
ന്യൂഡൽഹി : ഇന്ത്യ തങ്ങളെ ആക്രമിക്കുമോ എന്ന ഭയത്താലാണ് പാകിസ്ഥാൻ, ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ മോചിപ്പിച്ചതെന്ന് പാക് പ്രതിപക്ഷ നേതാവിന്റ വെളിപ്പെടുത്തലിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി ദേശിയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ.
പാക് പ്രതിപക്ഷ നേതാവിന്റെ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് നദ്ദ രാഹുലിനെ പരിഹസിച്ചത്. ' കോൺഗ്രസിന്റെ രാജകുമാരൻ ഇന്ത്യൻ ആയിട്ടുള്ള ഒന്നും വിശ്വസിക്കില്ല. അത് നമ്മുടെ സൈന്യമോ സർക്കാരോ പൗരൻമാരോ ആയാലും. അതിനാൽ രാഹുലിന്റെ ' ഏറ്റവും വിശ്വസ്ത രാഷ്‌ട്ര'മായ പാകിസ്ഥാനിൽ നിന്നും ഇതാ ചിലത്. ഇപ്പോഴെങ്കിലും അദ്ദേഹം കാര്യങ്ങൾ മനസിലാക്കുമെന്ന് പ്രതീക്ഷിക്കാം. ' നദ്ദ ട്വീറ്റ് ചെയ്തു.
Congress’ princeling does not believe anything Indian, be it our Army, our Government, our Citizens. So, here is something from his ‘Most Trusted Nation’, Pakistan. Hopefully now he sees some light... pic.twitter.com/shwdbkQWai— Jagat Prakash Nadda (@JPNadda) October 29, 2020
 
ഇന്ത്യ തങ്ങളുടെ രാജ്യത്തെ ആക്രമിക്കാൻ പോകുകയാണെന്ന് വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷി പാർലമെന്റ് നേതാക്കളുടെ യോഗത്തിൽ പറഞ്ഞിരുന്നുവെന്നും, അതിനാലാണ് തിരക്ക് പിടിച്ച് അഭിനന്ദനെ മോചിപ്പിച്ചതെന്നും പാകിസ്ഥാൻ മുസ്ലിം ലീഗ് എൻ (പി.എം.എൽ.എൻ) നേതാവ് അയാസ് സാദിഖ് ദേശീയ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് വെളിപ്പടുത്തിയത്.
അഭിനന്ദൻ പാകിസ്ഥാന്റെ പിടിയിലായതിന് പിന്നാലെ പാക് സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വയുടേയും, വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയുടേയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. അതിൽ താനും പങ്കെടുത്തിരുന്നുവെന്ന് അയാസ് പറയുന്നു.
'കോൺഫറൻസ് മുറിയിലേക്ക് കയറി വന്ന ബജ്‌വയുടെ മുട്ടിടിക്കുന്നുണ്ടായിരുന്നു. മെഹ്മൂദ് ഖുറേഷി വിയർക്കുന്നുണ്ടായിരുന്നു. അഭിനന്ദനെ എത്രയും വേഗം വിടണം. ഇല്ലെങ്കിൽ രാത്രി ഒൻപതിന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന് ഖമർ ജാവേദ് പറഞ്ഞു. ' എന്നാണ് അയാസ് സാദിഖിന്റെ വെളിപ്പെടുത്തൽ. ഇതിന്റെ വീഡിയോ അടക്കമാണ് നദ്ദ രാഹുലിനെതിരെ ട്വീറ്റ് ചെയ്തത്.