
 താരങ്ങളെപ്പോലെ ആരാധകരെ സ്വന്തമാക്കിയ നിർമ്മാതാവ്  കെ.ടി. കുഞ്ഞുമോൻ ബ്ളോക്ക് ബസ്റ്റർ ഹിറ്റായ  ജെന്റിൽമാന്റെ രണ്ടാം  ഭാഗവുമായി വീണ്ടും സജീവമാകാൻ ഒരുങ്ങുന്നു....ജെന്റിൽമാൻ... കെ.ടി. കുഞ്ഞുമോനെ ആദ്യമായി അങ്ങനെ വിശേഷിപ്പിച്ചത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി.എൻ. ശേഷനാണ്.കർക്കശക്കാരനായ, കാപട്യവും കളങ്കവുമില്ലാത്ത ഉദ്യോഗസ്ഥനായിരുന്ന ടി.എൻ. ശേഷനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു കെ.ടി. കുഞ്ഞുമോന്.ഡൽഹിയിലെ തമിഴ് അസോസിയേഷന് വേണ്ടി ജെന്റിൽമാന്റെ ഒരു പ്രത്യേക പ്രദർശനം സംഘടിപ്പിച്ചിരുന്നു.ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥരടക്കമുള്ള ഒരു വലിയ സദസിന് മുന്നിലായിരുന്നു പ്രദർശനം.മുഖ്യാതിഥിയായെത്തുന്നത് ടി.എൻ. ശേഷനാണെന്നറിഞ്ഞപ്പോൾ ആരും അതത്ര കാര്യമാക്കിയില്ല.അങ്ങനെയൊന്നും ടി.എൻ. ശേഷൻ ഒരു ചടങ്ങിനും വരില്ലെന്ന പക്ഷക്കാരായിരുന്നു ഭൂരിഭാഗവും.അദ്ദേഹം വരും." കെ.ടി. കുഞ്ഞുമോൻ ഉറപ്പിച്ച് പറഞ്ഞു.അഞ്ചുമണിക്കുള്ള പ്രോഗ്രാം തുടങ്ങാൻ പത്തുമിനിട്ടുള്ളപ്പോൾ ആഡിറ്റോറിയം പൊലീസ് വളഞ്ഞു. അധികം വൈകാതെ ടി.എൻ. ശേഷൻ വന്നു.ജെന്റിൽമാൻ മുമ്പേ കണ്ടിട്ടുള്ള അദ്ദേഹം 'ഒട്ടകത്തെ കെട്ടിക്കോ..." എന്ന പാട്ടും പാടിയാണ് വേദിയിലേക്ക് കയറിയത്.'ഞാനീ സിനിമ കണ്ടതാണ്. കെ.ടി. കുഞ്ഞുമോനെ എനിക്ക് നേരത്തെ അറിയാം. തമിഴ് സിനിമ മാത്രമല്ല ഇംഗ്ളീഷ് സിനിമയും അദ്ദേഹം ചെയ്യണം. എല്ലാവരും നിങ്ങളെ ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്നായിരിക്കും സംബോധന ചെയ്തത്. ഞാൻ പക്ഷേ ലേഡീസ് ആൻഡ് കെ.ടി. കുഞ്ഞുമോൻ എന്നേ സംബോധന ചെയ്യൂ."
കെ.ടി. കുഞ്ഞുമോൻ ഒരു ജെന്റിൽമാനാണെന്ന് പറയാതെ പറഞ്ഞ ടി.എൻ. ശേഷന്റെ വാക്കുകൾ നിറഞ്ഞ കൈയടികളോടെയാണ് സദസ് ഏറ്റുവാങ്ങിയത്.ജെന്റിൽമാൻ എന്ന വിശേഷണം കെ.ടി. കുഞ്ഞുമോന്റെ പേരിനൊപ്പം ചേർന്നത് അന്ന് മുതലാണ്.'ടി.എൻ. ശേഷൻ എന്റെ ഒരു സിനിമയിലഭിനയിക്കാമെന്ന് പറഞ്ഞതാണ്. പക്ഷേ പ്രസിഡന്റ്  തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന സമയമായതിനാൽ അത് സംഭവിച്ചില്ല." കെ.ടി. കുഞ്ഞുമോൻ ഓർത്തെടുത്തു.പന്തളത്തിനടുത്ത് തുമ്പമൺ ചെന്നീർക്കരയിലെ ഒരു കർഷക കുടുംബത്തിലാണ് കെ.ടി. കുഞ്ഞുമോന്റെ ജനനം.
