൽ സീനിയർ താരം കാമറയുടെ മുൻപിൽ നിൽക്കുന്നതിൽ പാകപ്പിഴയുണ്ടെന്ന് കണ്ടതിന് എന്നോടാണ് ദേഷ്യപ്പെട്ടത്. ഞാൻ വല്ലാതെയായി.കുറെ നേരം കഴിഞ്ഞു എന്റെ അടുത്തുവന്നു കാര്യം അന്വേഷിച്ചു. എപ്പോൾ താൻ വഴക്കുപറഞ്ഞുവെന്ന് ചോദിച്ചു . എന്നെ വഴക്കു പറഞ്ഞതും അദ്ദേഹം മറന്നു. പുതിയ കാര്യങ്ങളാണ് സംസാരിക്കുന്നത്.'ഡാർലിംഗ് ഡാർലിംഗ്" കഴിഞ്ഞു അടുത്ത സിനിമയാണ് 'മുന്താണെ മുടിച്ചു". അതിൽ അതിഥി വേഷം ചെയ്യാമോയെന്ന് ചോദിച്ചു. ആ സിനിമയും സൂപ്പർഹിറ്റ്. ജീവിതത്തിൽ ഭാര്യയാകുന്നതിനു മുൻപ് സിനിമയിൽ ഭാര്യയായി അഭിനയിക്കാൻ കഴിഞ്ഞു. ആ കഥാപാത്രം അവതരിപ്പിക്കാൻ ഞാൻ വരുമോയെന്ന് ആശങ്കയുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുക എന്നത് വളരെ നല്ല അനുഭവമാണെന്ന് എനിക്ക് അറിയാം. 1983 ജൂലായ് 22ന് എത്തിയ മുന്താണെ മുടിച്ചു വലിയ വിജയം നേടി. പാട്ടുകളും സൂപ്പർ ഹിറ്റ്. പിറ്റേ വർഷം വിവാഹം.

2013 ആഗസ്റ്റ് 15
വിവാഹശേഷം 28 വർഷം സിനിമയിൽ അഭിനയിച്ചില്ല. വിവാഹ കഴിഞ്ഞ സമയത്ത് സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന് നല്ല തിരക്കാണ്.. അപ്പോൾ ഞാൻ കുടുംബത്തിനൊപ്പം വേണമെന്ന് തീരുമാനിച്ചു. വീണ്ടും സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ ഒപ്പം നിന്നു പ്രോത്സാഹിപ്പിച്ചു. എന്റെ ആഗ്രഹം മാത്രമല്ല, മനസും തിരിച്ചറിഞ്ഞു. എന്നും സാറിന്റെ ഭാര്യയായിരിക്കാനാണ് ആഗ്രഹം. അദ്ദേഹത്തിന് എന്റെ ഭർത്താവായിരിക്കാനും. സന്തോഷകരമായി ഈ ജീവിതം മുൻപോട്ട്. പരസ്പര ബഹുമാനമാണ് ഞങ്ങളുടെ സന്തോഷകരമായ കുടുംബ ജീവിതത്തിന്റെ ശക്തി. വിവാഹ ശേഷമാണ് ഞങ്ങൾ പ്രണയിച്ചത്. ഒപ്പം പ്രവർത്തിച്ചതിനാൽ രണ്ടുപേർക്കും പരസ്പരം അറിയാമായിരുന്നെങ്കിലും പ്രണയം തോന്നിയില്ല. വിവാഹത്തിനു മുൻപ് അദ്ദേഹം എന്റെ നല്ല സുഹൃത്തായിരുന്നു. നേരിട്ടു വന്നു വിവാഹാഭ്യർത്ഥന നടത്തിയ ആ നിമിഷം ഇപ്പോഴും മുന്നിലുണ്ട്. തമിഴിലും മലയാളത്തിലും തിരക്കേറിയ നായികയാണെന്ന് അറിയാം. താത്പര്യമുണ്ടെങ്കിൽ വിവാഹം കഴിക്കാം. വിവരം ഞാൻ വീട്ടിൽ അറിയിച്ചു. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി വിവാഹം.സിനിമയിൽനിന്നു കുറച്ചുനാൾ മാറിനില്ക്കണമെന്ന തീരുമാനം എന്റേതാണ്. എപ്പോൾ തിരിച്ചുവരുമെന്ന് തീരുമാനിക്കാതെയാണ് മാറിനിന്നത്. ആ സമയത്ത് ഞാൻ പ്രാധാന്യം കൊടുത്തത് കുടുംബത്തിനാണ്. കുട്ടികളുടെ വളർച്ച കണ്ടു. അവരോടൊപ്പം സമയം ചെലവഴിച്ചു. കുട്ടികൾ വളർന്നപ്പോൾ അവർ പറഞ്ഞു, അമ്മ അഭിനയത്തിലേക്ക് തിരിച്ചുപോവണം.വീണ്ടും വരാൻ കാരണം മക്കളാണ്. സിനിമാ ജീവിതത്തിൽ അഭിനയം വീണ്ടും വീണ്ടും തിരിച്ചുവരാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. 

ഇപ്പോൾ ആലോചിക്കുമ്പോൾ ഒരുപാട് വർഷം നഷ്ടപ്പെടുത്തിയല്ലോ എന്ന ചെറിയ സങ്കടമുണ്ട്. എന്നാൽ അന്ന് കുടുംബ കാര്യങ്ങൾ ഏറെ ശ്രദ്ധിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ഈ രണ്ടാം വരവ് ഏറെ ആസ്വദിക്കുന്നു. തമിഴിൽ അതലാൽ കാതൽ  സേവ്യർ എന്ന ചിത്രത്തിൽ അഭിനയിച്ചാണ് വരവ് . 2013 ആഗസ്റ്റ് 15ന് ചിത്രം തിയേറ്ററിലെത്തി. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അഭിനയിച്ചു മലയാളത്തിൽ തുടക്കം കുറിച്ചതുപോലെ രണ്ടാം വരവും അവിടെ നിന്ന് ആരംഭിക്കാൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. മോഹൻലാലിനൊപ്പം ജില്ലയിൽ അഭിനയിച്ചതും ഈ വരവിലാണ്. ശന്തനുവിനൊപ്പം രണ്ടു സിനിമയിൽ അഭിനയിച്ചു. കുടുംബജീവിതത്തിലെ തിരക്കിനിടയിലാണ് വീണ്ടും അഭിനയം മുന്നോട്ടു കൊണ്ടു പോവുന്നത്. ജീവിതം സന്തോഷകരമായി  പോവാൻ കാരണം എന്റെ സാറാണ്. ഇനിയും ഒരുപാട് വർഷങ്ങൾ ഇതേ പോലെ. അതു മാത്രമാണ് ഞങ്ങളുടെ ആഗ്രഹം.