തോമസിന്റെയും റാഹേലിന്റെയും മൂന്നാൺമക്കളിൽ ഏറ്റവും ഇളയയാൾ. 'ചേട്ടന്മാർ പാപ്പച്ചൻ എന്ന് വിളിക്കുന്ന തോമസ് വർഗീസും ജോൺസും നാട്ടിൽത്തന്നെയുണ്ട്." ചേട്ടൻ പട്ടാളത്തിലായിരുന്നു. പട്ടാളത്തിൽ ചേരാനായി എറണാകുളത്ത് വന്ന എനിക്ക് അതിന് സാധിച്ചില്ല. പെട്ടിക്കട നടത്തിയിരുന്ന വാസുപിള്ള ചേട്ടൻ വിളിച്ചാണ്  പോയത്. ചെറിയ ചെറിയ ജോലികൾ ചെയ്തു പിന്നീട് ബ്രിട്ടീഷ് എയർ വേയ്സിൽ ജോലി കിട്ടി. ശേഷം ജോലി രാജിവച്ച് സ്വന്തമായി ട്രാവൽ ഏജൻസി തുടങ്ങി. ചെറിയ ഒരു ലോഡ്ജും റെസ്റ്റോറന്റും തുടങ്ങി. കാശ് വന്നുതുടങ്ങിയപ്പോൾ സിനിമയ്ക്കും മറ്റും ഫൈനാൻസ് ചെയ്യാൻ തുടങ്ങി. സിനിമകളെടുക്കാൻ തുടങ്ങി.
'വലിയ ഒരു ആനമുട്ടയായിരുന്നു എന്റെ മൂലധനം."
ഇൻകം ടാക്സ് റെയ്ഡും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും കാരണം സിനിമയിൽനിന്ന് വിട്ടുനിന്ന കെ.ടി. കുഞ്ഞുമോൻ വലിയ ഒരു ഇടവേളയ്ക്ക് ശേഷം സിനിമാ നിർമ്മാണരംഗത്തേക്ക് മടങ്ങിവരികയാണ്.
ജെന്റിൽമാൻ - 2 വിലൂടെ തിരിച്ചുവരവിനൊരുങ്ങുന്ന കെ.ടി. കുഞ്ഞുമോൻ ഫ്ളാഷ് മൂവീസിന് അനുവദിച്ച അഭിമുഖത്തി ൽ നിന്ന്....

നിർമ്മാണ രംഗത്ത് നിന്ന് കുറച്ചുകാലം മാറിനില്ക്കാനുള്ള കാരണമെന്തായിരുന്നു?
ഇൻകംടാക്സ് റെയ്ഡ് ഉൾപ്പെടെയുള്ള ചില പ്രശ്നങ്ങൾ വന്നു. സിനിമകൾ ചെയ്യാതിരുന്നിട്ട് കുറച്ചുവർഷങ്ങളേയായുള്ളൂ. അവസാനം ചെയ്ത രണ്ട് തമിഴ് സിനിമകൾ റിലീസായില്ല. ഇനി ആ ചിത്രങ്ങളൊക്കെ വരും. മകൻ എബി കുഞ്ഞുമോൻ നായകനായ കോടീശ്വരനും അതിൽപ്പെടും.
മലയാള സിനിമകൾ വിതരണം ചെയ്തുകൊണ്ടായിരുന്നില്ലേ തുടക്കം?
അതെ.  ഞാൻ തമിഴിലെ എ.വി.എം, തേവർ ഫിലിംസ്, സത്യാമൂവീസ്, ശിവാജി പ്രൊഡക്ഷൻസ്, സുജാതാ സിനി ആർട്സ് തുടങ്ങിയ വലിയ ബാനറുകളുടെയും രജനീകാന്ത്, കമൽഹാസൻ, എം.ജി.ആർ. തുടങ്ങിയ വലിയ താരങ്ങളുടെയും നൂറുകണക്കിന് തമിഴ് സിനിമകൾ കേരളത്തിൽ വിതരണം ചെയ്തിട്ടുണ്ട്. മെഗാസ്റ്റാറുകളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സിനിമകൾ പത്തുമുപ്പത് വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെയ്തിട്ടുണ്ട്. ഇൗ തണലിൽ ഇത്തിരിനേരം, ഇവിടെ എല്ലാവർക്കും സുഖം അങ്ങനെ കുറേ സിനിമകൾ. അഥർവ്വം, ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്മസ്, മിസ്റ്റർ ആൻഡ് മിസസ്, അങ്ങനെ കുറേ സിനിമകൾക്ക് ഫൈനാൻസ് ചെയ്തിട്ടുമുണ്ട്. ആകാശക്കോട്ടയിലെ സുൽത്താൻ എന്ന എന്റെ സിനിമയ്ക്കാണ് തിരക്കഥാകൃത്തായി രൺജി പണിക്കർ ആദ്യം അഡ്വാൻസ് വാങ്ങുന്നത്. ജയരാജാണ് സം വിധായകൻ.
ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ബ്രഹ്മാണ്ഡം എന്ന പദം പരിചയപ്പെടുത്തിയ നിർമ്മാതാവാണ് താങ്കൾ?
ഞാൻ ഒരുപാട് സിനിമകൾ കാണുന്നയാളാണ്. വിദേശ സിനിമകൾ ഒരുപാട് കണ്ടിട്ടുണ്ട്. എം.ജി.ആറിന്റെയും രജനികാന്തിന്റെയും കമൽഹാസന്റെയും അമിതാഭ്ബച്ചന്റെയും കന്നഡ, തെലുങ്ക് സിനിമകളും കണ്ടിട്ടുണ്ട്. പുതുമ വേണമെന്ന മോഹവും വാശിയുമാണ് ബ്രഹ്മാണ്ഡ സിനിമകളൊരുക്കാനുള്ള പ്രചോദനം. കണ്ട സിനിമകളേക്കാൾ വലിയ സിനിമകൾ ചെയ്യണമെന്ന ആഗ്രഹമാണ് കൂടുതൽ മുതൽമുടക്കുള്ള സിനിമകൾ ചെയ്യാനുള്ള കാരണം. ജെന്റിൽമാൻ ചെയ്യുമ്പോൾ അന്നത്തെ കാലത്ത് നാലഞ്ച് സിനിമകൾ ചെയ്യാനുള്ള ബഡ്ജറ്റിലാണ് ചെയ്തത്.

ജെന്റിൽമാനിലൂടെ ഷങ്കറിനെ സംവിധായകനാക്കിയത് താങ്കളാണ്. പക്ഷേ ജെന്റിൽമാൻ 2 ൽ ഷങ്കർ ഇല്ലല്ലോ?
എനിക്കാരോടും ഒരു ശത്രുതയുമില്ല. ജെന്റിൽമാൻ കഴിഞ്ഞ് ഷങ്കർ എനിക്ക് വേണ്ടി കാതലൻ ചെയ്തു. അഞ്ച് സിനിമകൾ ചെയ്യണമെന്നതായിരുന്നു ഞങ്ങൾ തമ്മിൽ വാക്കാലുള്ള കരാർ. പക്ഷേ രണ്ട് സിനിമ കഴിഞ്ഞ് ഷങ്കർ എനിക്കുവേണ്ടി സിനിമ ചെയ്തില്ല. ഷങ്കർ ഷങ്കറിന്റെ വഴിക്ക് പോയി. ദൈവാനുഗ്രഹം കൊണ്ട് വലിയ നിലയിലെത്തി. ഞാൻ പിന്നെ കാതൽദേശം ചെയ്തു. ഷങ്കറിനെ ഞാൻ പിന്നെ ശല്യപ്പെടുത്തിയില്ല. എന്റെ സിനിമ ചെയ്യുമ്പോൾ ഞാൻ പറയുന്നതെല്ലാം കേൾക്കണം. ഞാനൊരു നിർമ്മാതാവാണ്. പണം മുടക്കുന്നയാളിനെ ബഹുമാനിക്കുന്നവരോടൊപ്പം സിനിമ ചെയ്യാനാണ് എനിക്കിഷ്ടം.
നിർമ്മാതാവിന് നട്ടെല്ല് വേണം എനിക്ക് നട്ടെല്ലുണ്ട്. ഞാൻ അങ്ങനെ ചെയ്യണമെന്ന് പറഞ്ഞാൽ അങ്ങനെ ചെയ്യുന്നയാൾക്കാരെ വച്ചേ ഞാൻ സിനിമ ചെയ്യൂ. പണ്ടൊക്കെ പണം മുടക്കുന്നയാൾക്കാരെ മുതലാളിയെന്നാണ് വിളിച്ചിരുന്നത്. ഇന്ന് മാറിനിന്നിട്ട് തെറി വിളിക്കും.
താങ്കൾ നിർമ്മിച്ച വസന്തകാല പറവൈയിലും സൂര്യനിലും സഹസംവിധായകനായിരുന്നു ഷങ്കർ?
അതെ. പക്ഷേ അന്നൊന്നും ഞാൻ അയാളെ നേരിൽ കണ്ടില്ല. പൂജയ്ക്കും ആഡിയോ റിലീസ് ഫംഗ്ഷനുമല്ലാതെ നിർമ്മിക്കുന്ന സിനിമകളുടെ ലൊക്കേഷനുകളിൽ ഞാൻ പോകാറില്ല.എന്റെ സിനിമകളിൽ വർക്ക് ചെയ്ത സ്റ്റിൽ രവിയും എഡിറ്റർ വിജയനുമാണ് ഷങ്കറിന്റെ പേര് എന്നോട് ശുപാർശ ചെയ്തത്. കമൽ ഹാസനോടും നിർമ്മാതാവ് ആർ.ബി. ചൗധരിയോടുമൊക്കെ ഷങ്കർ ജെന്റിൽമാന്റെ കഥ പറഞ്ഞിട്ടുണ്ട്. പക്ഷേ അവർക്കൊന്നും ഇഷ്ടപ്പെട്ടില്ല. ബ്രാഹ്മണകഥയാണ് ഓടില്ല എന്നായിരുന്നു അവരൊക്കെ പറഞ്ഞിരുന്നത്.ഷങ്കർ എന്നോട് കഥ പറഞ്ഞു. കഥയുടെ ത്രെഡ് എടുക്കാം പക്ഷേ എന്റെ കോൺട്രിബ്യൂഷനുണ്ടെങ്കിലേ ഞാൻ സിനിമ ചെയ്യൂവെന്ന്  പറഞ്ഞപ്പോൾ ഷങ്കർ സമ്മതിച്ചു. അങ്ങനെ ഞങ്ങളെല്ലാവരും കൂടിയിരുന്ന് ഡെവലപ് ചെയ്തെടുത്തതാണ് ജെന്റിൽമാൻ. ആ സിനിമയിൽ തെണ്ണൂറ് ശതമാനവും എന്റെ കോൺട്രിബ്യൂഷനുണ്ട്.ജെന്റിൽമാൻ - 2 ന്റെ തിരക്കഥ ഏതാണ് പൂർത്തിയായിക്കഴിഞ്ഞു. ഞാൻ പറയുന്നതുപോലെ ചെയ്യുന്ന സംവിധായകനെക്കൊണ്ടേ ചെയ്യിക്കൂ. പഴയവർ തയ്യാറായില്ലെങ്കിൽ പുതിയ ആൾക്കാരെ കൊണ്ടുവരും. ഷങ്കറൊക്കെ തിരക്കായിരിക്കും. വിളിച്ചാലും ഫോണിൽ കിട്ടില്ല. അതുകൊണ്ട് ഞാൻ ശല്യപ്പെടുത്താറില്ല.
 ഇപ്പോഴുമുള്ള ഇൗ എനർജിയുടെ രഹസ്യമെന്താണ്?
ഞാനിപ്പോഴും ചെറുപ്പമാണല്ലോ. അതുതന്നെയാണ് ആരോഗ്യത്തിന്റെ രഹസ്യം. ഇപ്പോഴും ഇരുപത് ഇരുപത്തിയഞ്ച് വയസേയായിട്ടുള്ളൂവെന്ന മട്ടിലാണ് ഞാൻ ജീവിക്കുന്നത്. ഒരുദിവസം ഇരുപത്തിനാല് മണിക്കൂറുണ്ടെങ്കിൽ ഇരുപത്തിയെട്ട് മണിക്കൂർ ജോലി ചെയ്യുന്നയാളാണ് ഞാൻ. പലരും മമ്മൂട്ടിയെപ്പോലെ എനിക്കും ഒരു മാറ്റവുമില്ലെന്ന് പറയാറുണ്ട്. മമ്മൂട്ടിയും ഞാനും അടുത്തടുത്ത പ്രായക്കാരാണ്.

കുടുംബം?
ഭാര്യ ഐറിൻ. മകൻ എബി, മകൾ ബിബി. മകൻ എബിയുടെ മകന് പതിനൊന്ന് വയസായി.മകൾക്ക് രണ്ട് പെൺമക്കൾ. ഒരാൾക്ക് എട്ട് വയസും ഒരാൾക്ക് അഞ്ച് വയസും.
ദൈവ വിശ്വാസിയാണോ?
എനിക്ക് സമയത്തിലും ജ്യോതിഷത്തിലും വിശ്വാസമില്ല. അന്ധവിശ്വാസങ്ങളുമില്ല.ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു. പന്തളത്ത് അയ്യപ്പന്റെ നാട്ടിൽ ജനിച്ചയാളല്ലേ ഞാൻ. ജറുസലേമിൽ പോയിട്ടുണ്ട്. വേളാങ്കണ്ണിയിൽ പതിവായി പോകാറുണ്ട്. തിരുപ്പതിയിൽ പോയിട്ടുണ്ട്. ശബരിമലയിൽ പോകണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഇതുവരെ സാധിച്ചില്ല.വന്ന വഴി മറക്കാത്ത ആൾ. 
ഒരുപാട് പേരെ സഹായിക്കുകയും സിനിമയിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്തല്ലേ?
നൂറുരൂപ മുടക്കിയാൽ ആയിരം രൂപ തിരിച്ച് കിട്ടണമെന്ന് നിർബന്ധമുള്ളയാളാണ് ഞാൻ. നിർമ്മിച്ച മിക്ക സിനിമകളിലും വലിയ ലാഭം കിട്ടി. കണക്കുപറഞ്ഞാൽ ഇൽകം ടാക്സുകാര് ഇനിയും എന്നെ വന്ന് റെയ്ഡ് ചെയ്യും. പത്തുമുപ്പത്തിയഞ്ച് വാഹനങ്ങൾ, ഡ്രൈവർമാർ, പലയിടത്തും വീടുകൾ, ഓഫീസ്. പലർക്കും വീട് വച്ചുകൊടുക്കുന്നു, ഷങ്കറിന് വീട് വച്ച് കൊടുക്കുന്നു, കാർ വാങ്ങി കൊടുക്കുന്നു.... അതെല്ലാം കണ്ട് കുശുമ്പ് കാരണമായിരിക്കാം ഒരു റെയ്ഡിലേക്ക് അന്ന് വഴിയൊരുക്കിയത്.അന്ന് എന്നെ റെയ്ഡ് ചെയ്ത ഇൻകംടാക്സ് ഓഫീസർമാർ ഇന്ന് എന്റെ സുഹൃത്തുക്കളാണ്. ചിലരൊക്കെ  വിരമിച്ചു.  അന്ന് അവർ അവരുടെ  ജോലി ചെയ്തു.ജീവിതത്തിൽ എനിക്ക് ആരോടും ദേഷ്യവും പരിഭവവും പരാതിയുമില്ല. കാരണം ഞാൻ ആനമുട്ടയിൽനിന്ന് വന്നയാളാണ്. എന്റെ ജീവിതത്തെ അടിസ്ഥാനമാക്കി എന്നെ വിലയിരുത്തരുത്. ഞാൻ എത്ര തവണ വീണു, എഴുന്നേറ്റുവെന്നതിനെ അടിസ്ഥാനമാക്കി എന്നെ വിലയിരുത്തൂ.
ജെന്റിൽമാന് ഷങ്കറിന്റെ പ്രതിഫലംഅമ്പതിനായിരം രൂപ
സംവിധായകൻ ഷങ്കർ തന്റെയടുത്തേക്ക് വരുമ്പോൾകടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് കെ.ടി. കുഞ്ഞുമോൻ പറയുന്നു. ''ഷങ്കറിന്റെ അച്ഛൻ കാർ ബ്രോക്കറോ മറ്റോ ആയിരുന്നു.ബിസിനസ് പൊളിഞ്ഞ്സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന  സമയം. അമ്പതിനായിരം രൂപയാണ് ഷങ്കറിന് ജെന്റിൽമാനിൽ പറഞ്ഞുറപ്പിച്ച പ്രതി ഫലം. അയ്യായിരം രൂപ അഡ്വാൻസ് കൊടുത്തിട്ട് ഞാൻ പറഞ്ഞു ഇത് അഞ്ച് കോടിയായി കരുതിക്കോളാൻ. സിനിമ വലിയ ഹിറ്റായപ്പോൾ ചെറിയൊരു വീട്ടിൽ താമസിച്ചിരുന്ന ഷങ്കറിന് ഒരു ഫ്ളാറ്റും അന്നത്തെ വലിയ കാറായ മാരുതി 800 ഉം വാങ്ങി നൽകി. പിന്നെ കുറച്ച് കാശും കൊടുത്തു. ഷങ്കറിന്റെ അസിസ്റ്റന്റ്സിനെല്ലാം ഓരോ കൈനെറ്റിക് ഹോണ്ട സ്കൂട്ടറും സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ഓരോ കുതിരപ്പവനും നൽകി. എല്ലാവരുടെയും പ്രയത്നഫലമായാണ് ആ സിനിമ ഹിറ്റായതും എനിക്ക് ലാഭം കിട്ടിയതും. നായകനും സംവിധായകനും മുതൽ സെറ്റിലെല്ലാവർക്കും ഒരേ ഭക്ഷണം നൽകണമെന്നതും എനിക്ക് നിർബന്ധമാണ്."
എന്നാൽപ്പിന്നെരണ്ടേമുക്കാൽ മണിക്കൂർ
''ഞാൻ നിർമ്മിച്ച വസന്തകാല പറവൈയിൽ ഡാൻസ് ചെയ്യാൻ വന്നയാളാണ് പ്രഭുദേവ. സൂര്യനിലും ജെന്റിൽമാനിലുമൊക്കെ പ്രഭുദേവ നൃത്തം ചെയ്തിട്ടുണ്ട്. ജെന്റിൽമാനിലെ ചിക്കുബുക്ക് റെയിലേ എന്ന ഡാൻസ് നമ്പർ വലിയ ഹിറ്റായപ്പോഴാണ് പ്രഭുദേവയെ നായകനാക്കി ഒരു സിനിമ ചെയ്താലോയെന്ന് ആഗ്രഹം തോന്നിയത്. ഡിസ്ട്രിബ്യൂട്ടർമാരുൾപ്പെടെ പലരും എന്നോട് പറഞ്ഞു പ്രഭുദേവ അഞ്ച് മിനുട്ടുള്ള ഒരു പാട്ടിൽ വന്നാൽ ഓ.കെ. രണ്ടര മണിക്കൂറുള്ള ഒരു സിനിമയിൽ നായകനായി വന്നാൽ ആര് കാണാനാ"യെന്ന്! സംവിധായകനും അതേ അഭിപ്രായമായിരുന്നു. നല്ല കഥയും അവതരണവുമാണെങ്കിൽ സിനിമ ഹിറ്റാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. 'രണ്ടര മണിക്കൂറല്ല സിനിമ. രണ്ടേമുക്കാൽ മണിക്കൂറാക്കാ"മെന്ന് ഞാനവരോട് പറഞ്ഞു. രണ്ടേമുക്കാൽ മണിക്കൂറുള്ള 'കാതലൻ" സൂപ്പർ ഡ്യൂപ്പർഹിറ്റായി."" ആയിക്കോട്ടെ!